IPL 2019 RCB vs SRH: ബെംഗളൂരു: സണ്‍റൈസേഴ്‌സ് ഹൈദരാബിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നാല് വിക്കറ്റിനാണ് ബെംഗളൂരു ഹൈദരാബാദിനെ തകര്‍ത്തത്. ഹൈദരാബാദ് ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയ ലക്ഷ്യം അവസാന ഓവറിലാണ് ബെംഗളൂരു മറി കടന്നത്.

ഓപ്പണര്‍ പാര്‍ത്ഥീവ് പട്ടേല്‍ സംപൂജ്യനായി മടങ്ങിയപ്പോള്‍ നായകന്‍ വിരാട് കോഹ്ലി 16 റണ്‍സ് മാത്രമെ എടുത്തുള്ളൂ. പ്രതീക്ഷയോടെ ഇറങ്ങിയ ഡിവില്യേഴ്‌സ് ഒരു റണ്‍ മാത്രം എടുത്ത് പുറത്തായതോടെ കളി ബെംഗളൂരുവിന് നഷ്ടമായെന്ന് കരുതി ആരാധകര്‍. എന്നാല്‍ മധ്യനിരയില്‍ ഹെറ്റ്‌മെയറും ഗുര്‍കീറത് മാന്‍ സിങ്ങും ഒരുമിച്ചതോടെ കളിയുടെ ഗതി മാറുകയായിരുന്നു. ഇരുവരും യാതൊരു കൂസലുമില്ലാതെ ഹൈദരാബാദ് ബോളര്‍മാരെ മര്‍ദ്ദിച്ചു.

വിന്‍ഡീസ് താരം ഹെറ്റ്‌മെയര്‍ 47 പന്തുകളില്‍ നിന്നും 75 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ യുവതാരം ഗുര്‍കീറത് 48 പന്തുകളില്‍ നിന്നും 65 റണ്‍സ് നേടി. ആറ് സിക്‌സും നാല് ഫോറും ഹെറ്റ്‌മെയര്‍ അടിച്ചെടുത്തു. ഗുര്‍കീറത് എട്ട് ഫോറും ഒരു സിക്‌സുമാണടിച്ചത്.

എന്നാല്‍ കളിയുടെ ഗതി വീണ്ടും തിരിച്ചു വിട്ട 19-ാം ഓവറില്‍ ഖലീല്‍ അഹമ്മദ് ഹൈദരാബാദിനെ വീണ്ടും തിരികെ കൊണ്ടു വന്നു. ഹെറ്റ്മയറെ 18-ാം ഓവറില്‍ റാഷിദ് ഖാന്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ഗുര്‍കീറത്തിനേയും വാഷിങ്ടണ്‍ സുന്ദറിനേയും പുറത്താക്കി അവസാന ഓവറിലേക്ക് കളിയെ ഖലീല്‍ തിരിച്ചു വിട്ടു. എന്നാല്‍ മുഹമ്മദ് നബി എറിഞ്ഞ 20-ാം ഓവറിലെ ആദ്യ പന്തു തന്നെ ഫോര്‍ അടിച്ച് ഉമേഷ് യാദവ് ജയം ഉറപ്പിക്കുകയും തൊട്ടടുത്ത പന്തില്‍ ജയം സ്വന്തമാക്കുകയും ചെയ്തു.

ഇതോടെ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന ബെംഗളൂരുവിന് ജയത്തോടെ ഏഴാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിക്കാന്‍ സാധിച്ചു. കേഹ്ലിയ്ക്കും സംഘത്തിനും തലയുയര്‍ത്തി തന്നെ മടങ്ങാന്‍ ഈ ജയം അവസരമൊരുക്കും. ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് മത്സര ഫലം.

നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രവേശനം. കൊല്‍ക്കത്ത പരാജയപ്പെട്ടാല്‍ നെറ്റ് റണ്‍ റേറ്റിന്റെ ബലത്തില്‍ ഹൈദരാബാദ് യോഗ്യത നേടും. കൊല്‍ക്കത്തയാണ് ജയിക്കുന്നതെങ്കില്‍ ഹൈദരബാദ് ആരാധകര്‍ക്ക് അത് നിരാശയാകും നല്‍കുക.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. നായകന്‍ കെയ്ന്‍ വില്യംസണിന്റെ പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍മാരായ വൃഥിമാന്‍ സാഹയും മാര്‍ട്ടിന്‍ ഗുപ്റ്റിലും ചേര്‍ന്ന് മികച്ചൊരു തുടക്കമാണ് ഹൈദരാബാദിന് സമ്മാനിച്ചത്. സാഹ 11 പന്തില്‍ 20 റണ്‍സും ഗുപ്റ്റില്‍ 23 പന്തില്‍ 30 റണ്‍സും നേടി. പിന്നാലെ വന്ന, കഴിഞ്ഞ കളിയിലെ താരം മനീഷ് പാണ്ഡെ 9 റണ്‍സ് മാത്രം എടുത്തതോടെ കളി ഹൈദരാബാദിന് നഷ്ടമാകുമെന്ന് തോന്നിയെങ്കിലും നായകന്‍ കെയ്ന്‍ വില്യംസണ്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.

നായകന്റെ ഇന്നിങ്‌സ് കളിച്ച വില്യംസണ്‍ 43 പന്തില്‍ 70 റണ്‍സാണ് നേടിയത്. ഇതില്‍ അഞ്ച് ഫോറും നാല് സിക്‌സറുമുള്‍പ്പെടും. 18 പന്തില്‍ നിന്നും 27 റണ്‍സുമായി വിജയ് ശങ്കര്‍ നായകന് മികച്ച പിന്തുണ നല്‍കി.

ബെംഗളൂരു ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറാണ്. താരം മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. നവ്ദീപ് സെയ്‌നി രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കിയപ്പോള്‍ ചാഹലും കുല്‍വന്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ 100 ഐപിഎല്‍ വിക്കറ്റുകളെന്ന നേട്ടവും ചാഹല്‍ സ്വന്തമാക്കി.

Read More IPL News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook