മുംബൈ ഇന്ത്യൻസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ നായകൻ എം.എസ്.ധോണി കളിച്ചിരുന്നില്ല. പനി മൂലം ധോണിക്ക് കളിക്കാനായില്ല. ധോണി ഇല്ലാതെ ഇറങ്ങിയ ചെന്നൈ ടീം 46 റൺസിന് പരാജയപ്പെട്ടിരുന്നു. ധോണി ടീമിൽ ഇല്ലാത്തത് ടീമിന് കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കിയെന്നും ഇത് ജയത്തിൽ നിർണായകമാണെന്നും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ പറഞ്ഞു.

”എം.എസ്.ധോണി ഇല്ലാത്തത് ഞങ്ങൾക്ക് കൂടുതൽ കരുത്തായി. കാരണം ധോണിയുടെ സാന്നിധ്യം ചെന്നൈ ടീമിന്റെ ആത്മവിശ്വാസം കൂട്ടും. പക്ഷേ ധോണി ഇല്ലാതെ ഇറങ്ങുന്ന ടീമിന് ഞങ്ങൾ ഉയർത്തിയ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ ബുദ്ധിമുട്ടേണ്ടി വരും. ധോണിയുടെ അഭാവം ചെന്നൈ ടീമിനെ ശരിക്കും ബാധിച്ചു. അസുഖം മൂലമാണ് അദ്ദേഹത്തിന് കളിക്കാനാവാതെ പോയത്,” മത്സരശേഷം രോഹിത് പറഞ്ഞു.

ടോസ് നഷ്ടമായതും ഗുണകരമായെന്ന് രോഹിത് പറഞ്ഞു. ”ടോസ് നഷ്ടമായത് നല്ലതായെന്ന് ഞാൻ കരുതുന്നു. പക്ഷേ ബാറ്റിങ്ങ് ലഭിച്ചാലും ബോളിങ്ങ് ലഭിച്ചാലും നല്ല രീതിയിൽ കളിക്കുമെന്ന് മത്സരത്തിന്റ തുടക്കത്തിൽ തന്നെ ഞങ്ങൾ ഉറപ്പിച്ചിരുന്നു. ഈ വിജയം മുംബൈ ഇന്ത്യൻസിലെ ഓരോ കളിക്കാരുടെയും ശ്രമഫലമാണ്,” രോഹിത് പറഞ്ഞു.

Read: നായകന്‍ മുന്നില്‍ നിന്നു നയിച്ചു; ചെന്നൈയെ 46 റണ്‍സിന് തകർത്ത് മുംബെെ

മുംബൈ ബോളര്‍മാരില്‍ ഇന്നലെ തിളങ്ങിയത് ലസിത് മലിംഗയാണ്. താരം നാല് വിക്കറ്റാണ് വീഴ്ത്തിയത്. ബുംറയും ക്രുണാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്‌കോര്‍ നേടാനായത്. 20 ഓവറില്‍ 155-4 എന്ന നിലയിലാണ് മുംബൈ കളി അവസാനിപ്പിച്ചത്.

അര്‍ധ സെഞ്ചുറി നേടിയ രോഹിത്താണ് ടോപ്പ് സ്‌കോറര്‍. രോഹിത് 48 പന്തില്‍ 67 റണ്‍സാണ് നേടിയത്. എവിന്‍ ലൂയിസ് 30 പന്തില്‍ 32 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. ഹാര്‍ദ്ദിക് പാണ്ഡ്യ 23 റണ്‍സും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണര്‍ മുരളി വിജയിയുടേയും മധ്യനിരയില്‍ ബ്രാവോയും സാന്റ്‌നറും നടത്തിയ ചെറുത്തു നില്‍പ്പിലും രക്ഷപ്പെടാനായില്ല. 109 റണ്‍സ് ഓള്‍ ഔട്ടായതോടെ 46 റണ്‍സിനാണ് ചെന്നൈ മുംബൈയോട് പരാജയപ്പെട്ടത്. മുരളി വിജയ് 38 റണ്‍സും ബ്രാവോ 20 റണ്‍സും സാന്റ്‌നര്‍ 22 റണ്‍സും നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook