IPL 2019, Qualifier 2-CSKvsDC: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ ഫൈനൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ ചെന്നൈ സൂപ്പർ കിങ്സ്. രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ തുടർച്ചയായ രണ്ടാം ഫൈനൽ ഉറപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈ ജയം അനായാസമാക്കിയത്. ഐപിഎല്ലിൽ ചെന്നൈയുടെ നൂറാം ജയം കൂടിയാണ് ധോണിയും സംഘവും വിശാഖപട്ടണത്ത് കുറിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ എട്ടാം ഫൈനലിനാണ് ചെന്നൈ മുംബൈയ്ക്കെതിരെ ഇറങ്ങുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസെന്ന സ്കോറിലെത്തിയത്. ബാറ്റിങ് നിര തകർന്നടിഞ്ഞ മത്സരത്തിൽ ഋഷഭ് പന്തിന്റെ ചെറുത്ത് നിൽപ്പും വാലറ്റത്തിന്റെ രക്ഷാപ്രവർത്തനവുമാണ് ഭേദപ്പെട്ട സ്കോറിലേക്ക് ഡൽഹിയെ എത്തിച്ചത്. അവസാനം ബാറ്റ് വീശിയ മൂന്ന് താരങ്ങളുടെയും പ്രഹരശേഷി 200ന് മുകളിലായിരുന്നു.

Also Read: IPL 2019, Qualifier 2-CSKvsDC: ചെന്നൈയ്ക്ക് രണ്ടാം അവസരം, ഡൽഹിക്ക് രണ്ടാം കടമ്പ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. യുവതാരം പൃഥ്വി ഷായും ശിഖർ ധവാനും തന്നെയാണ് ഇക്കുറിയും ഡൽഹിക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൻ ചെയ്യാനെത്തിയത്. എന്നാൽ ഇരുവർക്കും ഡൽഹിക്ക് വേണ്ടി ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. ടീം സ്കോർ 21ൽ നിൽക്കെ പൃഥ്വി ഷായാണ് ആദ്യം മടങ്ങിയത്. അഞ്ച് റൺസെടുത്ത പൃഥ്വി ഷായെ ദീപക് ചാഹർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

Also Read:

പിന്നാലെ ശിഖർ ധവാനെ ഹർഭജൻ സിങ്ങും മടക്കി. ടീം സ്കോർ 37 റൺസിൽ നിൽക്കെയാണ് 18 റൺസെടുത്ത ശിഖർ ധവാനെ ഹർഭജൻ സിങ് നായകൻ ധോണിയുടെ കൈകളിൽ എത്തിച്ചത്. മൂന്നാമനായി ഇറങ്ങിയ കോളിൻ മുൻറോ ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും ടീം സ്കോറിൽ 20 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ മൂന്നാം വിക്കറ്റിൽ പുറത്താവുകയായിരുന്നു. ഇത്തവണ വിക്കറ്റ് വീഴ്ത്തിയത് രവീന്ദ്ര ജഡേജയായിരുന്നു. 24 പന്തിൽ 27 റൺസാണ് കോളിൻ മുൻറോ അടിച്ചെടുത്തത്.

നായകൻ ശ്രേയസ് അയ്യരെ ഇമ്രാൻ താഹിറും മടക്കിയതോടെ ഡൽഹിയുടെ വിക്കറ്റ് നഷ്ടം 12-ാം ഓവറിൽ നാലിലെത്തി. 18 പന്തിൽ നിന്ന് 13 റൺസെടുത്ത ശ്രേയസ് അയ്യരെ ഇമ്രൻ താഹിർ സുരേഷ് റെയ്നയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അടുത്ത ഓവറിൽ തന്നെ അക്സർ പട്ടേലിനെ മടക്കി ഡ്വെയ്ൻ ബ്രാവോ ഡൽഹി ക്യാപിറ്റൽസിന്റെ അഞ്ചാം വിക്കറ്റും വീഴ്ത്തി. അന്നേരപ്പോഴേക്കും ഡൽഹി സ്കോർ 80 ൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.

തകർപ്പനിടിക്കാരൻ ഋഷഭ് പന്ത് ക്രീസിൽ നിലയുറപ്പിച്ചതോടെ ഡൽഹി വീണ്ടും പ്രതീക്ഷകളിലേക്ക് മടങ്ങിയെത്തി. എന്നാൽ റുഥർഫോർഡിനെയും പുറത്താക്കി ഹർഭജൻ വിക്കറ്റ് നേട്ടം രണ്ടാക്കി. ഡൽഹിക്ക് ആറാം വിക്കറ്റ് നഷ്ടവും. ഹർഭജന്റെ പന്ത് ഉയർത്തിയടിച്ച റുഥർഫോർഡിനെ വാട്സൺ പിടികൂടി. കഴിഞ്ഞ മത്സരത്തിൽ വിജയ റൺസ് കണ്ടെത്തിയ കീമോ പോളിനും അധികം ആയുസുണ്ടായില്ല. മൂന്ന് റൺസെടുത്ത കീമോ പോളിന്റെ വിക്കറ്റ് ഡ്വെയ്ൻ ബ്രാവോ തെറിപ്പിച്ചതോടെ ഡൽഹി സ്കോറിങ് വീണ്ടും മന്ദഗതിയിലായി.

അവസാന പ്രതീക്ഷയായിരുന്ന ഋഷഭ് പന്തിനെയും 19-ാം ഓവറിൽ ചെന്നൈ മടക്കി. 25 പന്തിൽ 38 റൺസെടുത്ത പന്ത് ദീപക് ചാഹറിന്റെ പന്തിൽ ഡ്വെയ്ൻ ബ്രാവോയ്ക്ക് ക്യാച്ച് നൽകിയാണ് കൂടാരം കയറിയത്. പിന്നാലെ എത്തിയ ട്രെന്റ് ബോൾട്ട് ഒരു പന്ത് സിക്സർ പറത്തിയെങ്കിലും അടുത്ത പന്തിൽ പുറത്തായി. രവീന്ദ്ര ജഡേജയുടെ പന്ത് സ്റ്റംമ്പിൽ തട്ടി നായകൻ ധോണിയുടെ കൈകളിൽ എത്തുകയായിരുന്നു.

എന്നാൽ തനിക്ക് കിട്ടിയ അവസരം നന്നായി ഉപയോഗപ്പെടുത്തിയ ഇഷാന്ത് ശർമ്മ രണ്ട് പന്ത് ബൗണ്ടറി കടത്തിയതോടെ 147 റൺസെന്ന സ്കോറിൽ ഡൽഹി എത്തുകയായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി ദീപക ചാഹർ, ഹർഭജൻ സിങ്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇമ്രാൻ താഹിറിന് ഒരു വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ ചെന്നൈയുടെ തുടക്കവും സാവധാനമായിരുന്നു. ഇന്നിങ്സ് ഓപ്പൻ ചെയ്യാനെത്തിയ ഷെയ്ൻ വാട്സണും ഡു പ്ലെസിസും ആദ്യ രണ്ട് ഓവറിൽ അടിച്ചെടുത്തത് നാല് റൺസ് മാത്രമായിരുന്നു. എന്നാൽ പതിയെ കളിയിലേക്ക് മടങ്ങിയെത്തിയ ഇരുവരും അർധസെഞ്ചുറി തികച്ചു. തുടക്കം മുതൽ ആഞ്ഞടിച്ച ഡു പ്ലെസിസാണ് ആദ്യം അർധസെഞ്ചുറി തികച്ചത്. പിന്നാലെ താരം പുറത്താവുകയും ചെയ്തു. 39 പന്തിൽ ഏഴ് ഫോറും ഒരു സിക്സും അടക്കം 50റൺസെടുത്ത ഡു പ്ലെസിസിനെ ട്രെന്റ് ബോൾട്ടാണ് പുറത്താക്കിയത്.

മൂന്നാമനായി എത്തിയ സുരേഷ് റെയ്നയെ കൂട്ടുപിടിച്ച് ഷെയ്ൻ വാട്സൺ ചെന്നൈ സ്കോർബോർഡ് ഉയർത്തി. 32 പന്തിൽ വാട്സണും അർധസെഞ്ചുറി തികച്ചെങ്കിലും അടുത്ത പന്തിൽ താരവും പുറത്തായി നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിങ്സ്. അമിത് മിശ്രയുടെ പന്ത് ഉയർത്തിയടിച്ച വാട്സണെ ട്രെന്റ് ബോൾട്ട് കൈപിടിയിൽ ഒതുക്കുകയായിരുന്നു.

അധികം വൈകാതെ റെയ്നയും മടങ്ങി. 11 റൺസ് മാത്രമാണ് ചിന്നത്തലയ്ക്ക് ചെന്നൈ ടീം സ്കോറിൽ കൂട്ടിച്ചേർക്കാനായത്. അക്സർ പട്ടേലിന്റെ പന്തിലാണ് താരം പുറത്തായത്. പിന്നാലെ എത്തിയ അമ്പാട്ടി റയ്ഡുവും നായകൻ എംഎസ് ധോണിയും ചേർന്ന് ചെന്നൈയെ വിജയതീരത്ത് എത്തിച്ചെങ്കിലും ലക്ഷ്യം പൂർത്തിയാക്കാതെ നായകൻ മടങ്ങി. ആറമനായി എത്തിയ ബ്രാവോയെ കാഴ്ചകാരനാക്കി ബൈ റൺസിലൂടെ ചെന്നൈയ്ക്ക് ജയംവും തുടർച്ചയായ രണ്ടാം ഫൈനലും. റയിഡു 20 റൺസും ധോണി 9 റൺസും നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook