ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിന്റെ ലൈവ് സംപ്രേക്ഷണം പാക്കിസ്ഥാനിലുണ്ടാവില്ല. പാക്കിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി ഫവാദ് അഹമ്മദ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഐപിഎല്ലിന് പാക്കിസ്ഥാനിൽ സംപ്രേക്ഷണ അനുമതി നൽകില്ലെന്ന് അദ്ദേഹം പറഞ്ഞത്.

പാക്കിസ്ഥാൻ സൂപ്പർ ലീഗ് നടന്ന സമയത്ത് ഇന്ത്യൻ കമ്പനികളും സർക്കാരും പാക്കിസ്ഥാൻ ക്രിക്കറ്റിനോട് സ്വീകരിച്ച നിലപാട് എല്ലാവർക്കും അറിയാവുന്നതാണെന്നും അത് ക്ഷമിക്കാൻ തത്കാലം സാധിക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യയിൽ പിഎസ്എൽ സംപ്രേക്ഷണം വേണ്ട എന്ന നിലപാട് സ്വീകരിച്ചത്. ഐഎംജി റിലയൻസ് കരാറിൽ നിന്ന് പിന്മാറുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരെ റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ സൈനിക തൊപ്പിയണിഞ്ഞെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ചൗധരി വിമർശിക്കുന്നുണ്ട്. ക്രിക്കറ്റിനെയും രാഷ്ട്രീയത്തെയും രണ്ടാക്കി നിർത്താനാണ് ഞങ്ങൾ ശ്രമിച്ചത്. എന്നാൽ ഇന്ത്യൻ താരങ്ങൾ സൈനിക തൊപ്പിയണിഞ്ഞാണ് ഓസ്ട്രേലിയയ്ക്കെതിരെ കളിച്ചത്. അതിനെതിരെ ഒരു നടപടിയും സ്വീകരിച്ചതുമില്ല.

പാക്കിസ്ഥാൻ പോലെ ഒരു ക്രിക്കറ്റ് സൂപ്പർ പവർ രാജ്യത്ത് സംപ്രേക്ഷണം ഇല്ലാത്തത് ഐപിഎല്ലിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാളെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യ പോരാട്ടം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ