ഐപിഎല്ലിൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്ക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. ഇന്നലെ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ അംപയറോട് മോശമായി പെരുമാറിയതിനാണ് നടപടി. തന്റെ വിക്കറ്റ് വിളിച്ച ഫീൽഡ് അംപയറുടെ തീരുമാനത്തിൽ അമർഷം പൂണ്ട രോഹിത് സ്റ്റംപിലെ ബെയിൽസ് ബാറ്റുപയോഗിച്ച് തട്ടിയിട്ടശേഷമാണ് പവലിയനിലേക്ക് മടങ്ങിയത്. ഇതാണ് പിഴ ചുമത്താൻ ഇടയാക്കിയത്.

മത്സരത്തിലെ നാലാമത്തെ ഓവറിലായിരുന്നു സംഭവം. 8 ബോളിൽ 12 റൺസുമായി രോഹിത് നിൽക്കുമ്പോഴായിരുന്നു ഹാരി ഗുർണിയുടെ ബോൾ രോഹിതിന്റെ ബാക് ലെഗിൽ കൊളളുന്നത്. അംപയർ ഉടൻ തന്നെ എൽബിഡബ്ല്യു വിളിച്ചു. രോഹിത്താകട്ടെ റിവ്യൂ ആവശ്യപ്പെട്ടു. റിവ്യൂവിൽ അംപയറുടെ തീരുമാനം ശരിവച്ചു. ഇതോടെ രോഹിത് രോഷാകുലനായി.

Read: ഹാര്‍ദ്ദിക്കിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; മുംബൈയെ തകര്‍ത്ത് കൊല്‍ക്കത്ത

പവലിയനിലേക്ക് മടങ്ങി പോകും മുൻപ് തന്റെ വിക്കറ്റ് വിളിച്ച ഫീൽഡ് അംപയറുമായി ചെറിയ രീതിയിൽ വാക്കുതർക്കമുണ്ടായി. അതിനുശേഷം ബോളേഴ്സ് എൻഡിലുണ്ടായിരുന്ന സ്റ്റംപ്സിലെ ബെയിൽസ് ബാറ്റു ഉപയോഗിച്ച് തട്ടിയിട്ടശേഷമാണ് പവലിയനിലേക്ക് പോയത്.

ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 34 റൺസിന് കൊൽക്കത്തയോട് പരാജയപ്പെട്ടിരുന്നു. ഹാർദിക് പാണ്ഡ്യയുടെ ഒറ്റയാൾ പോരാട്ടത്തിനും മുംബൈയെ രക്ഷിക്കാനായില്ല. കൊല്‍ക്കത്ത ഉയര്‍ത്തിയ 233 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 198 റണ്‍സിന് പുറത്താവുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook