ഐപിഎൽ 2019ൽ ഓരോ ദിവസവും പോരാട്ടങ്ങൾ വാശിയേറിയതാവുകയാണ്. പ്ലെ ഓഫ് ഉറപ്പിക്കാൻ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഓറഞ്ച് ക്യാപ്പിന് വേണ്ടി ബാറ്റ്സ്മാന്മാരും പർപ്പിൾ ക്യാപ്പിന് വേണ്ടി ബോളർമാരും മത്സരത്തിൽ തന്നെ. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. എട്ട് പോയിന്റുകളാണ് കൊൽക്കത്തയുടെ അക്കൗണ്ടിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനും അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുകൾ ഉണ്ടെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്തയാണ് മുന്നിൽ.

Read More: IPL 2019: തോറ്റ് തോറ്റ് നാണക്കേടിന്റെ റെക്കോര്‍ഡുമായി ബെംഗളൂരു; തല താഴ്ത്തി കോഹ്ലിപ്പട

അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം സ്ഥാനത്തും മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്തുമാണ്. ഡൽഹി ക്യാപിറ്റൽസ് അഞ്ചാം സ്ഥാനത്തും കിങ്സ് ഇലവൻ പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. ഒരു മത്സരം മാത്രം ജയിച്ച രാജസ്ഥാൻ റോയൽസാണ് പട്ടികയിൽ ഏഴാം സ്ഥാനത്ത്. കളിച്ച ആറ് മത്സരങ്ങളും പരാജയപ്പെട്ട ബാംഗ്ലൂരാണ് എട്ടാം സ്ഥാനത്ത്.

Read More: അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞിട്ടും തളരാതെ മൈതാനത്തേക്കിറങ്ങി; ഇന്ന് അല്‍സാരിയാണ് താരം

ഏറ്റവും കൂടതൽ റൺസ് നേടുന്ന താരത്തിന് നൽകുന്ന ഓറഞ്ച് ക്യാപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഡേവിഡ് വാർണറാണ് മുന്നിൽ. വിലക്കിന് ശേഷം ഐപിഎല്ലിലൂടെ വൻ തിരിച്ചുവരവ് നടത്തിയ ഡേവിഡ് വാർണർ അഞ്ച് മത്സരങ്ങളിൽ നിന്ന് 279 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ രണ്ട് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾപ്പെടുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന്റെ തന്നെ ജോണി ബെയർസ്റ്റോയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് കളികളിൽ നിന്ന് 262 റൺസാണ് ബെയർസ്റ്റോയുടെ അക്കൗണ്ടിലുള്ളത്.

ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യർ മൂന്നാം സ്ഥാനത്തും കൊൽക്കത്തയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ആന്ദ്രെ റസൽ നാലാം സ്ഥാനത്തുമാണ്. അയ്യർ 215 റൺസ് ഇതുവരെ നേടിയപ്പോൾ ആന്ദ്രെ റസൽ 207 റൺസാണുള്ളത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി 203 റൺസുമായി അഞ്ചാം സ്ഥാനത്തുമാണ്.

വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ കഗിസോ റബാഡയാണ് മുന്നിൽ. ആറ് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റാണ് കഗിസോ വീഴ്ത്തിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യുസ്‌വേന്ദ്ര ചാഹലാണ് ഒമ്പത് വിക്കറ്റുമായി രണ്ടാം സ്ഥാനത്ത്. എട്ട് വിക്കറ്റ് നേടിയ രാജസ്ഥാൻ റോയൽസിന്റെ ശ്രേയസ് ഗോപാൽ മൂന്നാം സ്ഥാനത്തും ഏഴ് വിക്കറ്റ് വീതം നേടിയ സൺറൈസേഴ്സിന്റെ മുഹമ്മദ് നബിയും ചെന്നൈ സൂപ്പർ കിങ്സിന്റെ ഇമ്രാൻ താഹിർ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook