ബെംഗളൂരു: കഴിഞ്ഞ ദിവസം വാങ്കഡയില്‍ കണ്ടതിനേക്കാള്‍ ആത്മവിശ്വാസം ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഇറങ്ങി വരുമ്പോള്‍ യുവരാജിന്റെ മുഖത്തുണ്ടായിരുന്നു. വാങ്കഡയില്‍ തന്റെ കാലം അവസാനിച്ചിട്ടില്ലെന്നായിരുന്നു യുവി ഓര്‍മ്മപ്പെടുത്തിയത്. ഇന്ന് ചിന്നസ്വാമിയില്‍ ഫോമിലായിക്കഴിഞ്ഞാല്‍ തന്റെ ഷോട്ടുകളോളം മനോഹരമായ മറ്റൊരു കാഴ്ച ക്രിക്കറ്റിലില്ലെന്ന് യുവി അടിവരയിട്ട് പറയുകയായിരുന്നു.
യുസ്വേന്ദ്ര ചാഹല്‍ എറിഞ്ഞ ഓവറിലെ നാലാം പന്ത് ഒരുമീറ്റര്‍ കൂടി മുന്നിലേക്ക് ചെന്ന് വീണിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കാത്തവാരാരുമുണ്ടാകില്ല. തൊട്ട് മുമ്പത്തെ മൂന്ന് പന്തുകളും മൂന്ന് ദിശകളിലേക്ക് പറത്തി വിട്ടു കൊണ്ട് 12 വര്‍ഷം മുമ്പ് ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ നേടിയ ആറ് സിക്‌സുകളെയാണ് യുവരാജ് ഇന്ന് ഓര്‍മ്മപ്പെടുത്തിയത്.
ആറെണ്ണം തിക്കാന്‍ സാധിക്കാതെ പകുതി വഴിയെ സിറാജിന്റെ കൈകളില്‍ അവസാനിച്ച് യുവി തിരിച്ചു നടക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകരെല്ലാം മനസില്‍ പറഞ്ഞിട്ടുണ്ടാവുക, ഇങ്ങനെയാണ് യുവിയെ ഞങ്ങള്‍ക്ക് കാണേണ്ടത് എന്നാകും.11 പന്തുകളില്‍ നിന്നും 23 റണ്‍സുമായാണ് യുവരാജ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
M07: RCB vs MI – Yuvraj Singh Six https://t.co/aiVK9TDqC6 via @ipl
— bishwa mohan mishra (@mohanbishwa) March 28, 2019
ആദ്യം ബാറ്റ് ചെയ്ത മുംബൈ 189 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബാംഗ്ലൂരിന് മുന്നില്‍ വെച്ചിരിക്കുന്നത്. മുന്‍നിരയുടെ ബാറ്റിങ് മികവിലാണ് മുംബൈ മികച്ച സ്‌കോറിലെത്തിയത്. ടോസ് നേടിയ ബാംഗ്ലൂര്‍ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ക്വിന്റന്‍ ഡീ കോക്കും ചേര്‍ന്ന് മുംബൈയ്ക്ക് നല്‍കിയത്. 23 റണ്‍സുമായി ഡീ കോക്ക് മടങ്ങിയെങ്കിലും രോഹിത് ആക്രമണം തുടര്‍ന്നു. കൂട്ടിന് സൂര്യകുമാര്‍ യാദവ് കൂടി എത്തിയതോടെ മുംബൈ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. അര്‍ധസെഞ്ചുറിക്കരികില്‍ 48 റണ്‍സുമായി രോഹിത് പുറത്തായി.