ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിന്റെ തുടക്കത്തിൽ തന്നെ വിവാദ നായകനായി ആർ അശ്വിൻ. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരം ജയിക്കാനായെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് അശ്വിൻ മൈതാനം വിട്ടത്. ജോസ് ബട്‌ലറെ പുറത്താക്കാൻ അശ്വിൻ സ്വീകരിച്ച രീതിയാണ് വിമർശനങ്ങൾക്ക് കാരണം.

രാജസ്ഥാൻ ഇന്നിങ്സിന്റെ പന്ത്രണ്ടാം ഓവറിലാണ് സംഭവം. പഞ്ചാബ് ഉയർത്തിയ 185 റൺസെന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ജോസ് ബട്‌ലറുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ വിജയത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. എന്നാൽ പന്ത്രണ്ടാം ഓവറെറിയാനെത്തിയ അശ്വിൻ പന്ത് ഡെലിവർ ചെയ്യുന്നതിന് മുമ്പ് ക്രീസിന് പുറത്തിറങ്ങിയ ബട്‌ലറെ റൺഔട്ടാക്കുകയായിരുന്നു.

നിയമപ്രകാരം അത് വിക്കറ്റാണെങ്കിലും ക്രിക്കറ്റ് ലോകത്ത് ഇത് വലിയ ചർച്ചയ്ക്കാണ് വഴി തുറന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലടക്കം ഇത്തരം സാഹചര്യങ്ങൾ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും ബോളർ അപ്പോൾ നോൺസ്ട്രൈക്കിലുള്ള ബാറ്റ്സ്മാന് മുന്നറിയിപ്പ് നൽകുകയാണ് പതിവ്. എന്നാൽ അതിനൊന്നും തയ്യാറാകാതെ അശ്വിൻ വിക്കറ്റിന് അപ്പീൽ ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെ നിരവധി പ്രമുഖരാണ് ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അശ്വിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുഹമ്മദ് കൈഫാകട്ടെ മുമ്പും അശ്വിൻ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അന്ന് സെവാഗാണ് അപ്പീൽ പിൻവലിച്ചതെന്നും ട്വിറ്ററിൽ കുറിച്ചു. പുതിയ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ടീമിനെ വിജയത്തിലേയ്ക്ക് നയിക്കാനായെങ്കിലും അതിന് അശ്വിൻ സ്വീകരിച്ച രീതി വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

അശ്വിൻ ക്രിക്കറ്റിലെ മാന്യതകൾ പഠിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അതിന് ക്രിസ് ഗെയിലിനെ മതൃകയാക്കണമെന്നും പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ