കൊല്‍ക്കത്ത: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമാക്കി ഡേവിഡ് വാര്‍ണര്‍. ഐപിഎല്‍ 12-ാം പതിപ്പിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയാണ് വാര്‍ണര്‍ തന്റെ വരവ് ആഘോഷിച്ചത്. വാര്‍ണറുടെ 40ാം ഫിഫ്റ്റിക്കാണ് ഇന്ന് ഈഡന്‍ ഗാര്‍ഡന്‍ സാക്ഷ്യം വഹിച്ചത്.

ഇന്നത്തെ പ്രകടനത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയിരിക്കുകയാണ് വാര്‍ണര്‍. കെകെആറിനെതിരെ 762 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 757 റണ്‍സ് നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് വാര്‍ണര്‍ മറി കടന്നത്.

വെടിക്കെട്ട് ബാറ്റിങിലൂടെ സണ്‍റൈസേഴ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിച്ച വാര്‍ണര്‍ 53 പന്തില്‍ നിന്നും 85 നേടി. ഇതില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടും. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച വാര്‍ണറുടെ ബാറ്റിന്റെ ചൂട് കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ നല്ലവണ്ണം തന്നെ അറിഞ്ഞിട്ടുണ്ട്.

ബൗളര്‍മാരെ മാറ്റി കൊല്‍ക്കത്തയുടെ നായകന്‍ ദിനേശ് കാര്‍ത്തിക്ക് പരീക്ഷണം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുമൊത്ത് 118 റണ്‍സാണ് വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തത്. ഹൈദരാബാദിന്റെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ കൂട്ടുകെട്ടാണിത്. 16-ാം ഓവറില്‍ ഉത്തപ്പയുടെ ക്യാച്ചിലാണ് വാര്‍ണര്‍ പുറത്താകുന്നത്.

സെഞ്ചുറിക്ക് 15 റണ്‍സ് അകലെ വീണതോടെ മറ്റൊരു സുവര്‍ണാവസരം വാര്‍ണര്‍ക്ക് നഷ്ടമായി. നാല് ഐപിഎല്‍ സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് വാര്‍ണര്‍ക്ക് നഷ്ടമായത്. വിരാട് കോഹ്ലി, ഷെയ്ന്‍ വാട്‌സണ്‍, ക്രിസ് ഗെയില്‍ എന്നിവരാണ് നാലോ അതില്‍ കൂടുതലോ സെഞ്ചുറികള്‍ നേടിയിട്ടുള്ള താരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook