ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആദ്യ മത്സരം ജയിച്ച് ടൂര്‍ണമെന്റ് മികച്ച രീതിയില്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ധോണിയും സംഘവും ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ കടുത്ത പരിശീലനമാണ് താരങ്ങള്‍ നടത്തുന്നത്.

പരിശീലനത്തിനിടെ ധോണി അടിച്ച ഒരു സിക്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പറന്നു നടക്കുന്നത്. ചെപ്പോക്ക് സ്‌റ്റേഡിയത്തിന്റെ റൂഫ് ടോപ്പിലാണ് പന്ത് ചെന്നു വീഴുന്നത്. നേരത്തേയും പരിശീലനത്തിനിടെ സിക്‌സുകള്‍ അടിച്ചു കൂട്ടുന്ന ധോണിയുടെ വീഡിയോ വൈറലായിരുന്നു. ഈ പ്രകടനം കളിക്കളത്തിലും കാണാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

അതേസമയം, ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിലെ ടിക്കറ്റ് വിറ്റ് കിട്ടുന്ന തുക മുഴുവന്‍ പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചു. നായകന്‍ ധോണിയായിരിക്കും ചെക്ക് കൈമാറുക.

Read More: ഹൃദയം കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ടിക്കറ്റ് തുക സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കും

”ചെന്നൈയുടെ ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റ് വിറ്റു കിട്ടുന്ന തുക പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് കൈമാറും. ലഫ്റ്റനന്റ് കേണല്‍ എം.എസ്.ധോണിയാകും ചെക്ക് കൈമാറുക” സിഎസ്‌കെ ഡയറക്ടര്‍ രാകേഷ് സിങ് പറഞ്ഞു.

ഐപിഎല്ലിന്റെ 12-ാം സീസണിന്റെ ഉദ്ഘാന മത്സരം നടക്കുക ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ്. മാര്‍ച്ച് 23 ന് ചെന്നൈയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ആദ്യ അങ്കത്തിനിറങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook