IPL 2019, SRH vs KXIP Live Score: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദും കിങ്സ് ഇലവൻ പഞ്ചാബം നേർക്കുനേർ. മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. നിലവിൽ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തും പഞ്ചാബ് ആറാം സ്ഥാനത്തുമാണ്.

Also Read: IPL 2019, Point Table: പ്ലേ ഓഫ് ഉറപ്പിക്കാൻ കച്ചക്കെട്ടി ടീമുകൾ; മുന്നിൽ മുംബൈയും ഹൈദരാബാദും

ഇരു ടീമുകൾക്കും പത്ത് പോയിന്റ് വീതമാണുള്ളത്. തുടക്കത്തിൽ മികച്ച ഫോമിൽ തന്നെയായിരുന്ന രണ്ട് ടീമുകൾക്കും അവസാന ഘട്ടത്തിലേക്കിത്തിയപ്പോൾ കാലിടറുകയായിരുന്നു. അവസാനം നടന്ന രണ്ട് മത്സരങ്ങളിലും ഹൈദരാബാദും പഞ്ചാബും പരാജയപ്പെട്ടു. ചെന്നൈ സൂപ്പർ കിങ്സിനോടും രാജസ്ഥാൻ റോയൽസിനോടുമായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദിന്റെ തോൽവി. പഞ്ചാബ് കീഴടങ്ങിയതാകട്ടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുന്നിലും ഡൽഹി ക്യാപിറ്റൽസിനോടും.

മധ്യനിരയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്രധാന തലവേദന. ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും വീണാൽ ചീട്ടുകൊട്ടാരം പോലെ തകരുന്ന ഹൈദരാബാദിന്റെ ബാറ്റിങ് നിരയ്ക്ക് ആശ്വാസം മനീഷ് പാണ്ഡെ ഫോമിലേക്ക് തിരിച്ചെത്തിയെന്നുള്ളതാണ്. ബോളിങ് നിരയാണ് കിങ്സ് ഇലവൻ പഞ്ചാബിന്റെ വെല്ലുവിളി. നായകൻ അശ്വിൻ ഒഴികെ മറ്റുള്ള താരങ്ങൾ റൺസ് വിട്ടുനൽകുന്നതിൽ മത്സരത്തിലാണ്. പേസ് നിരയാണ് കൂടുതൽ തല്ല് വാങ്ങി കൂട്ടുന്നത്.

Also Read: ഫിഞ്ച് ഇന്ത്യ വിട്ടത് ധോണിയുടേയും കോഹ്ലിയുടേയും ജഴ്‌സിയുമായി;’തെളിവ്’ പുറത്ത് വിട്ട് താരം

ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ ഈ സീസണിൽ അവസാന ഐപിഎൽ മത്സരമാകും ഇന്നത്തേത്. ലോകകപ്പ് ഒരുക്കൾക്ക് ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരേണ്ടതിനാൽ ഇന്ന് നടക്കുന്ന മത്സരത്തിന് ശേഷം വാർണർ ഓസ്ട്രേലിയയിലേക്ക് മടങ്ങും. ഇന്ന് നടക്കുന്ന മത്സരത്തിൽ കൂടി ടീമിന് ജയം സമ്മാനിച്ച് പ്ലേ ഓഫ് ഉറപ്പിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനാകും വാർണറുടെ ശ്രമം.

Also Read: IPL 2019: എന്തുകൊണ്ട് സഞ്ജുവിന് നേരെ ഇനിയും കണ്ണടയ്ക്കുന്നു?

നിലവിൽ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഡേവിഡ് വാർണർ തന്നെയാണ് മുന്നിൽ. 11 മത്സരങ്ങളിൽ നിന്ന് 611 റൺസാണ് ഇതിനോടകം ഈ ഓസ്ട്രേലിയൻ കളിക്കാരൻ അടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ നടന്ന മത്സരത്തിലും വാർണർ അർധസെഞ്ചുറി തികച്ചിരുന്നു. ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും ഇതിനോടകം തന്നെ സ്വന്തമാക്കിയ വാർണർ മറ്റ് താരങ്ങളെക്കാളും ബഹുദൂരം മുന്നിലാണ്.

കഴിഞ്ഞ മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തുകയായിരുന്നു. ഹൈദരാബാദ് ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. മുന്‍ നിര ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനവും സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ വിജയത്തിൽ നിർണായകമായിരുന്നു.

കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 17 റൺസിനാണ് ബാംഗ്ലൂരിന്റെ ജയം. ബാംഗ്ലൂർ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചു. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 202 റൺസാണ് പഞ്ചാബിനെതിരെ ബാംഗ്ലൂർ അടിച്ചെടുത്തത്. ആദ്യ ഓവറുകളിൽ പാർത്ഥീവ് പട്ടേലും അവസാന ഓവറുകളിൽ എബി ഡി വില്ല്യേഴ്സും മാർക്കസ് സ്റ്റോയിനിസും തകർത്തടിച്ചതോടെയാണ് പഞ്ചാബിന് മുന്നിൽ ബാംഗ്ലൂർ കൂറ്റൻ വിജയലക്ഷ്യം ഒരുക്കിയത്. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ താളം കണ്ടെത്താൻ സാധിച്ചെങ്കിലും അവസാന ഓവറുകളിൽ പഞ്ചാബ് വീഴുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook