IPL 2020 Auction: കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിച്ചുകൊണ്ടുള്ള താരലേലം കൊൽക്കത്തയിൽ നടക്കുമ്പോൾ ആകെ 332 താരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 186 ഇന്ത്യൻ താരങ്ങളും 143 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് താരങ്ങളും ഉൾപ്പെടുന്നു. ഈ 332 താരങ്ങൾക്കു വേണ്ടിയാണ് എട്ട് ടീമുകൾ ലേലത്തിൽ പങ്കെടുക്കുന്നത്.
പുതിയ സീസണിനായി പ്രാഥമിഖ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തിരുന്നത് 997 താരങ്ങളാണ്. ഇതിൽ നിന്നും ടീമുകൾ നൽകിയ ചുരുക്കപട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 332 താരങ്ങളാണ് ഐപിഎൽ താരലേലത്തിന് എത്തുന്നത്.
രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലായാണ് ഈ 332 താരങ്ങളെ തിരിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്തിനുവേണ്ടി രാജ്യാന്തര മത്സരങ്ങൾ കളിച്ച താരങ്ങളും അല്ലാത്തവരും. ഇതിൽ തന്നെ വ്യത്യസ്ത അടിസ്ഥാന വിലകൾ ഉള്ളവരുമാണ്.
രാജ്യാന്തര മത്സരങ്ങൾ കളിച്ച താരങ്ങളെ അടിസ്ഥാന വില അടിസ്ഥാനപ്പെടുത്തി വീണ്ടും അഞ്ചു തട്ടിലാക്കിയിരിക്കുന്നു. രണ്ടു കോടി രൂപയാണ് രാജ്യാന്തര മത്സരങ്ങൾ കളിച്ച താരങ്ങളുടെ ഏറ്റവും ഉയർന്ന അടിസ്ഥാന വില, ഏറ്റവും കുറവ് 50 ലക്ഷം രൂപയും. രണ്ടു കോടി രൂപ അടിസ്ഥാന വിലയിൽ ഏഴ് താരങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്, ഇവരെല്ലാം വിദേശ താരങ്ങളാണ്.
1. ക്രിസ് ലിൻ (ബാറ്റ്സ്മാൻ – ഓസ്ട്രേലിയ)
2. എയ്ഞ്ചലോ മാത്യൂസ് (ഓൾറൗണ്ടർ – ശ്രീലങ്ക)
3. ഗ്ലെൻ മാക്സ്‌വെൽ (ഓൾറൗണ്ടർ – ഓസ്ട്രേലിയ)
4. പാറ്റ് കമ്മിൻസ് (ബോളർ – ഓസ്ട്രേലിയ)
5. ജോഷ് ഹെയ്സൽവുഡ് (ബോളർ – ഓസ്ട്രേലിയ)
6. മിച്ചൽ മാർഷ് (ഓള്‍റൗണ്ടർ – ഓസ്ട്രേലിയ)
7. ഡെയ്ൽ സ്റ്റെയ്ൻ (ബോളർ – ദക്ഷിണാഫ്രിക്ക)
ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ഉൾപ്പടെ ആകെ പത്തു താരങ്ങൾ 1.5 കോടി രൂപ അടിസ്ഥാന വിലയിൽ ലേലത്തിനെത്തുന്നു. ഉത്തപ്പ മാത്രമാണ് ഏക ഇന്ത്യൻ താരം. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 20 വിദേശ താരങ്ങളും മൂന്ന് ഇന്ത്യൻ താരങ്ങളുമുണ്ട്. 75 ലക്ഷം രൂപ അടിസ്ഥാന വിലയിൽ 16ഉം 50 ലക്ഷം രൂപ അടിസ്ഥാന വിലയിൽ 69 താരങ്ങളും ലേലത്തിനെത്തും.
രാജ്യാന്തര മത്സരങ്ങൾ കളിക്കാത്ത ഏഴ് താരങ്ങൾ 40 ലക്ഷം രൂപ അടിസ്ഥാന വിലയിൽ ലേലത്തിനെത്തുന്നുണ്ട്. ഇതിനു പുറമെ 30 ലക്ഷം രൂപ അടിസ്ഥാന വിലയിൽ എട്ട് താരങ്ങളും. 20 ലക്ഷം രൂപ അടിസ്ഥാന വിലയിൽ 183 താരങ്ങളാണുള്ളത്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, സ്കോട്‌ലൻഡ്, യുഎസ് എന്നീ പത്തു വിദേശ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ലേലത്തനുണ്ട്.