IPL 2019 RR vs KXIP Online: ജോസ് ബട്ട്‌ലറുടെ വെടിക്കെട്ട് പ്രകടനത്തിനും രാജസ്ഥാനെ രക്ഷിക്കാനായില്ല. വിവാദമായൊരു റണ്ണൗട്ടിലൂടെ ബട്ട്‌ലര്‍ പുറത്തായതിന് പിന്നാലെ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാരെല്ലാം പുറകെ പുറകെ കൂടാരം കയറുകയായിരുന്നു. പിന്നാലെ സഞ്ജുവും സ്മിത്തും ചേര്‍ന്ന് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയം വരെ ടീമിനെ എത്തിക്കാനായില്ല. മങ്കാഡിലൂടെ അശ്വിനാണ് ബട്ട്‌ലറെ പുറത്താക്കിയത്.

രാജസ്ഥാന് സ്വപ്‌ന തുല്യമായ തുടക്കമാണ് ബട്ട്‌ലറും രഹാനെയും ചേര്‍ന്ന് നല്‍കിയത്. രഹാനെ 27 റണ്‍സ് നേടിയപ്പോള്‍ 43 പന്തില്‍ 10 ഫോറും രണ്ട് സിക്‌സുമായി 69 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. സഞ്ജു 30 റണ്‍സും നേടി. സ്മിത്തിന്റെ സമ്പാദ്യം 20 റണ്‍സാണ്. എന്നാല്‍ മറ്റ് താരങ്ങളാരും രണ്ടക്കം പോലും കടന്നില്ല. പഞ്ചാബിനായി സാം കറന്‍, മുജീബ് ഉര്‍ റഹ്മാന്‍, അങ്കിത് രജ്പുത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച സ്‌കോര്‍ നേടിയത്. 20 ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയാണ് കളി അവസാനിപ്പിച്ചത്. പഞ്ചാബിന്റെ ടോപ്പ് സ്‌കോറര്‍ ഗെയിലാണ്. 47 പന്തുകളില്‍ നിന്നും 79 റണ്‍സാണ് ഗെയില്‍ നേടിയത്. ഇതില്‍ എട്ട് ഫോറും നാല് സിക്‌സുമുള്‍പ്പെടും. പതിവ് വെടിക്കെട്ട് ശൈലിയില്‍ നിന്നും മാറി കുറേക്കൂടി കരുതലോടെയാണ് ഗെയില്‍ ഇന്ന് കളിച്ചത്. അവസാന ഓവറുകളില്‍ സര്‍ഫ്രാസ് ഖാനും തിളങ്ങി. 29 പന്തുകളില്‍ നിന്നും ആറ് ഫോറും ഒരു സിക്‌സുമടക്കം 46 റണ്‍സ് സര്‍ഫ്രാസ് നേടി.

ആദ്യ ഓവറില്‍ തന്നെ കെഎല്‍ രാഹുലിനെ നഷ്ടപ്പെട്ടിടത്തു നിന്നും മായങ്കും ഗെയിലും ചേര്‍ന്നാണ് പഞ്ചാബിനെ തിരികെ കൊണ്ടു വന്നത്. രാജസ്ഥാനായി ബെന്‍ സ്റ്റോക്ക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഓരോ വിക്കറ്റ് വീതം നേടി ധവല്‍ കുല്‍ക്കര്‍ണിയും കൃഷ്ണപ്പ ഗൗതവും പിന്തുണ നല്‍കി. എന്നാല്‍ തുടക്കത്തില്‍ കുല്‍ക്കര്‍ണി നേടി കൊടുത്ത മേല്‍ക്കൈ മുതലെടുക്കാന്‍ രാജസ്ഥാന് സാധിച്ചില്ല.