IPL 2019: ബെംഗളൂരു: തോറ്റ് തോറ്റ് നാണക്കേടിന്റെ റെക്കോര്‍ഡുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. സീസണിന്റെ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ടീമെന്ന റെക്കോര്‍ഡിനൊപ്പമാണ് കോഹ്ലിപ്പട എത്തിയത്. ഇന്നത്തേത് അടക്കം ആറ് മത്സരങ്ങളാണ് ബെംഗളൂരു തോറ്റത്.
ഇതോടെ 2013ല്‍ ആദ്യ ആറ് മത്സരങ്ങളിലും തോറ്റ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ റെക്കോര്‍ഡിനൊപ്പമാണ് ബെംഗളൂരു എത്തിയത്. ഇന്ന് ബെംഗളൂരുവിനെ തോല്‍പ്പിച്ചതും അതേ ഡല്ഹിയാണെന്നത് മറ്റൊരു രസകരമായ വസ്തുതയാണ്. നാല് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയത്.
നായകന് ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. 50 പന്തില്‍ നിന്നും എട്ട് ഫോറും രണ്ട് സിക്സുമടക്കം 67 റണ്‍സാണ് പന്ത് നേടിയത്. ഓപ്പണര്‍ പൃഥ്വി ഷാ 28 റണ്‍സും കോളിന് ഇന്ഗ്രം 22 റണ്‍സും നേടി.
ബെംഗളൂരു ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത നവ്ദീപ് സെയ്നി മാത്രമാണ്. വിജയത്തിനിരികെ വച്ച് ശ്രേയസ്, പന്ത്, മോറിസ് എന്നിവരുടെ വിക്കറ്റുകള്‍ തുടരെതുടരെ നഷ്ടമായത് ഡല്‍ഹിയുടെ വിജയ മാര്‍ജിന്‍ കുറച്ചിട്ടുണ്ട്.