അബുദാബി: ഏറെ ആശങ്കകൾക്ക് നടുവിലാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്നത്. ലോകത്താകമാനം പടർന്ന് പിടിച്ച് കോവിഡ് 19 കായിക ലോകത്തിനും വെല്ലുവിളിയായതോടെ മാർച്ചിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് നീണ്ടുപോവുകയും ഇന്ത്യയിൽ രോഗവ്യാപനം വർധിക്കുകയും ചെയ്തതോടെ മറ്റ് വേദികൾ തിരയുകയുമായിരുന്നു. യുഎഇയാണ് ഇത്തവണ കുട്ടിക്രിക്കറ്റ് പൂരത്തിന് വേദിയാകുന്നത്. ഇതിനോടകം വിവിധ ടീമുകളിലെ ഭൂരിപക്ഷം താരങ്ങളും യുഎഇയിൽ എത്തിക്കഴിഞ്ഞു.
കർശനമായ നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്. യുഎഇയിലെത്തിയ താരങ്ങൾ ക്വാറന്റൈൻ പൂർത്തിയാക്കുകയും രണ്ട് തവണ വീതം കോവിഡ് പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് ഇപ്പോൾ പരിശീലനത്തിനിരങ്ങിയിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആശങ്കകൾ ഇനിയും ബാക്കിയാണ്. അതിൽ പ്രധാനം താരങ്ങൾക്ക് എത്രത്തോളം സാമൂഹിക അകലം പാലിക്കമെന്നതാണ്. എന്നാൽ അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അധികൃതർ. ടൂർണമെന്റിന്റെ ഭാഗമാകുന്ന താരങ്ങളെല്ലാം ബ്ലൂടൂത്ത് ബാൻഡ് ധരിക്കണം.
താരങ്ങൾക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കും ബാൻഡ് നിർബന്ധമാണ്. പ്രത്യേക ബ്ലൂടൂത്ത് ബാൻഡ് കയ്യിൽ ധരിക്കുന്നതിലൂടെ സാമൂഹിക അകലം ഉറപ്പാക്കാൻ സാധിക്കും. രണ്ട് മീറ്റർ അകലം പാലിക്കാതെ വരുന്ന സാഹചര്യത്തിൽ ബാൻഡിലെ അലറാം ശബ്ദം പുറപ്പെടുവിക്കും. ദിവസത്തിന്റെ മുഴുവൻ സമയവും ധരിക്കേണ്ട ബാൻഡുകൾ കിടക്കുന്നതിന് മുമ്പ് മാത്രമേ അഴിക്കാൻ പാടുള്ളു.
അവിടെയും തീരുന്നില്ല. മത്സരങ്ങൾക്കായി വേദികളിലേക്ക് പോകുമ്പോൾ ബസിലും സാമൂഹിക അകലം ഉറപ്പാക്കണം. ഇതിനായ താരങ്ങളുടെ സീറ്റിങ്ങിനും പ്രത്യേക ശൈലിയുണ്ട്. സിഗ്സാഗ് ഫാഷനിൽ വേണം ഇരിക്കൻ. വിജയം ആഘോഷിക്കാനോ ഒന്നും ബാൽക്കണികളിൽ ഒത്തുചേരുന്നതിനും താരങ്ങളെ വിലക്കിയിട്ടുണ്ട്.
അതേസമയം ഐപിഎല്ലിന്റെ മത്സരക്രമം മാത്രം ഇതുവരെ റിലീസ് ചെയ്തട്ടില്ല. ഇതിന് കാരണമായി പറയുന്നത് യുഎഇയിലെ കാലാവസ്ഥയും ഉയരുന്ന കോവിഡ് നിരക്കുമാണെന്നാണ്. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ. 53 ദിവസമാണ് ടൂർണമെന്റ് നടക്കുന്നത്. ഉച്ചയ്ക്കുശേഷം 10 മത്സരങ്ങള്‍ നടക്കും. അവ 3.30-ന് ആരംഭിക്കും. വൈകുന്നേരമുള്ള മത്സരങ്ങള്‍ 7.30-നും ആരംഭിക്കും.