മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്നുമായി കരാർ ഒപ്പിട്ടു. ഓസ്ട്രേലിയൻ താരം നഥാൻ കോൾട്ടർനിൽ പരിക്കറ്റ് പിന്മാറിയതിനെ തുടർന്നാണ് ബാംഗ്ലൂർ മറ്റൊരു പേസറെ ടീമിലെത്തിച്ചിരിക്കുന്നത്. നേരത്തെ സ്റ്റെയിൻ എത്തുന്നു എന്ന വാർത്തകൾ സജീവമായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം എത്തിയിരുന്നില്ല.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 35 കാരനായ ഡെയ്ൽ സ്റ്റെയ്ൻ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്നത്. 2016ൽ ഗുജറാത്ത് ലയൺസിന് വേണ്ടി കളിച്ച സ്റ്റെയിനിനെ പുതിയ പതിപ്പിൽ ഒരു ടീം സ്വന്തമാക്കിയിരുന്നില്ല. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്കുള്ള ഡെയ്ൽ സ്റ്റെയിനിന്റെ തിരിച്ചുവരവാണ് ഇക്കുറി.

ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്ന സ്റ്റെയിൻ 2010 വരെ ടീമിൽ തുടർന്നു. പിന്നീട് ഡെക്കൻ ചാർജേഴ്സിന്റെയും സൺറൈസേഴ്സ് ഹൈദരാബാദിന്റെയും കുപ്പായമണിഞ്ഞ സ്റ്റെയിൻ 2016ലാണ് ഗുജറാത്ത് ലയൺസിലെത്തുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ ഇതുവരെ കളിച്ച ആറ് മത്സരങ്ങളും പരാജയപ്പെട്ട ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. സ്റ്റെയിനിന്റെ വരവ് ഏത് തരത്തിലാണ് ടീമിൽ മാറ്റം വരുത്തുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. നാളെ നടക്കുന്ന മത്സരത്തിൽ ബാംഗ്ലൂർ കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook