IPL 2019 RCB vs SRH: ബെംഗളൂരു: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ്. നായകന്‍ കെയ്ന്‍ വില്യംസണിന്റെ പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍മാരായ വൃഥിമാന്‍ സാഹയും മാര്‍ട്ടിന്‍ ഗുപ്റ്റിലും ചേര്‍ന്ന് മികച്ചൊരു തുടക്കമാണ് ഹൈദരാബാദിന് സമ്മാനിച്ചത്. സാഹ 11 പന്തില്‍ 20 റണ്‍സും ഗുപ്റ്റില്‍ 23 പന്തില്‍ 30 റണ്‍സും നേടി. പിന്നാലെ വന്ന, കഴിഞ്ഞ കളിയിലെ താരം മനീഷ് പാണ്ഡെ 9 റണ്‍സ് മാത്രം എടുത്തതോടെ കളി ഹൈദരാബാദിന് നഷ്ടമാകുമെന്ന് തോന്നിയെങ്കിലും നായകന്‍ കെയ്ന്‍ വില്യംസണ്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.


നായകന്റെ ഇന്നിങ്‌സ് കളിച്ച വില്യംസണ്‍ 43 പന്തില്‍ 70 റണ്‍സാണ് നേടിയത്. ഇതില്‍ അഞ്ച് ഫോറും നാല് സിക്‌സറുമുള്‍പ്പെടും. 18 പന്തില്‍ നിന്നും 27 റണ്‍സുമായി വിജയ് ശങ്കര്‍ നായകന് മികച്ച പിന്തുണ നല്‍കി.

ബെംഗളൂരു ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറാണ്. താരം മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. നവ്ദീപ് സെയ്‌നി രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കിയപ്പോള്‍ ചാഹലും കുല്‍വന്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ 100 ഐപിഎല്‍ വിക്കറ്റുകളെന്ന നേട്ടവും ചാഹല്‍ സ്വന്തമാക്കി

Read More IPL News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook