ഐപിഎല്ലിലെ ‘മങ്കഡ്’ വിവാദം ക്രിക്കറ്റ് ലോകത്തെ രണ്ടാക്കി മാറ്റിയിരുന്നു. വിവാദത്തിൽ അകപ്പെട്ട അശ്വിനെ പിന്തുണച്ച് ഒരു കൂട്ടർ എത്തിയപ്പോൾ മറ്റൊരു കൂട്ടർ വിമർശനമാണ് ഉയർത്തിയത്. ഐപിഎല്ലിൽ വീണ്ടും വിവാദം ഉയർന്നിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു വിവാദമായ സംഭവം.

ഡൽഹിയുടെ ബോളറായ ഇഷാന്ത് ശർമ്മ ചെന്നൈയുടെ ബാറ്റ്സ്മാനായ ഷെയ്ൻ വാട്സണുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ചെന്നൈ ഇന്നിങ്സിന്റെ മൂന്നാം ഓവറിലായിരുന്നു തുടക്കം. അമ്പാട്ടി റായിഡുവിന്റെ വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ്മയുടെ മതിമറന്നുളള ആഘോഷം കണ്ട് ഷെയ്ൻ വാട്സൺ ചിരിച്ചു. ഇതു ഇഷാന്തിനെ പ്രകോപിതനാക്കി. ഷെയ്ൻ വാട്സണുമായി വാക്കുതർക്കത്തിലേർപ്പെട്ട ഇഷാന്തിനെ ശ്രേയസ് അയ്യരാണ് ഒടുവിൽ കൂട്ടിക്കൊണ്ടു പോയത്.

മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ധോണിപ്പടയുടെ ജയം. ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ അവസാന ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് സ്വന്തമാക്കിയത്. അർധ സെഞ്ചുറി നേടിയ ശിഖർ ധവാന്റെ പ്രകടനമാണ് വൻതകർച്ചയിൽ നിന്നും ഡൽഹിയെ കരകയറ്റിയത്.

Read: തുടക്കം തന്നെ കരുത്തുകാട്ടി ചാമ്പ്യന്മാർ; ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് തകർപ്പൻ ജയം

മറുപടി ബാറ്റിങ്ങിൽ അമ്പാട്ടി റയിഡു ഒഴിച്ച് ക്രീസിലെത്തിയ ചെന്നൈ താരങ്ങളെല്ലാം തകർത്തടിച്ചതോടെ ചെന്നൈ വിജയത്തിലേയ്ക്ക് നീങ്ങി. ഷെയ്ൻ വാട്സൺ 44 റൺസിലും സുരേഷ് റെയ്ന 30 റൺസിലും മടങ്ങിയതോടെ ബാറ്റിങ് ഉത്തരവാദിത്വം നായകൻ ധോണിയും കേദാർ ജാദവും ഏറ്റെടുത്തു. എന്നാൽ റൺസ് വിട്ടുകൊടുക്കാൻ ഡൽഹി ബോളർമാർ മടിച്ചതോടെ സ്കോറിങ് വേഗത കുറഞ്ഞു.

19-ാം ഓവറിലെ അഞ്ചാം പന്ത് സിക്സർ പായിച്ച് ധോണി വിജയമുറപ്പിച്ചു. അവസാന ഓവറിന്റെ ആദ്യ പന്തിൽ ജാദവ് പുറത്തായതോടെ ചെന്നൈ കാത്തിരിപ്പ് നീണ്ടു. എന്നാൽ റബാഡയെ ബൗണ്ടറി പായിച്ച് ബ്രാവോ ചെന്നൈയ്ക്ക് ജയം സമ്മാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook