scorecardresearch
Latest News

ഐപിഎൽ 2019: റോയലാകാൻ ജയ്‌പൂരിന്റെ പിങ്ക് രാജാക്കന്മാർ; കിരീട പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസ്

IPL 2019, Rajasthan Royals Full Squad: ആദ്യ സീസണിൽ സ്വന്തമാക്കിയ ഐപിഎൽ കിരീടത്തിൽ പിന്നീടൊരിക്കൽ പോലും മുത്തമിടാൻ രാജസ്ഥാന് സാധിച്ചിട്ടില്ല

ഐപിഎൽ 2019: റോയലാകാൻ ജയ്‌പൂരിന്റെ പിങ്ക് രാജാക്കന്മാർ; കിരീട പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസ്

Rajasthan Royals 2019 Full Team Players List: ജയ്‌പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇനി ദിവസങ്ങൾ മാത്രമാണ് ഐപിഎൽ പൂരത്തിന് അവശേഷിക്കുന്നത്. ടീമുകളും മാനേജുമെന്റുമെല്ലാം അവസാനവട്ട ഒരുക്കത്തിലുമാണ്. എല്ലാ താരങ്ങളും ടീമിനൊപ്പം പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. ഇത്തവണയും കിരീട സാധ്യതകളിൽ മുൻ നിരയിൽ തന്നെയാണ് രാജസ്ഥാൻ റോയൽസ്.

വലിയ മാറ്റങ്ങളുമായാണ് ഐപിഎല്ലിന്റെ പന്ത്രണ്ടാം പതിപ്പിൽ രാജസ്ഥാൻ റോയൽസ് എത്തുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആ മാറ്റം വ്യക്തമാവുകയും ചെയ്യും. പ്രധാനമാറ്റം ജെഴ്സി തന്നെയാണ്. കന്നി ഐപിഎൽ മുതൽ നീല കുപ്പയത്തിൽ കളിച്ചിരുന്ന രാജസ്ഥാൻ റോയൽസ് ഇത്തവണ എത്തുന്നത് പിങ്ക് ജെഴ്സിയിലാണ്. നേരത്തെ കഴിഞ്ഞ സീസണുകളിൽ കാൻസർ രോഗികൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് രാജസ്ഥാൻ റോയൽസ് പിങ്ക് നിറത്തിലുള്ള ജെഴ്സിയിൽ കളിച്ചിരുന്നു. എന്നാൽ ഇത്തവണ പിങ്ക് ടീമിന്റെ ഔദ്യോഗിക ജെഴ്സിയാണ്.

പിങ്ക് നിറത്തിലേയ്ക്ക് മാറുന്നതിനുള്ള കാരണമായി ഫ്രാഞ്ചൈസി നൽകിയ വിശദീകരണം ഇങ്ങനെ, “ജയ്‌പൂർ അറിയപ്പെടുന്നത് പിങ്ക് നഗരമെന്നാണ്, ജോധ്പൂർ പ്രശസ്തി ആർജിക്കുന്നത് പിങ്ക് പാറകൾക്കും ഉദയ്പൂർ പിങ്ക് മാർബിളിനുമാണ്. അതുകൊണ്ട് തന്നെ രാജസ്ഥാൻ റോയൽസിന് ഏറ്റവും അനുയോജ്യമായ നിറം പിങ്കാണ്.”

രാജസ്ഥാൻ റോയൽസിന്രെ ബ്രാൻഡ് അംബസഡറായി ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കം മുതൽ ടീമുമായി ചേർന്ന് പ്രവർത്തിക്കുന്ന താരമാണ് ഷെയ്ൻ വോൺ. ആദ്യ പതിപ്പിൽ രാജസ്ഥാൻ റോയൽസ് കിരീടം നേടിയതും ഷെയ്ൻ വോണിന്റെ നേതൃത്വത്തിലായിരുന്നു. ടീമിന്റെ മെന്ററായി വോൺ എത്തുന്നത് താരങ്ങൾക്കും ഏറെ പ്രചോദനമാകും.

മുഖ്യ പരിശീലകനായി പാഡി അപ്‌റ്റണും രാജസ്ഥാൻ റോയൽസിലേയ്ക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിനൊപ്പവും ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിനൊപ്പവും പ്രവർത്തിച്ച് പരിചയമുള്ള പാഡി അപ്റ്റൻ ഇന്ത്യൻ ഐപിഎല്ലിലെയും സ്ഥിര സാനിധ്യമാണ്. ഇതിനൊടകം മൂന്ന് ഐപിഎൽ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള താരമാണ് പാഡി. 2013 മുതൽ 2019 വരെ രാജസ്ഥാൻ റോയൽസിനെയും പാഡി പരിശീലിപ്പിച്ചിട്ടുണ്ട്. ഇത് പാഡിയുടെ രണ്ടാം വരവ് കൂടിയാണ്. ബിഗ് ബാഷ് ലീഗിലും പാക്കിസ്ഥാൻ സൂപ്പർ ലീഗിലുമുൾപ്പടെ പരിശീലകനായിട്ടുള്ള പാഡിയുടെ പരിചയസമ്പത്ത് ടീമിന് മുതൽ കൂട്ടാകുമെന്നാണ് പ്രതീക്ഷ.

സഹപരിശീലകരായി എത്തുന്നത് ഇന്ത്യൻ താരങ്ങൾ തന്നെയാണ്. അമോൾ മുസുംദാറാണ് ടീമിന്റെ ബാറ്റിങ്ങ് പരിശീലകൻ. ബോളിങ് പരിശീലകൻ മുൻ ഇന്ത്യൻ താരം സൈറാജ് ബഹുത്തുലെയും. ഫീൾഡിങ് പരിശീലകൻ ടീമിലെ വിക്കറ്റ് കീപ്പർ കൂടിയായിരുന്ന ദിശാന്ത് യാഗ്‌നിക്കും.

യുവത്വത്തിന്റെ കരുത്തുമായി തന്നെയാണ് ഇത്തവണയും രാജസ്ഥാൻ റോയൽസ് എത്തുന്നത്. ഒപ്പം പരിചയസമ്പന്നരായ ഒരുപിടി വിദേശ താരങ്ങളും. ഇന്ത്യൻ താരം അജിങ്ക്യ രഹാനെയാണ് ടീമിന്റെ നായകൻ. ഓസിസ് താരം സ്റ്റിവ് സ്‌മിത്തിന്റെ മടങ്ങിവരവിനും ഐപിഎൽ 12-ാം പതിപ്പ് വേദിയാകും. ഏഴ് വിദേശതാരങ്ങളാണ് രാജസ്ഥാൻ റോയൽസിൽ ഇത്തവണ കളിയ്ക്കുന്നത്.

നിലനിർത്തിയ താരങ്ങൾ: അജിങ്ക്യ രഹാനെ, കൃഷ്ണപ്പ് ഗൗതം, സഞ്ജു സാംസൺ, ശ്രേയസ് ഗോപാൽ, ആര്യമാൻ ബിർള, എസ് മിധുൻ, പ്രശാന്ത് ചോപ്ര, സ്റ്റുവർട്ട് ബിന്നി, രാഹുൽ ത്രിപാഠി, ബെൻ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‍ലർ, ജോഫ്രാ ആർച്ചർ, ഇഷ് സോധി, ധവാൽ കുൽക്കർണി, മഹിപാൽ ലോമ്റോർ.

കഴിഞ്ഞ ലേലത്തിൽ സ്വന്തമാക്കിയ താരങ്ങൾ: ജയദേവ് ഉനദ്കട്ട്, വരുൻ ആരോൺ, ഓഷേൻ തോമസ്, ആഷ്ടൻ ടേർണർ, ലിയാം ലിവിങ്സ്റ്റൻ, ശശാങ്ക് സിങ്, റിയാൻ പരാഗ്, മനാൻ വോഹ്‌റ, ശുഭം രഞ്ജനെ

മലയാളി താരം സഞ്ജു സാംസൺ ഇത്തവണയും ടീമിന്റെ കരുത്താകുമെന്നുറപ്പാണ്. സീസണിലെ താരം സഞ്ജു സാംസൺ ആകുമെന്ന് ഷെയ്ൻ വോണും പ്രഖ്യാപിച്ചു കഴിഞ്ഞു. ഒപ്പം ജയദേവും വരുൺ ആരോണുമൊക്കെ ചേരുന്നതോടെ ടീം സജ്ജം. വിദേശ താരങ്ങളിൽ സ്റ്റീവ് സ്മിത്തിൽ തന്നെയാണ് രാജസ്ഥാൻ റോയൽസ് പ്രതീക്ഷ അർപ്പിക്കുന്നത്. കൂട്ടിന് ഓൾറൗണ്ടർ ബെൻ സ്റ്റോക്സും എത്തുമെന്നുറപ്പാണ്. ഇന്ത്യയ്ക്കെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയൻ താരം ടേർണറും ടീമിനൊപ്പമുണ്ട്.

ആദ്യ സീസണിൽ സ്വന്തമാക്കിയ കിരീടത്തിൽ പിന്നീടൊരിക്കൽ പോലും മുത്തമിടാൻ രാജസ്ഥാന് സാധിച്ചിട്ടില്ല. ആ ചീത്തപേര് ഈ സീസണിൽ വോണും കുട്ടികളും തിരുത്തികുറിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

മാര്‍ച്ച് 23 നാണ് ഐപിഎല്‍ 12-ാം സീസണ് ആരംഭം കുറിക്കുക. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കോഹ്‌ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. മാർച്ച് 25ന് കിങ്സ് ഇലവൻ പഞ്ചാബിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2019 rajasthan royals players list coaches squad

Best of Express