IPL 2019 MI vs RR LIVE Score: ഡികോക്കിന്റെ വെടിക്കെട്ടിന് ജോസ് ബട്‌ലറിലൂടെ മറുപടി പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്. അവസാന ഓവറിലായിരുന്നു രാജസ്ഥാന്റെ വിജയം. നാല് വിക്കറ്റിനാണ് കരുത്തരായ മുംബൈയെ രാജസ്ഥാന്‍ തകര്‍ത്തത്. 89 റണ്‍സെടുത്ത ബട്‌ലറാണ് ടീമിനെ മുന്നില്‍ നിന്നു നയിച്ചത്.

ഓപ്പണര്‍മാരായ ബട്‌ലറും രഹാനെയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിരുന്നു. പിന്നാലെ രഹാനെ പുറത്തായി. ഇതോടെ ബട്‌ലര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 43 പന്തുകളില്‍ നിന്നും എട്ട് ഫോറും ഏഴ് സിക്‌സുമടക്കമാണ് ബട്‌ലര്‍ 89 റണ്‍്‌സ് നേടിയത്. എന്നാല്‍ ബട്‌ലര്‍ പുറത്തായതോടെ പതിവ് പോലെ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ ഒന്നൊന്നായി കൂടാരം കയറി. സ്‌കോര്‍ 147 ലെത്തി നില്‍ക്കുമ്പോഴായിരുന്നു ബട്‌ലര്‍ പുറത്താകുന്നത്. 20 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ഇതോടെ കളിയുടെ വിധി അവസാന ഓവറിലേക്ക് നീങ്ങുകയായിരുന്നു.

ക്വിന്റണ്‍ ഡികോക്ക് കിടിലന്‍ ഡികോക്ക് ആയപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍ ലഭിച്ചിരുന്നു. അഞ്ച് വിക്കറ്റില്‍ 187 റണ്‍സാണ് മുംബൈ എടുത്തത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടേയും ഡികോക്കിന്റേയും മികച്ച പ്രകടനമാണ് മുംബൈയ്ക്ക് രക്ഷയായത്. തുടക്കം മുതലെ മുംബൈ ആക്രമിച്ച് കളിക്കുകയായിരുന്നു.

രോഹിത് ശര്‍മ്മ 32 പന്തില്‍ 47 റണ്‍സുമായാണ് പുറത്തായത്. അപ്പോഴും ക്രീസിലുറച്ചു നിന്ന ഡികോക്ക് ശങ്കയില്ലാതെ മുംബൈയെ മുന്നോട്ട് നയിച്ചു. ഡികോക്ക് 52 പന്തില്‍ 81 റണ്‍സാണെടുത്തത്. അതില്‍ ആറ് ഫോറും നാല് സിക്‌സുമുള്‍പ്പെടും. പിന്നാലെ വന്നവരില്‍ തിളങ്ങിയത് ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. 11 പന്ത് മാത്രം നേരിട്ട പാണ്ഡ്യ 28 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് സിക്‌സുമുള്‍പ്പെടും.

രാജസ്ഥാന്‍ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ്. ധവല്‍ കുല്‍ക്കര്‍ണിയും ജയ്‌ദേവ് ഉനദ്കട്ടും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.