2019 ഐപിഎല്‍ സീസണില്‍ മറ്റൊരു വിവാദത്തിന് തിരി കൊളുത്തി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ധോണിയുടെ പ്രവൃത്തി. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് ഇടയില്‍ ധോണി മൈതാനത്തേക്ക് അപ്രതീക്ഷിതമായി പ്രവേശിച്ച് അംപയർമാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മത്സരത്തിന്റെ അവസാന ഓവറില്‍ അംപയര്‍ നോബോള്‍ വിളിക്കാതിരുന്നതാണ് ധോണിയെ ചൊടിപ്പിച്ചത്. അരയ്ക്ക് മുകളില്‍ പന്ത് ഉയര്‍ത്തി എറിഞ്ഞത് അംപയര്‍ നോ ബോള്‍ വിളിച്ചിരുന്നില്ല.

ധോണി മൈതാനത്ത് ഇറങ്ങി അംപയറുമായി തര്‍ക്കിച്ചതോടെ മത്സരം അല്‍പസമയം തടസ്സപ്പെട്ടു. സംഭവത്തില്‍ ധോണിക്കെതിരെ നടപടിയെടുത്തു. മാച്ച് ഫീയുടെ 50 ശതമാനം ധോണിക്ക് പിഴ വിധിച്ചു. സംഭവത്തില്‍ ധോണിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ബെന്‍ സ്റ്റോക്സാണ് പന്തെറിഞ്ഞത്. രണ്ട് അംപയര്‍മാരും രണ്ട് വിധത്തിലാണ് പന്ത് ഡെലിവറി വിധിച്ചത്. ക്രീസില്‍ ഉണ്ടായിരുന്ന രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്ത്നറും അംപയര്‍മാരുമായി സംസാരിച്ചു. ഇതിനിടയിലാണ് ധോണി മൈതാനത്തേക്ക് ഇറങ്ങി വന്നത്. സാന്ത്നര്‍ അവസാന പന്തില്‍ സിക്സടിച്ചാണ് ചെന്നൈയെ വിജയിപ്പിച്ചത്.

അവസാന പന്തു വരെ നീണ്ടു നിന്ന മത്സരത്തില്‍ ജയിച്ചെന്നുറച്ച രാജസ്ഥാന് ഒടുവില്‍ എല്ലാം നഷ്ടമാവുകയായിരുന്നു. നായകന്‍ ധോണിയുടേയും അമ്പാട്ടി റായിഡുവിന്റേയും പ്രകടനമാണ് ചെന്നൈയ്ക്ക് ഒരു ഘട്ടത്തില്‍ അസാധ്യമെന്ന് തോന്നിയ ജയം സമ്മാനിച്ചത്.

ചെന്നൈയുടെ മുന്‍ നിരയെ ആദ്യമേ തന്നെ രാജസ്ഥാന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ റായിഡുവും ധോണിയും ചേര്‍ന്ന് കളിയുടെ ഗതി തന്നെ മാറ്റുകയായിരുന്നു. 47 പന്തില്‍ 57 റണ്‍സാണ് റായിഡു നേടിയത്. ഇതില്‍ രണ്ട് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടും. നായകന്‍ ധോണി 43 പന്തില്‍ 58 റണ്‍സ് നേടി. രണ്ട് ഫോറും മൂന്ന് സിക്‌സും ധോണി നേടി. അവസാന ഓവറിലാണ് ധോണി പുറത്താകുന്നത്. ധോണി പുറത്താകുമ്പോള്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ നാല് പന്തില്‍ എട്ട് റണ്‍സ് വേണമെന്ന നിലയിലായിരുന്നു ചെന്നൈ. എന്നാല്‍ അവസാന ഓവറിലെ ബെന്‍ സ്‌റ്റോക്‌സ് വരുത്തിയ പിഴവുകള്‍ രാജസ്ഥാന് വിനയായി.

അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണമെന്നിരിക്കെ സാന്റ്‌നര്‍ സിക്‌സ് അടിക്കുകയായിരുന്നു. സാന്റ്‌നറുടെ ആദ്യ മത്സരവുമായിരുന്നു ഇന്നലത്തേത്. രാജസ്ഥാന്‍ ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത സ്‌റ്റോക്ക്‌സും ഓരോ വിക്കറ്റ് വീതം നേടിയ ആര്‍ച്ചറും ഉനദ്കട്ടും കുല്‍ക്കര്‍ണിയുമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ