ചെന്നൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നിഷ്‌പ്രഭമാക്കിയാണ് ചെന്നൈ തിരിച്ചു വരവ് ആഘോഷിച്ചത്. 70 റണ്‍സ് മാത്രമാണ് ബെംഗളൂരുവിന് എടുക്കാന്‍ സാധിച്ചത്. എട്ടാം ഓവറില്‍ എത്തിനില്‍ക്കെ 39/4 എന്ന സ്ഥിതിയിലെത്തിയതോടെ ബെംഗളൂരുവിന്റെ വിധി ഉറപ്പിച്ചിരുന്നു. ഓഫ് സ്പിന്നറും ടീമിലെ മുതിര്‍ന്ന താരങ്ങളിലൊരാളുമായ ഹര്‍ഭജന്റെ പ്രകടനമാണ് ചെന്നൈയ്ക്ക് നേരത്തെ തന്നെ മേല്‍ക്കൈ നേടി കൊടുത്തത്.

നാല് ഓവര്‍ എറിഞ്ഞ് 20 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റാണ് 38 കാരനായ ഭാജി നേടിയത്. അപ്രതീക്ഷമായിട്ടായിരുന്നു ആദ്യ എട്ട് ഓവറുകള്‍ക്കുള്ളില്‍ തന്നെ ധോണി ഹര്‍ഭജന് പന്ത് നല്‍കിയത്. രണ്ടാം ഓവറില്‍ തന്നെ ധോണിയുടെ വിശ്വാസത്തിന് ഹര്‍ഭജന് മറുപടി നല്‍കി. ബെംഗളൂരു നായകന്‍ വിരാട് കോഹ്‌ലിയെന്ന അപകടക്കാരനെ പുറത്താക്കിയാണ് ഹര്‍ഭജന്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

Read: തുടക്കം തന്നെ കരുത്തുകാട്ടി ചാമ്പ്യന്മാർ; ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് തകർപ്പൻ ജയം

പിച്ചിന്റെ സ്വഭാവം മുതലെടുത്ത ഹര്‍ഭജന്‍ അടുത്ത ഓവറില്‍ മോയിന്‍ അലിയേയും പുറത്താക്കി. എട്ടാം ഓവറില്‍ ഇമ്രാന്‍ താഹിറിന് എബി ഡിവില്ലിയേഴ്‌സിന്റെ ക്യാച്ച് ലഭിച്ചെങ്കിലും താഹിറിന് പിഴച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ മനോഹരമായൊരു ക്യാച്ചിലൂടെ ജഡേജ ഡിവില്ലിയേഴ്‌സിനെ പുറത്താക്കി. ആര്‍സിബിയുടെ പ്രധാന ബാറ്റ്‌സ്മാന്മാരെയാണ് ഹര്‍ഭജന്‍ പുറത്താക്കിയത്.

കരിയര്‍ അവസാനിച്ചെന്ന് പലരും വിലയിരുത്തിയ ഇടത്താണ് ഹര്‍ഭജന്റെ വിരോചിതമായ പ്രകടനം എന്നതും ശ്രദ്ധേയമാണ്. ചെന്നൈ ടീമിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് ഭാജി. ഹര്‍ഭജന്‍ തീര്‍ത്ത കുഴിയില്‍ വീണ ബെംഗളൂരുവിന് പിന്നെ അതില്‍ നിന്നും പുറത്ത് കടക്കാനായില്ല. പാര്‍ത്ഥീവ് പട്ടേല്‍ ഒഴികെ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.

ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സാണ് ചെന്നൈയുടെ അടുത്ത എതിരാളികള്‍. വ്യാഴാഴ്ച മുംബൈയ്‌ക്കെതിരെയാണ് ബെംഗളൂരുവിന്റെ രണ്ടാം മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook