ചെന്നൈ: 2019 ഐപിഎല്‍ ഫൈനലിലേക്ക് ആര് ആദ്യം പ്രവേശിക്കുമെന്ന് ഇന്ന് അറിയാം. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രാത്രി 7.30 ന് ചെന്നൈയിലാണ് കളി നടക്കുക. ഇന്ന് നടക്കുന്ന ക്വാളിഫയര്‍ ഒന്നില്‍ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഐപിഎല്‍ 12-ാം സീസണ്‍ ഫൈനലിലേക്ക് പ്രവേശിക്കും. തോല്‍ക്കുന്ന ടീം രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടി വരും. പോയിന്റ് ടേബിളില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും.

Read More: ഒന്നാം സ്ഥാനക്കാരായി മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് ഇങ്ങനെ

ഐപിഎൽ ചരിത്രത്തില്‍ ഇതുവരെ മൂന്ന് വീതം കിരീടങ്ങളാണ് ഇരു ടീമുകളും നേടിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് 2010, 2011, 2018 വര്‍ഷങ്ങളില്‍ കിരീടം ചൂടിയപ്പോള്‍ മുംബൈ 2013, 2015, 2017 വര്‍ഷങ്ങളില്‍ കിരീടം സ്വന്തമാക്കി. മഹേന്ദ്രസിങ് ധോണിയാണ് ചെന്നൈയെ നയിക്കുന്നതെങ്കില്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ നായകന്‍. രണ്ട് പേരും മികച്ച നായകന്‍മാരാണ്. ഈ സീസണില്‍ ഇരു ടീമുകളും തമ്മില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം മുംബൈക്കൊപ്പമായിരുന്നു.

കളിച്ച 14 മത്സരങ്ങളിൽ ഒമ്പതും ജയിച്ചാണ് സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും പ്ലേ ഓഫ് പ്രവേശനം. കളിച്ച 14 മത്സരങ്ങളിൽ ഒമ്പത് ജയവുമായാണ് മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. 18 പോയിന്റുള്ള മുംബൈ ഇന്ത്യൻസിന്റെ നെറ്റ് റൺറേറ്റ് +0.421 ആണ്. പരാജയത്തോടെ തുടങ്ങിയ മുംബൈ പതിയെ സീസണിൽ ചുവടുറപ്പിക്കുകയായിരുന്നു.

Read More IPL News Here

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി തുടങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് സീസണിൽ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ചതും. 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയവുമുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെയും പോയിന്റ് സമ്പാദ്യം 18 ആണ്. കളിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫിലെത്തിയ ഏക ടീമെന്ന റെക്കോർഡ് ചെന്നൈയ്ക്ക് മാത്രം സ്വന്തമാണ്.

ഡൽഹി ക്യാപിറ്റൽസും സൺറെെസേഴ്സ് ഹെെദരാബാദുമാണ് പ്ലേ ഓഫിൽ ഇടം പിടിച്ച മറ്റ് രണ്ട് ടീമുകൾ. ഡൽഹി ക്യാപിറ്റൽസ് ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ നാലാം സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കഴിഞ്ഞ സീസണിൽ റണ്ണർ അപ്പുകളായി പന്ത്രണ്ടാം പതിപ്പിലെത്തിയ സൺറൈസേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ഇടയ്ക്ക് പിന്നിലേക്ക് പോയ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത അവസാനിപ്പിച്ചിരുന്നില്ല. എന്നാൽ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഏറ്റ തോൽവി ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്ഥാനത്താക്കി. അതിനാൽ തന്നെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരം വരെ അവർക്ക് കാത്തിരിക്കേണ്ടിയും വന്നു. തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിടുന്ന ഹൈദരാബാദിന് എലിമിനേറ്ററിൽ നേരിടേണ്ടി വരുക ഡൽഹി ക്യാപിറ്റൽസിനേയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook