IPL 2020: ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) യുഎഇയില്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്മാന് ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ വച്ച് ഈ വര്‍ഷത്തെ ഐപിഎല്‍ നടക്കുമെന്ന് ഉറപ്പായി.
ഇപ്പോള്‍ ബിസിസിഐ മുന്‍തൂക്കം നല്‍കുന്നത് ഐപിഎല്ലിന് ഒരു ടൈറ്റില്‍ സ്പോണ്‍സറെ കണ്ടെത്തുന്നതിന് ആണ്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പിന്മാറിയതിനെ തുടര്‍ന്നാണ് ബിസിസിഐയ്ക്ക് പുതിയ സ്പോണ്‍സറെ തേടേണ്ടി വന്നത്.
Read Also: IPL 2020: ഐപിഎല്‍ ടൈറ്റില്‍ സ്പോണ്സര്ഷിപ്പില് കണ്ണും നട്ട് പതഞ്ജലി
2018-ലാണ് ബിസിസിഐയുമായി വിവോ അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചത്. 2,199 കോടി രൂപയുടെ കരാറായിരുന്നു. ഉഭയ കക്ഷി സമ്മത പ്രകാരമാണ് കരാറില്‍ നിന്നും ഇരുവരും പിന്മാറിയത്.
ഇന്നോ നാളെയോ താല്പര്യ പത്രം ക്ഷണിക്കുമെന്ന് ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്നത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്കെതിരെ രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് വിവോയുടെ പിന്മാറ്റം.
കോവിഡില്‍ നിന്നും താരങ്ങള്‍ക്കുള്ള സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പട്ടേല്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
Read in English: IPL 2020: BCCI gets government nod to hold tournament in UAE