മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ പൊലിഞ്ഞു. മുംബൈ ഇന്ത്യന്‍സിന് ഒമ്പത് വിക്കറ്റ് വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സിന്റെ വിജയ ലക്ഷ്യം മുംബൈ 16.1 ഓവറില്‍ മറി കടക്കുകയായിരുന്നു. ഇതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് ടിക്കറ്റ് നേടി. പോയന്റ് പട്ടികയില്‍ മുംബെെ ഒന്നാമതെത്തി.
ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ മാത്രമാണ് മുംബൈയ്ക്ക് നഷ്ടമായത്. ഡികോക്ക് 23 പന്തില്‍ നിന്നും 30 റണ്‍സുമായി മടങ്ങിയപ്പോള്‍ നായകന് രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറി നേടി. 48 പന്തുകളില്‍ നിന്നും എട്ട് ഫോറുകളടക്കം 55 റണ്‍സാണ് രോഹിത് നേടിയത്. സൂര്യകുമാര്‍ യാദവ് 46 റണ്‍സുമായി നായകന് പിന്തുണ നല്കി. അഞ്ച് ഫോറും രണ്ട് സിക്സുമടക്കമാണ് സൂര്യകുമാറിന്റെ ഇന്നിങ്സ്.
ടോസ് നേടിയ മുംബൈ കൊല്‍ക്കത്തയെ ബാറ്റിങിന് അയക്കുകയായിരുന്നു. മുംബൈയുടെ തന്ത്രം ഫലം കണ്ടപ്പോള്‍ പ്ലേ ഓഫ് മുന്നില്‍ കണ്ടിറങ്ങിയ കൊല്‍ക്കത്തയ്ക്ക് പതറി.
ഓപ്പണര്‍ ക്രിസ് ലിന്നും റോബിന് ഉത്തപ്പയുമാണ് കൊല്‍ക്കത്ത നിരയില്‍ പൊരുതിയത്. കഴിഞ്ഞ കളിയിലെ താരമായിരുന്ന ശുബ്മാന് ഗില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. 29 പന്തുകളില്‍ നിന്നും 41 റണ്‍സാണ് ക്രിസ് ലിന് നേടിയത്. കൊല്‍ക്കത്തയുടെ പ്രതീക്ഷ മുഴുവന്‍ പേറിയ ഉത്തപ്പ 47 പന്തുകളില്‍ നിന്നും 40 റണ്‍സ് നേടി.
ഉത്തപ്പയ്ക്കൊപ്പം നിന്ന് നിതീഷ് റാണയും കൊല്‍ക്കത്തയ്ക്കായി പൊരുതി. 13 പന്തുകളില്‍ നിന്നും 26 റണ്‍സാണ് റാണ നേടിയത്. മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ലസിത് മലിംഗയാണ്. ജസ്പ്രീത് ബുംറയും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.