വിമാനത്താവളത്തിൽ നിലത്ത് കിടന്നുറങ്ങുന്ന എം.എസ്.ധോണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി മുൻപും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത്തവണ ധോണി മാത്രമല്ല ഒപ്പം ഭാര്യയും തറയിൽ കിടന്നുറങ്ങുന്ന ചിത്രമാണ് തന്റെ ഇൻസ്റ്റഗ്രാമിൽ മാഹി പങ്കുവച്ചിരിക്കുന്നത്.

ചെന്നൈ വിമാനത്താവളത്തിലെ വെയിറ്റിങ് ഏരിയയിൽ നിന്നുളളതാണ് ചിത്രം. ബാഗ് തലയിണയാക്കി മാറ്റിയാണ് ധോണിയും സാക്ഷിയും തറയിൽ കിടന്നുറങ്ങിയത്. ചെന്നൈയുടെ മറ്റു താരങ്ങൾ ഇരുവരും കിടന്നുറങ്ങുന്നതിന്റെ സമീപത്തിരിക്കുന്നതും ചിത്രത്തിൽ കാണാം. ഐപിഎല്ലിലെ മത്സരത്തിനുശേഷം രാവിലെയുളള വിമാനം കിട്ടിയാൽ ഇതായിരിക്കും സംഭവിക്കുകയെന്നാണ് ധോണി ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന കുറിപ്പ്.

വ്യാഴാഴ്ച ജയ്പൂരിലാണ് ചെന്നൈയുടെ അടുത്ത മത്സരം. ഇതിനാണ് ഇന്നു രാവിലെയുളള വിമാനത്തിൽതന്നെ താരങ്ങൾ പുറപ്പെട്ടത്. വ്യഴാഴ്ച നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആണ് ചെന്നൈയുടെ എതിരാളികൾ.

Read: അടിതെറ്റി കൊൽക്കത്ത, അനായാസം ചെന്നൈ; പോയിന്റ് പട്ടികയിൽ ‘തല’ ഉയർത്തി സൂപ്പർ കിങ്സ്

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയാണ് ജയിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം ചെന്നൈ അനായാസം സ്വന്തമാക്കുകയായിരുന്നു. കൊൽക്കത്ത ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം, ചെന്നൈ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ജയത്തോടെ കൊൽക്കത്തയെ മറികടന്ന് ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook