മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യൻ സീനിയർ ടീമിൽ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ താരമാണ് ഋഷഭ് പന്ത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കുന്ന താരം കഴിഞ്ഞ രണ്ട് സീസണിലും സ്ഥിരതയാർന്ന ബാറ്റിങ്ങിലൂടെ ഏവരുടെയും ശ്രദ്ധ നേടി കഴിഞ്ഞു. ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാൻ ലഭിച്ച അവസരങ്ങളും നന്നായി വിനയോഗിച്ച ഋഷഭ് പന്തിനെ പ്രശംസിച്ച് ഡൽഹി ക്യാപിറ്റൽസിലെ തന്നെ മറ്റൊരു യുവതാരം പൃഥ്വി ഷാ രംഗത്ത്. ബുധനാഴ്ച നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തുന്നതിൽ നിർണായകമായത് ഋഷഭ് പന്തിന്റെ വെടിക്കെട്ട് ഇന്നിങ്സാണ്. ഇതിന് പിന്നാലെയാണ് പന്തിനെ പ്രശംസിച്ച് പൃഥ്വി ഷാ രംഗത്തെത്തിയത്.

“ടി 20 മത്സരങ്ങളിൽ ഒരുപാട് സമ്മർദ്ദങ്ങളുണ്ട്. ഇന്ന് ഋഷഭ് പന്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. യുവതതാരങ്ങളിൽ ഏറ്റവും മികച്ച ഫിനിഷർ ഋഷഭ് പന്ത് തന്നെയാണ്. ഞങ്ങളുടെ വിജയങ്ങളിൽ മിക്കപ്പോഴും വഴിയൊരുക്കുന്നത് പന്താണ്. എന്നാൽ നിർഭാഗ്യവശാൽ ഇന്നലെ മത്സരം അവസാനിപ്പിക്കാൻ പന്തിന് സാധിച്ചില്ല. അതേസമയം കീമോ പോൾ അവസാനം മികച്ചതാക്കി,” പൃഥ്വി ഷാ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 163 റൺസെന്ന മികച്ച വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് വിജയലക്ഷ്യം മറികടന്നത് പൃഥ്വി ഷായുടെയും ഋഷഭ് പന്തിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലായിരുന്നു. ഒപ്പണറായി എത്തിയ പൃഥ്വി ഷാ അർധ സെഞ്ചുറി തികച്ചപ്പോൾ അർധ സെഞ്ചുറിക്ക് ഒരു റൺസ് അകലെ ഋഷഭ് പന്ത് വീഴുകയായിരുന്നു.

Also Read: IPL 2019: ‘പകരത്തിന് പകരം’; എലിമിനേറ്റർ പോരാട്ടത്തിലെ നാടകീയ റൺഔട്ടുകൾ

നാലാമനായി ക്രീസിലെത്തിയ ഡൽഹി ക്യാപിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് 21 പന്തിൽ നിന്നാണ് 49 റൺസ് അടിച്ചുകൂട്ടിയത്. അഞ്ച് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. മധ്യ നിര ഒരു വശത്ത് തകർന്നടിയുമ്പോഴും ക്രീസിൽ തകർപ്പൻ ബാറ്റിങ്ങുമായി പന്ത് നില ഉറപ്പിക്കുകായായിരുന്നു. മലയാളി താരം ബേസിൽ തമ്പിയുടെ ഒരു ഓവറിൽ മാത്രം രണ്ട് സിക്സും രണ്ട് ഫോറുമാണ് താരം പറത്തിയത്. 233.33 പ്രഹരശേഷിയിലായിരുന്നു പന്തിന്റെ വെടിക്കെട്ട്.

ഓപ്പണറായി എത്തിയ പൃഥ്വി ഷായാകട്ടെ ശിഖർ ധവാനും ഒത്ത് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 38 പന്തിൽ 56 റൺസാണ് പൃഥ്വി ഷാ അടിച്ചെടുത്തത്. രണ്ട് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വി ഷായുടെ ഇന്നിങ്സ്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഇന്നലത്തെ വിജയം രണ്ട് വിക്കറ്റിനായിരുന്നു. അവസാന ഓവറുകളിൽ ഋഷഭ് പന്ത് ഡൽഹിക്കായി തകർത്തടിച്ചപ്പോൾ സൺറെെസേഴ്സിന്റെ എല്ലാ മോഹങ്ങളും പൊലിഞ്ഞു. സൺറെെസേഴ്സിനെ വീഴ്ത്തിയ ഡൽഹി ക്യാപിറ്റൽസ് രണ്ടാം ക്വാളിഫയറിൽ ചെന്നെെ സൂപ്പർ കിങ്സിനെ നേരിടും. ഒരു ഘട്ടത്തിൽ ഡൽഹി മധ്യനിര തകർന്നെങ്കിലും ഡൽഹി അർഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു. ഒരു പന്ത് ബാക്കി നിൽക്കെയായിരുന്നു ഡൽഹി ക്യാപിറ്റൽസിന്റെ വിജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook