IPL 2019, SRH vs KXIP Live Score: ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. രാഹുൽ വെടിക്കെട്ടിനും ലക്ഷ്യം പൂർത്തികരിക്കാൻ സാധിക്കാതെ വന്നതോടെ 45 റൺസിനാണ് പഞ്ചാബ് കീഴടങ്ങിയത്. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഇന്നിങ്സ് 167 റൺസിന് അവസാനിച്ചു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ പഞ്ചാബ് 167 റൺസിലെത്തിയത്.

Also Read: ഫിഞ്ച് ഇന്ത്യ വിട്ടത് ധോണിയുടേയും കോഹ്ലിയുടേയും ജഴ്‌സിയുമായി;’തെളിവ്’ പുറത്ത് വിട്ട് താരം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 212 റൺസാണ് അടിച്ചുകൂട്ടിയത്. ജോണി ബെയർസ്റ്റോയ്ക്ക് പകരം ഇക്കുറി വാർണർക്ക് ഒപ്പം ഇന്നിങ്സ് ഓപ്പൻ ചെയ്തത് വൃദ്ധിമാൻ സാഹ. മികച്ച തുടക്കം സമ്മാനിച്ച ഓപ്പണിങ് കൂട്ടുകെട്ടിൽ സാഹയുടെ ഇന്നിങ്സ് 28 റൺസിൽ അവസാനിച്ചു. തുടക്കം മുതൽ താളം കണ്ടെത്തിയ വാർണർ ഹൈദരാബാദ് ടീം സ്കോറും ഉയർത്തി. സാഹയെ മുരുഗൻ അശ്വിൻ സിമ്രാൻ സിങ്ങിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

വാർണർക്ക് പിന്തുണയുമായി മനീഷ് പണ്ഡെ എത്തിയതോടെ ഹൈദരാബാദ് മികച്ച റൺറേറ്റ് കണ്ടെത്തി മുന്നേറി. ഇതിനിടയിൽ മനീഷ് പുറത്തായെങ്കിലും വാർണർ പ്രഹരം തുടർന്നു, അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്നു രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തത് നായകൻ അശ്വിനായിരുന്നു.

ഐപിഎൽ പന്ത്രണ്ടാം പതിപ്പിലെ തന്റെ എട്ടാം അർധസെഞ്ചുറിയാണ് വാർണർ തികച്ചത്. 144.64 പ്രഹരശേഷിയിൽ ബാറ്റ് വീശിയ ഓസ്ട്രേലിയൻ താരം ഒരു ഘട്ടത്തിൽ തന്റെ രണ്ടാം സെഞ്ചുറിയിലേക്കാണ് എന്ന് പോലും തോന്നിച്ചു പോയി. എന്നാൽ മനീഷ് പുറത്തായി ശേഷം ടീം സ്കോർ മൂന്ന് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ വാർണറും പുറത്താവുകയായിരുന്നു. 56 പന്തിൽ 81 റൺസാണ് വാർണർ അടിച്ചെടുത്തത്. ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്.

Also Read: അംപയറോട് കയർത്ത് രോഹിത് ശർമ്മ, ബെയിൽസ് തട്ടിയിളക്കി അമർഷം തീർത്തു

എന്നാൽ വാർണർ പുറത്തായതിന് പിന്നാലെ മധ്യനിര പതിവ് ആവർത്തിച്ചു. വിക്കറ്റുകൾ അവസാന ഓവറിൽ വലിച്ചെറിഞ്ഞെങ്കിലും മധ്യനിര മികച്ച സ്കോറിലേക്ക് ടീമിനെ എത്തിച്ചു. പഞ്ചാബിന്റെ ബോളിങ് നിര വീണ്ടും അടി വാങ്ങികൂട്ടുന്ന കാഴ്ചയായിരുന്നു ഹൈദരാബാദിൽ. നായകൻ അശ്വിനും ഇന്ന് പിഴച്ചു. നാല് ഓവറിൽ 66 റൺസ് വിട്ടുനൽകിയ മുജീബ് ഉർ റഹ്മാനായിരുന്നു ഹൈദരാബാദ് താരങ്ങളുടെ ഇര. പഞ്ചാബിന് വേണ്ടി അശ്വിൻ, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുരുഗൻ അശ്വിൻ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഗെയ്‌ലിനെ പുറത്താക്കി ഹൈദരാബാദ് പഞ്ചാബിനെ വരിഞ്ഞുകെട്ടി. നാല് റൺസെടുത്ത വിൻഡീസ് താരത്തെ ഖലീൽ അഹമ്മദാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത മായങ്ക് അഗർവാൾ – കെഎൽ രാഹുൽ സഖ്യം മത്സരത്തിൽ പഞ്ചാബിന് ജീവൻ നൽകിയെങ്കിലും മായങ്ക് പുറത്തായതോടെ പഞ്ചാബ് തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു.

നിക്കോളാസ് പൂറാൻ 21 റൺസിലും ഡേവിഡ് മില്ലർ 11 റൺസിലും പുറത്തായപ്പോൾ നായകൻ അശ്വിനെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താക്കി റാഷിദ് ഹൈദരാബാദിന് ആധിപത്യം സമ്മാനിച്ചു. കെ എൽ രാഹുൽ അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം മറികടക്കാൻ സാധിച്ചില്ല. 56 പന്തിൽ 79 റൺസാണ് രാഹുൽ അടിച്ചുകൂട്ടിയത്. നാല് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.

സൺറൈസേഴ്സ് ബോളിങ് നിര ഒരിക്കൽ കൂടി കരുത്ത് കാട്ടിയപ്പോൾ പഞ്ചാബ് ഇന്നിങ്സ് 167 റൺസിൽ അവസാനിച്ചു. ഇന്ത്യൻ യുവതാരം ഖലീൽ അഹമ്മദും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകൾ വീതം നേടി. അവസാന ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി സന്ദീപ് ശർമ്മയും പഞ്ചാബ് പതനം പൂർത്തിയാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook