കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. പോയന്റ് പട്ടികയില്‍ അവസാനം സ്ഥാനത്തു നിന്നും മുകളിലേക്ക് ചുവടുവച്ച് കയറി വരുന്ന രാജസ്ഥാന് ഏറെ നിര്‍ണായകമായിരുന്നു ഇന്നലത്തെ മത്സരം. ഏഴ് വിക്കറ്റിന് ഹൈദരാബാദിനെ പരാജയപ്പെടുത്തിയതോടെ പോയന്റ് പട്ടികയില്‍ ആറാമത് എത്തിയ രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യതകളും നിലനിര്‍ത്തി.

ഇന്നലത്തെ വിജയത്തിലേക്ക് രാജസ്ഥാനെ എത്തിച്ചത് ടീമിന്റെ സമ്പൂര്‍ണ മികവാണെങ്കിലും ഫിനിഷറുടെ റോളില്‍ തിളങ്ങിയ സഞ്ജുവാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി മാറിയിരിക്കുന്നത്. 19.1 ഓവറില്‍ കളി അവസാനിപ്പിച്ച് ഫിനിഷര്‍ റോളില്‍ സഞ്ജു തിളങ്ങുകയായിരുന്നു. 32 പന്തില്‍ 48 റണ്‍സായിരുന്നു സഞ്ജു ഇന്നലെ നേടിയത്.

മിക്ക യുവതാരങ്ങളും വണ്‍ ഹിറ്റ് വണ്ടറുകളോ തുടക്കത്തിലെ പൊട്ടിത്തെറികളോ മാത്രമായി ഒതുങ്ങുമ്പോഴാണ് സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ വ്യത്യസ്തനാകുന്നത്. അടിക്കേണ്ടിടത്ത് അടിച്ചും സിംഗിളുകളിലൂടെ റണ്‍റേറ്റ് നിലനിര്‍ത്തേണ്ടപ്പോള്‍ അങ്ങനേയും ബാറ്റ് ചെയ്യാനുള്ള കഴിവാണ് സഞ്ജുവിന്റെ സവിശേഷത. ഹൈദരാബാദിനെതിരെ 32 പന്തില്‍ 48 റണ്‍സ് നേടിയ സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 150 ആയിരുന്നു. നാല് ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

Read Also: ഏഴ് വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്ത് രാജസ്ഥാന്‍; ജയത്തിലേക്ക് നയിച്ച് സഞ്ജു

തന്റെ സമകാലികരില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന സഞ്ജുവിനെ എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീം തിരഞ്ഞെടുക്കുമ്പോള്‍ തഴയുന്നതെന്നാണ് ക്രിക്കറ്റ് ലോകം ചോദിക്കുന്നത്. ഹൈദരാബാദിനെതിരായ കളിക്ക് ശേഷം പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഹര്‍ഷ ഭോഗ്ല സഞ്ജുവിനെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

”സഞ്ജു എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നില്ലെന്നത് എനിക്ക് അമ്പരപ്പാണ്. ഒരു താരത്തിന് വേണ്ടതെല്ലാം അവനുണ്ട്. സ്ഥിരതയെ കുറിച്ച് എന്താണ് പറയുന്നതെന്ന് അറിയാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. ഇന്ത്യന്‍ ടീമിലെ സ്ഥാനത്തില്‍ നിന്നും അവനെ അകറ്റി നിര്‍ത്തുന്നത് അതാകാം”.


ആ ചോദ്യം ഓരോ ക്രിക്കറ്റ് പ്രേമിയും ചോദിക്കുന്നുണ്ട്. ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുത്തെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ സഞ്ജുവിന് ഇനിയും അവസരങ്ങളുണ്ട്. എന്നാല്‍ താരത്തെ സെലക്ടമാര്‍ പരിഗണിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. അതേസമയം ഇന്ത്യന്‍ ടീമിലെത്താനുള്ള മികവ് സഞ്ജുവിന് ഉണ്ടെന്നത് താരത്തിന്റെ പ്രകടനം വ്യക്തമാക്കും.

ഈ സീസണില്‍ സഞ്ജു ആദ്യ മത്സരത്തില്‍ നേടിയത് 30 റണ്‍സായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ സഞ്ജു സടകുടഞ്ഞെഴുന്നേറ്റു. ഹൈദരാബാദിനെതിരെയായിരുന്നു ആ മത്സരവും. സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ചുറിയില്‍ രാജസ്ഥാന്‍ നേടിയത് 199 റണ്‍സായിരുന്നു. 55 പന്തില്‍ നിന്നും 102 റണ്‍സാണ് സഞ്ജു നേടിയത്. നായകന്‍ രഹാനെയുമൊത്ത് 119 റണ്‍സിന്റ കൂട്ടുകെട്ടും സഞ്ജു പടുത്തുയര്‍ത്തി. രാജസ്ഥാന്റെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനായി സഞ്ജു ഇതിനോടകം തന്നെ വളര്‍ന്നിട്ടുണ്ട്. അതുറപ്പ് വരുത്തുന്നതായിരുന്നു ആ പ്രകടനം. സഞ്ജുവിന്റെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയായിരുന്നു ഇത്. നേരത്തെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിക്കുമ്പോഴായിരുന്നു സഞ്ജു സെഞ്ചുറി നേടിയത്. നാള് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. എന്നാല്‍ സഞ്ജുവിന്റെ സെഞ്ചുറി രാജസ്ഥാന് മുതലെടുക്കാനായില്ല. കളി ഹൈദരാബാദ് സ്വന്തമാക്കി.
ipl, ഐപിഎൽ, ipl 2019, Sanju Samson,സഞ്ജു വി.സാംസൺ, ie malayalam, ഐഇ മലയാളം
അന്നത്തെ തോല്‍വിക്കാണ് ഇന്നലെ സഞ്ജു പകരം വീട്ടിയത്. ഇത്തവണ വിജയം ഉറപ്പു വരുത്തുക മാത്രമല്ല അത് സ്വന്തമാക്കിയാണ് സഞ്ജു ക്രീസ് വിട്ടത്. മൂന്നാം വിക്കറ്റില്‍ നായകന്‍ സ്റ്റീവ് സ്മിത്തും സഞ്ജുവും രാജസ്ഥാനായി 55 റണ്‍സാണ് നേടിയത്. ഈ കൂട്ടുകെട്ടാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത്.

എന്നാല്‍ ഐപിഎല്ലിലെ പ്രകടനങ്ങള്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലുകള്‍ തുറക്കാന്‍ സഹായമായിട്ടില്ല ഇതുവരേയും. 2015 ന് ശേഷം ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. സ്ഥിരതയും ചില്ലറ അച്ചടക്ക പ്രശ്‌നങ്ങളുമാണ് താരത്തെ തടയുന്നത്. ഡല്‍ഹിയില്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ സഞ്ജുവിന്റെ പ്രകനടത്തില്‍ ശ്രദ്ധേയമായ മാറ്റം വന്നിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ പ്രകനടത്തില്‍ നിന്നും വ്യക്തമാണ്.
Also Read: ഐപിഎല്‍; രണ്ടായിരം റണ്‍സ് പിന്നിട്ട് സഞ്ജു സാംസണ്‍
എംഎസ് ധോണിയുടെ കാലത്ത് കളിച്ചു എന്ന കാരണം കൊണ്ട് മാത്രം ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കാതെ പോയ ഒരുപാട് താരങ്ങളുണ്ട്. ദിനേശ് കാര്‍ത്തിക് ആണ് അതിന് ഏറ്റവും മികച്ച ഉദാഹരണം. വളരെ ചെറുപ്പത്തിലെ ദേശീയ ശ്രദ്ധയിലെത്തിയ സഞ്ജുവിന് മുന്നില്‍ ഇനിയും അവസരവും സമയവുമുണ്ട്. എന്നാല്‍ ഋഷഭ് പന്തിന്റെ രംഗപ്രവേശനം സഞ്ജുവിന് വിലങ്ങു തടിയായിരിക്കുകയാണ്. അന്ന് ദിനേശ് കാര്‍ത്തിക്കെങ്കില്‍ ഇന്നത് സഞ്ജുവായി മാറുമോ എന്നാണ് ഇനി നോക്കിക്കാണേണ്ടത്. പ്രത്യേകിച്ച് പന്തിന്റെ കഴിവില്‍ ഇന്ത്യന്‍ നായകനും സെലക്ടര്‍മാരും പൂര്‍ണ വിശ്വാസം അര്‍പ്പിക്കുമ്പോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook