IPL 2019: ഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ ഒറ്റയാള്‍ പോരാട്ടം റിയാന്‍ പരാഗിന് സമ്മാനിച്ചത് ഐപിഎല്ലിലെ അപൂര്‍വ്വ റെക്കോര്‍ഡ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് റിയാന്‍ സ്വന്തമാക്കിയത്.

ഇതോടെ റയാന്‍ പിന്നിലാക്കിയത് മലയാളി താരം സഞ്ജു സാംസണെയാണ്. 17 വര്‍ഷവും 175 ദിവസവും പ്രായമുള്ളപ്പോഴാണ് പരാഗ് അര്‍ധ സെഞ്ചുറി നേടിയത്. 2013ല്‍ 18 വര്‍ഷവും 169 ദിവസവുംപ്രായപ്പോള്‍ അര്‍ധ സെഞ്ചുറി നേടിയാണ് സഞ്ജു നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.

അസം സ്വദേശിയായ റിയാന്‍ അണ്ടര്‍ 19 ലോകകപ്പ് ടീമിലെ താരമായിരുന്നു. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ അസമിന്റെ ടോപ്പ് സ്‌കോററുമായിരുന്നു റിയാന്‍ പരാഗ്. അബു നെചിമിന് ശേഷം അസമില്‍ നിന്നും ഐപിഎല്‍ കളിക്കുന്ന താരമാണ് റിയാന്‍. 2012 ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറിയ നചിം പിന്നീട് മുംബൈയ്ക്കായും കളിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ച് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 116 റണ്‍സിന്റ വിജയ ലക്ഷ്യം ഡല്‍ഹി 16.1 ഓവറില്‍ മറികടക്കുകയായിരുന്നു. സിക്‌സിലൂടെ ഋഷഭ് പന്താണ് ഡല്‍ഹിയുടെ വിജയ റണ്‍ കണ്ടെത്തിയത്. ഈ വിജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് മോഹങ്ങളും അവസാനിച്ചു.

ഓപ്പണര്‍ പൃഥ്വി ഷാ എട്ട് റണ്‍സുമായും ശിഖര്‍ ധവാന്‍ 16 റണ്‍സിനും പുറത്തായതോടെ ഡല്‍ഹി ഒന്നു പകച്ചിരുന്നു. പിന്നാലെ നായകന്‍ ശ്രേയസ് അയ്യര്‍ 15 റണ്‍സെടുത്ത് മടങ്ങി. എന്നാല്‍ യുവതാരം ഋഷഭ് പന്ത് കളിയുടെ നിയന്ത്രണം ഡല്‍ഹിയുടെ കരങ്ങളിലേക്ക് എത്തിച്ചു. അര്‍ധ സെഞ്ചുറി നേടിയ പന്താണ് മത്സരം ഫിനിഷ് ചെയ്തതും.

അഞ്ച് സിക്‌സും രണ്ട് ഫോറുമടക്കം 53 റണ്‍സ് നേടിയ പന്ത് 38 പന്തില്‍ നിന്നും 53 റണ്‍സാണ് നേടിയത്. ഒപ്പം നിന്ന കോളിന്‍ ഇന്‍ഗ്രം 23 പന്തില്‍ 12 റണ്‍സും റുഥര്‍ഫോഡ് ആറ് പന്തില്‍ 11 റണ്‍സും നേടി.

തോല്‍വി ഉറപ്പായിരുന്ന മത്സരത്തില്‍ രാജസ്ഥാന്‍ ബോളര്‍മാര്‍ പൊരുതിയാണ് തുടങ്ങിയത്. രാജസ്ഥാനായി ഇഷ് സോധി മൂന്ന് വിക്കറ്റും ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. എന്നാല്‍ ബോളര്‍മാര്‍ക്ക് പൊരുതാന്‍ സാധിക്കുന്നതിലും ചെറിയ ടോട്ടലായിരുന്നു രാജസ്ഥാന്റേത്.

മുന്‍ നിര ബാറ്റ്‌സ്മാന്മാരെല്ലാം വീണ മത്സരത്തില്‍ രാജസ്ഥാനായി ഒറ്റയ്ക്ക് പൊരുതിയത് കൗമാര താരം റിയാന്‍ പരാഗാണ്. ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണ രാജസ്ഥാനെ 20 ഓവറില്‍ 115 എന്ന സ്‌കോറിലെത്തിച്ചത് റിയാന്റെ പോരാട്ടമാണ്. പൊരുതി നിന്ന റിയാന്‍ അര്‍ധ സെഞ്ചുറി നേടി. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 115 റണ്‍സ് നേടിയത്.

നായകന്‍ അജിന്‍ക്യാ രഹാനെ രണ്ട് റണ്‍സ് മാത്രമെടുത്ത് മടങ്ങി. തുടക്കത്തില്‍ തന്നെ ലഭിച്ച മേല്‍ക്കൈ ഡല്‍ഹി ബോളര്‍മാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ പിന്നാലെ വന്നവരെല്ലാം അതിവേഗം കൂടാരം കയറുകയായിരുന്നു. ലിയാന്‍ ലിവിങ്സ്റ്റനാണ് മുന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. ലിവിങ്‌സ്റ്റണ്‍ 14 റണ്‍സാണ് നേടിയത്.

രാജസ്ഥാന്റെ പ്രതീക്ഷയായിരുന്ന സഞ്ജു സാംസണ്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ രാജസ്ഥാന്‍ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുമെന്നുറപ്പായി. ലോംറോര്‍ എട്ട് റണ്‍സുമായി മടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടെന്നത് ഉറപ്പായി. പിന്നാലെവന്ന റിയാന്‍ ശ്രേയസ് ഗോപാലുമൊത്ത് പൊരുതാന്‍ ആരംഭിക്കുകയായിരുന്നു.

വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിച്ച പരാഗ് 49 പന്തില്‍ 50 റണ്‍സ് നേടി. ഇതില്‍ നാല് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടും. എന്നാല്‍ 12 റണ്‍സുമായി ശ്രേയസ് മടങ്ങി. സ്റ്റുവര്‍ട്ട് ബിന്നി സംപൂജ്യനായാണ് തിരിച്ചു പോയത്. ശേഷം വന്നവരാരും രണ്ടക്കം കണ്ടില്ല. ഒരുഘട്ടത്തില്‍ നൂറ് റണ്‍സ് പോലും അപ്രാപ്യം എന്ന് കരുതിയിടത്തു നിന്നുമാണ് റയാന്‍ രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെങ്കിലുമെത്തിച്ചത്.

ഡല്‍ഹി ബോളര്‍മാരില്‍ തിലങ്ങിയത് ഇന്ത്യന്‍ ബോളര്‍മാരായ ഇശാന്ത് ശര്‍മ്മയും അമിത് മിശ്രയുമാണ്. ഇശാന്ത് നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മിശ്ര നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്ന് വിക്കെറ്റെടുത്തത്. ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റും നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook