IPL 2020 Auction: കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്രെ മറ്റൊരു പതിപ്പിന് ഒരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്ലിന്റെ താരലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ ലേലപട്ടികയിൽ നിരവധി പ്രമുഖ താരങ്ങളാണുള്ളത്. ഡിസംബർ 19ന് കൊൽക്കത്തയിൽ താരലേലം ആരംഭിക്കുമ്പോൾ കോടികളെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കാൻ ടീമുകൾ മത്സരിക്കും. മുതിർന്ന താരം റോബിൻ ഉത്തപ്പ മുതൽ അണ്ടർ 19 താരം യശസ്വി ജയ്സ്വാൾ വരെ നിരവധി പ്രമുഖ ഇന്ത്യക്കാരാണ് ലേലപട്ടികയിലുള്ളത്. അത്തരത്തിൽ മുൻപന്തിയിലുള്ള താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
റോബിൻ ഉത്തപ്പ
മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയെ കൊൽക്കത്ത റിലീസ് ചെയ്തതോടെയാണ് താരം പട്ടികയിലെത്തുന്നത്. ഇതിനോടകം 177 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 4400ൽ അധികം റൺസ് നേടിയ ഉത്തപ്പയുടെ ബാറ്റിങ് പ്രഹരശേഷി 130ന് മുകളിലാണ്. തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ഉത്തപ്പ പിന്നീട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടിയും പൂനെ വാരിയേഴ്സ് ഇന്ത്യയ്ക്കുവേണ്ടിയും കളിച്ചു. 2014ലാണ് താരം കൊൽക്കത്തയിലെത്തുന്നത്. ഈ കാലഘട്ടത്തിൽ ടീമിന്റെ നായകനായും ഉത്തപ്പയെ കണ്ടു. ആക്രമണ ബാറ്റിങ്ങിൽ വിശ്വസ്തനായ ഉത്തപ്പയെ ലക്ഷ്യമിട്ട് ഇത്തവണ നിരവധി ടീമുകൾ രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, 1.5 കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന മൂല്യം.
ALERT: VIVO IPL 2020 Player Auction list announced. 332 players set to go under the hammer!
Let the number crunching begin #IPLAuction
Click here for all the details https://t.co/6Io8pOlZo1 pic.twitter.com/WhVOmJnGHg
— IndianPremierLeague (@IPL) December 13, 2019
ജയദേവ് ഉനദ്ഘട്ട്
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് ജയദേവ് ഉനദ്ഘട്ട്. 2018 സീസണിൽ 11.5 കോടി രൂപ മുടക്കിയാണ് താരത്തെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസിണിൽ ജയദേവിനെ റിലീസ് ചെയ്ത രാജസ്ഥാൻ ലേലത്തിൽ 8.4 കോടി മുടക്കി വീണ്ടും ടീമിലെത്തിച്ചു. എന്നാൽ രണ്ടു സീസണിലും ടീമിനുവേണ്ടി കാര്യമായൊന്നും ചെയ്യാൻ താരത്തിനായില്ല. എന്നാൽ സെയ്ദ് മുഷ്തഖ് അലി ട്രോഫിയിലെയും രഞ്ജി ട്രോഫിയിലെയും മിന്നും പ്രകടനം വീണ്ടും താരത്തിന്റെ മൂല്യം ഉയർത്തുമെന്നാണ് കരുതുന്നത്. ഒരു കോടി രൂപയാണ് ജയദേവിന്റെ അടിസ്ഥാന വില.
പിയൂഷ് ചൗള
ഇത്തവണ കൊൽക്കത്ത റിലീസ് ചെയ്ത മറ്റൊരു പ്രധാന താരമാണ് പിയൂഷ് ചൗള. ഇന്ത്യൻ പ്രീമിയർ ലീഗിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള പിയൂഷ് ചൗള സ്‌പിൻ ഡിപാർട്മെന്റിൽ വിശ്വസ്തനാണ്. നിർണായക ഘട്ടങ്ങളിൽ വേണ്ടി വന്നാൽ ബാറ്റിങ്ങിലും താരം തിളങ്ങുമെന്ന് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. 2014ൽ കൊൽക്കത്തയ്ക്ക് കിരീടം നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് പിയൂഷ് ചൗള. അതുകൊണ്ട് തന്നെ മികച്ച സ്‌പിന്നർമാരെ തേടുന്ന ക്ലബ്ബുകളുടെ മുൻഗണന പട്ടികയിൽ പിയൂഷ് ചൗള ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഒരു കോടി രൂപയാണ് താരത്തിന്റെയും അടിസ്ഥാന വില.
Also Read: കോഹ്‌ലിക്കും രോഹിത്തിനും വെല്ലുവിളിയായി കരീബിയൻ താരം; ‘പ്രതീക്ഷ’യില്‍ ഷായ് ഹോപ്
മോഹിത് ശർമ
കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ മാത്രമേ ചെന്നൈയ്ക്കുവേണ്ടി കളിക്കാൻ സാധിച്ചുള്ളൂവെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗ് വേദിയിൽ തന്റെ കഴിവ് നേരത്തെ തെളിയിച്ച താരമാണ് മോഹിത് ശർമ. 85 മത്സരങ്ങളിൽ നിന്ന് 91 വിക്കറ്റ് നേട്ടം ഇതിന് അടിവരയിടുന്നു. പേസ് ഓപ്ഷനിൽ ശ്രദ്ധിക്കുന്ന ഒന്നിലധികം ടീമുകൾ ഇപ്പോൾ തന്നെ മോഹിത്തിനായി രംഗത്തുണ്ടെന്നാണ് വിവരം. 50 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.
യശസ്വി ജയ്‌സ്വാൾ
ഐപിഎൽ 2020ന്റെ താരലേലത്തിലേക്ക് എത്തുമ്പോൾ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ വലിയ പ്രതീക്ഷയുള്ള താരമാണ് യശസ്വി ജയ്‌സ്വാൾ. 17കാരനായ ജയ്സ്വാൾ രാജ്യാന്തര വേദികളിൽ ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ച താരമാണ്. വിജയ് ഹസാരെ ട്രോഫിയിൽ നേടിയ ഇരട്ട സെഞ്ചുറിയോടെ താരലേലം അടുക്കുമ്പോൾ ഒരിക്കൽ കൂടി യശ്വസി ജയ്സ്വാൾ ചർച്ചകളിൽ നിറയുന്നു. ആറു മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറി ഉൾപ്പടെ 564 റൺസാണ് താരം അടിച്ചെടുത്തത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരവും ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയാണ്.