ഇന്ത്യൻ പ്രീമിയർ ലീഗെന്ന കുട്ടി ക്രിക്കറ്റ് പൂരത്തിന് നാളെ തുടക്കമാകും. 200 ലധികം താരങ്ങളാണ് എട്ട് ടീമുകളിലായി ഐപിഎല്ലിന്റെ ഭാഗമാകുന്നത്. മൂന്ന് തവണ വീതം കിരീടമുയർത്തിയ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസുമുൾപ്പടെ കന്നി കിരീടം ലക്ഷ്യമിടുന്ന മൂന്ന് ടീമുകൾ കൂടിയുണ്ട് ഇത്തവണത്തെ ഐപിഎൽ പോരാട്ടത്തിന്.

ഒന്നിനൊന്ന് മികച്ച ടീമുകളാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ പ്രത്യേകത. ആ ടീമുകളെ നയിക്കുന്നതും കഴിവ് തെളിയിച്ച ഒരു പിടി താരങ്ങളും. ഐസിസിയുടെ മൂന്ന് പ്രധാനപ്പെട്ട കിരീടങ്ങളും ഇന്ത്യയ്ക്ക് സമ്മാനിച്ച എം എസ് ധോണി മുതൽ യുവതാരം ശ്രേയസ് അയ്യർ വരെ നീളുന്ന നായകന്മാരുടെ പട്ടിക.

ചെന്നൈ സൂപ്പർ കിങ്സ് – എം എസ് ധോണി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടമുയത്തിയ ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. കളിച്ച ഒമ്പത് സീസണുകളിലും ടീം പ്ലേ ഓഫിലുമെത്തി. ഈ നേട്ടം കൈവരിച്ച ഏക ടീമാണ് ചെന്നൈ. ഈ നേട്ടങ്ങളെല്ലാം ചെന്നൈ സ്വന്തമാക്കിയത് എം എസ് ധോണിയെന്ന ക്യാപ്റ്റൻ കൂളിന്റെ നേതൃത്വത്തിലായിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണിൽ മടങ്ങിയെത്തിയ ചെന്നൈ വയസൻ പടയെന്ന പട്ടവുമേന്തിയാണ് കിരീടമുയർത്തിയത്. ഇത്തവണയും അതേ ടീമിൽ നിന്നും വലിയ മാറ്റമില്ലാതെ ഇറങ്ങുന്ന ചെന്നൈ ധോണിയുടെ മികവിൽ ഏറ്റവും കൂടുതൽ കിരീടമുയർത്തുന്ന ടീമാകാം എന്ന പ്രതീക്ഷയിലാണ്.

Also Read: ഐപിഎല്‍ 2019: കിരീടം നിലനിര്‍ത്താന്‍, ‘തലയുയര്‍ത്തി’ മടങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്

മുംബൈ ഇന്ത്യൻസ് – രോഹിത് ശർമ്മ

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടമുയർത്തിയ രണ്ടാമത്തെ ടീമാണ് മുംബൈ ഇന്ത്യൻസ്. ചെന്നൈയെ പോലെ തന്നെ മൂന്ന് തവണ കിരീടം സ്വന്തമാക്കിയ മുംബൈയെ നയിക്കുന്നത് ഇന്ത്യൻ ഏകദിന ടീമിന്റെ ഉപനായകൻ രോഹിത് ശർമ്മയാണ്. മൂന്ന് കിരീടങ്ങളിലേയ്ക്കും മുംബൈയെ നയിച്ചതും രോഹിത് ശർമ്മയായിരുന്നു. 2013 മുതൽ ഒന്നിടവിട്ട സീസണുകളിൽ കിരീടമുയർത്തുന്ന പതിവ് ഇത്തവണയും മുംബൈ ആവർത്തിച്ചാൽ രോഹിത്തിന്റെ നാലാം ഐപിഎൽ കിരീടമാകും ഇത്.

Also Read: ഐപിഎല്‍ 2019: തല്ലി തകര്‍ക്കാന്‍ ബാറ്റിങ് നിര, ബുംറയെന്ന വജ്രായുധം; മുംബൈ റെഡിയാണ്

രാജസ്ഥാൻ റോയൽസ് – അജിങ്ക്യ രഹാനെ

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായകൻ കൂടിയായ അജിങ്ക്യ രഹാനെയാണ് രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത്. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് കഴിഞ്ഞ ഐപിഎൽ നഷ്ടമായതോടെയാണ് രാജസ്ഥാന്റെ നായകസ്ഥാനത്തേയ്ക്ക് രഹാനെ എത്തുന്നത്. ഇത്തവണ സ്റ്റീവ് സ്മിത്ത് മടങ്ങിയെത്തിയെങ്കിലും നായകവേഷത്തിൽ എത്തുന്നത് രഹാനെ തന്നെയാകും. ഐപിഎല്ലിന്റെ ആദ്യ പതിപ്പിലുയർത്തിയ കിരീടം വീണ്ടും ജയ്പൂരിന്റെ മണ്ണിലെത്തിയ്ക്കുക എന്ന വലിയ ദൗത്യമാണ് രഹാനയ്ക്ക് മുന്നിലുള്ളത്.

Also Read: ഐപിഎൽ 2019: റോയലാകാൻ ജയ്‌പൂരിന്റെ പിങ്ക് രാജാക്കന്മാർ; കിരീട പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ദിനേശ് കാർത്തിക്

ഗുജറാത്ത് ലയൺസിൽ നിന്നും കൊൽക്കത്തയിലെത്തിയ ദിനേശ് കാർത്തിക് കഴിഞ്ഞ സീസണിലാണ് ടീമിന്റെ നായകനാകുന്നത്. അവസാന നിമിഷം വരെ നായകസ്ഥാനത്തേയ്ക്ക് റോബിൻ ഉത്തപ്പയുടെ പേരാണ് പറഞ്ഞ് കേട്ടതെങ്കിലും ഉത്തപ്പയെ മറികടന്ന് ദിനേശ് കാർത്തിക് നായകനാവുകയായിരുന്നു. ടീമിനെ പ്ലേ ഓഫ് വരെയെത്തിക്കാൻ ഡി കെ എന്ന ദിനേശ് കാർത്തിക്കിന് സാധിക്കുകയും ചെയ്തു. ഇത്തവണ കിരീട നേട്ടത്തിൽ കുറഞ്ഞതൊന്നും ദിനേശും കൂട്ടരും എത്തുന്നത്.

Also Read: ഐപിഎല്‍ 2019: സ്പിന്‍ മാന്ത്രികതയും ദിനേശ് കാര്‍ത്തിക്കെന്ന ഫിനിഷറും; അപ്രവചനീയം കൊല്‍ക്കത്ത

കിങ്സ് ഇലവൻ പഞ്ചാബ് – ആർ അശ്വിൻ

ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ നിഴലായിരുന്ന അശ്വിൻ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ മടങ്ങിയെത്തിയപ്പോൾ ടീമിൽ ഇടം കണ്ടെത്തിയില്ല. പകരം പഞ്ചാബാണ് അശ്വിനെ ലേലത്തിൽ സ്വന്തമാക്കിയത്. പഞ്ചാബിലെത്തിയ അശ്വിന് നായകസ്ഥാനം നൽകിയാണ് പഞ്ചാബ് സ്വീകരിച്ചത്. എന്നാൽ സീസണിൽ ഏഴാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. ഇത്തവണ കിരീടനേട്ടത്തിലേയ്ക്ക് ടീമിനെ നയിക്കുകയാണ് അശ്വിന്റെ ലക്ഷ്യം.

Also Read: ഐപിഎൽ 2019: കിരീടപ്രതീക്ഷയോടെ കിങ്സ് ഇലവൻ പഞ്ചാബ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – വിരാട് കോഹ്‌ലി

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയണ് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്രെ നായകനും. മൂന്ന് തവണ ടീമിനെ ഫൈനലിലെത്തിക്കാൻ സാധിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം സ്വന്തമാക്കാൻ കോഹ്‌ലിയ്ക്ക് സാധിച്ചട്ടില്ല. പടിയ്ക്കൽ കലം ഉടയ്ക്കുന്നത് പതിവാക്കിയ ബാംഗ്ലൂർ ഇത്തവണയും വൻ താരനിരയുമായാണ് ബാംഗ്ലൂർ എത്തുന്നത്. ലോകകപ്പിന് മുന്നോടിയായി കോഹ്‌ലിയ്ക്ക് മുന്നിൽ സ്വന്തമാക്കാൻ ഐപിഎൽ കിരീടം കൂടിയുണ്ട്.

Also Read: ഐപിഎൽ 2019: രാജകീയ പോർവിളിയുയർത്തി കിങ് കോഹ്‌ലിയുടെ ബാംഗ്ലൂർ

സൺറൈസേഴ്സ് ഹൈദരാബാദ് – കെയ്ൻ വില്ല്യംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ ഏക വിദേശ നായകനാണ് കെയ്ൻ വില്ല്യംസൺ. ന്യൂസിലൻഡ് ദേശീയ ടീം നായകനായ വില്ല്യംസൺ ഐപിഎല്ലിൽ നയിക്കുന്നത് സൺറൈസേഴ്സിനെയാണ്. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനെ ഫൈനൽ വരെ എത്തിച്ച വില്ല്യംസൺ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ്.

Also Read: ഐപിഎൽ 2019: ഉദിച്ചുയരാൻ സൺറൈസേഴ്സ് ഹൈദരാബാദ്

ഡൽഹി ക്യാപിറ്റൽസ് – ശ്രേയസ് അയ്യർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനാണ് ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യർ. യുവനിരയുടെ കരുത്തിലെത്തുന്ന ഡൽഹിയുടെ നായകനും ഇളമുറക്കാരാനാവുകയായിരുന്നു. കഴിഞ്ഞ സീസണിലും ഡൽഹിയെ നയിച്ചതും ശ്രേയസ് അയ്യരായിരുന്നു. എന്നാൽ ശ്രേയസിന് കീഴിൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ഡൽഹിയ്ക്ക് ജയിക്കാനായത്.

Also Read: ഐപിഎൽ 2019: തലമുറകൾ ഒന്നിക്കുമ്പോൾ കന്നി കിരീടത്തിനായി ക്യാപിറ്റൽസ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ