Sunrisers Hyderabad 2019 Full Team Players List: ഐപിഎൽ 2019: ഹൈദരാബാദ്: കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാനാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ പന്ത്രണ്ടാം പതിപ്പിനിറങ്ങുന്നത്. ശക്തമായ ഓൾറൗണ്ട് മികവാണ് ടീമിന് ഇത്തവണ കിരീടപ്രതീക്ഷ നൽകുന്നതും. ബാറ്റിങ്ങിലും ബോളിങ്ങിലുമെല്ലാം ലോകോത്തര താരങ്ങൾ ടീമിനായി കുപ്പയമണിയുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നുമില്ല.

ശിഖർ ധവാന്റെ കൂടുമാറ്റം ടീമിന് ക്ഷീണമാണെങ്കിലും ഓസിസ് താരം ഡേവിഡ് വാർണർ ടീമിലേയ്ക്ക് മടങ്ങിയെത്തും. ഇത് ബാറ്റിങ്ങിൽ ഹൈദരാബാദിന്റെ കരുത്ത് കൂട്ടുമെന്ന് ഉറപ്പാണ്. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്ല്യംസണാണ് സൺറൈസേഴ്സ് ഹൈദരാബാദിനെയും നയിക്കുന്നത്.

ബാറ്റിങ്ങിൽ നായകൻ തന്നെയാണ് ടീമിന്റെ തുറുപ്പ് ചീട്ട് . ഒപ്പം ന്യൂസിലൻഡിന്റെ തന്നെ വെടിക്കെട്ട് ബാറ്റ്സ്മാൻ മാർട്ടിൻ ഗുപ്റ്റിലും ഓസിസ് താരം ഡേവിഡ് വാർണറും ചേരുന്നതോടെ ബാറ്റിങ് ശക്തമാകും. മനിഷ് പാണ്ഡെയും റിക്കി ഭൂയിയുമാണ് ഇന്ത്യയിൽ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാർ.

ഓൾ റൗണ്ടർമാരിലും ഹൈദരാബാദിന്റെ കോട്ട താരസമൃതമാണ്. അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും ടീമിലുണ്ട്. ടി20യിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ ഷക്കീബ് അൽ ഹസനും ടീമിന് മുതൽകൂട്ട് തന്നെയാണ്. ഇന്ത്യൻ താരങ്ങളായ വിജയ് ശങ്കറും യൂസഫ് പത്താനും കൂടി ചേരുന്നതോടെ സീസണിലെ ഏറ്റവും ശക്തമായ ഓൾറൗണ്ടർമാരുടെ നിരയാകും ഹൈദരാബാദ്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ബോളർമാർക്ക് ഇത്രയധികം പ്രാധാന്യം നൽകുന്ന മറ്റൊരു ടീമില്ല എന്ന് പറയാം സാധിക്കും. ഇക്കൊല്ലവും ആ പതിവ് ഹൈദരാബാദ് തെറ്റിച്ചട്ടില്ല. ഇന്ത്യൻ താരം ഭുവനേശ്വർർ കുമാർ നേതൃത്വം നൽകുന്ന ബോളിങ് നിരയിൽ സിദ്ധാർത്ഥ് കൗളിനും ഖലീൽ അഹമ്മദിനുമൊപ്പം മലയാളി താരം ബേസിൽ തമ്പിയും പന്തെറിയും. എതിർനിരയെ കുഴപ്പിക്കാൻ സന്ദീപ് ശർമ്മ, റാഷിദ് ഖാൻ തുടങ്ങിയ താരങ്ങളും എത്തുന്നതോടെ എത്ര വലിയ ടീമിനെയും ചെറിയ സ്കോറിൽ പിടിച്ചുകെട്ടാൻ ഹൈദരാബാദിനാകും.

ഈ താരങ്ങളിൽ നിന്ന് അന്തിമ ഇലവനെ കണ്ടെത്തുക എന്നത് മാനേജ്മെന്റിനെ സംബന്ധിച്ചടുത്തോളം അത്ര എളുപ്പമാകില്ല. നാല് വിദേശ താരങ്ങൾക്ക് മാത്രമേ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കു എന്നതും ഹൈദരാബാദിന് വെല്ലുവിളിയാകും. പല പൊസിഷനുകളിലും തിളങ്ങാൻ കഴിവുള്ള ഒന്നിലധികം താരങ്ങളാണ് ടീമിലുള്ളത്. ഇത്തവണ കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ മുൻ നിരയിൽ തന്നെയാണ് ഹൈദരാബാദ്. എതിരാളികളെ വെള്ളം കുടിപ്പിക്കാൻ ഓറഞ്ച് പട തയ്യാറായി കഴിഞ്ഞു.

2009ൽ ഡെക്കാൻ ചാർജേഴ്സ് ആയിരുന്നും 2016ൽ സൺറൈസേഴ്സ് ഹൈദരാബാദായും രണ്ട് കിരീടങ്ങൾ ടീമിന് ഉണ്ട്. 2016ലെ കിരീട നേട്ടത്തിന് ശേഷം 2017ൽ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട ഹൈദരാബാദ് 2018ൽ ഫൈനലിലേയ്ക്ക് തിരിച്ചെത്തി. അന്ന് എട്ട് വിക്കറ്റിനാണ് ചെന്നൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഇത്തവണ രണ്ടും കൽപ്പിച്ച് എത്തുന്ന ഓറഞ്ച് പടയെ നേരിടുന്നത് എതിരാളികൾക്ക് അത്ര മധുരിക്കുന്ന അനുഭവമാകില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ