IPL 2019 MI vs RCB Live Score: ഐപിഎല്ലിൽ രണ്ടാം ജയം തേടിയിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തിരിച്ചടി. അഞ്ച് വിക്കറ്റിനാണ് സ്വന്തം തട്ടകത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂർ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഒരു ഓവർ ബാക്കി നിർത്തി മുംബൈ മറികടന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ മികവ് പുലർത്തിയ മുംബൈ നിര അർഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 172 റൺസിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്ക് മുന്നിൽ ഉയർത്തിയിരിക്കുന്നത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 171 എന്ന സ്കോറിൽ ബാംഗ്ലൂർ എത്തിയത്. അർധസെഞ്ചുറി നേടിയ എബി ഡി വില്ല്യേഴ്സിന്റെയും മൊയിൻ അലിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ബാംഗ്ലൂർ ഇന്നിങ്സിൽ നിർണായകമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കവും പിഴച്ചു. ടീം സ്കോർ 12ൽ നിൽക്കെ നായകൻ വിരാട് കോഹ്‌ലി മടങ്ങി. പാർത്ഥീവ് പട്ടേലിന്റെ ഇന്നിങ്സിനും അധികം ആയുസുണ്ടായില്ല. 28 റൺസുമായി പാർത്ഥീവ് മടങ്ങിയതോടെ ബാറ്റിങ്ങ് ഉത്തരവാദിത്വം ഡി വില്ല്യേഴ്സും മൊയിൻ അലിയും ഏറ്റെടുത്തു. ഡി വില്ല്യേഴ്സ് തന്നെയാണ് ആദ്യം അർധസെഞ്ചുറി തികച്ചത്. പിന്നാലെ മൊയിൻ അലിയും അർധശതകം പിന്നിട്ടു. എന്നാൽ അടുത്ത പന്തിൽ തന്നെ മൊയിൻ അലി പുറത്തായി. 32 പന്തിൽ അഞ്ച് സിക്സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെയാണ് മൊയിൻ അലി 50 റൺസെടുത്തത്.

മൊയിൻ അലി പുറത്തായെങ്കിലും ക്രീസിൽ നിലയുറപ്പിച്ച ഡി വില്ല്യേഴ്സ് സ്കോർബോർഡ് ഉയർത്തി. എന്നാൽ പിന്തുണ നൽകാൻ ആളില്ലാതെ വന്നതോടെ ബാംഗ്ലൂർ തകർച്ചയിലേക്ക് വീണു. 51 പന്തിൽ 75 റൺസെടുത്ത ഡി വില്ല്യേഴ്സും പുറത്തായി. ഇരുവർക്കും പിന്നാലെ എത്തിയവരിൽ അക്ഷദീപ് നാഥ് മാത്രമാണ് രണ്ട് റൺസെങ്കിലും എടുത്തത്. ബാക്കിയാർക്കും തന്നെ അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല.

മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി. ഒരു റൺഔട്ട് ഉൾപ്പടെ നാല് വിക്കറ്റുകളാണ് മലിംഗ എറിഞ്ഞ അവസാന ഓവറിൽ വീണത്. ഹാർദിക് പാണ്ഡ്യ, ജേസൺ എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും കിട്ടി.

മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ തകർത്തടിച്ച ഡീ കോക്കും രോഹിത് ശർമ്മയും മികച്ച തുടക്കം മുംബൈയ്ക്ക് നൽകി. 28 റൺസുമായി നായകൻ മടങ്ങിയപ്പോൾ പിന്നാലെ എത്തിയവർ ഓരോരുത്തരം ഉത്തരവാദിത്വം ഭംഗിയാക്കി. സൂര്യകുമാർ യാദവ് 29 റൺസിനും ഇഷാൻ കിഷൻ 21 റൺസിനും പുറത്തായി. അർധസെഞ്ചുറി തികയ്ക്കാതെ ഡീ കോക്കും മടങ്ങിയെങ്കിലും മുംബൈ ജയം ഉറപ്പിച്ചിരുന്നു.

അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ കൂടി തകർത്തടിച്ചതോടെ ഒരു ഓവർ ബാക്കി നിർത്തി മുംബൈ കളി സ്വന്തമാക്കി. പവൻ നേഗി എറിഞ്ഞ 18-ാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും പറത്തിയാണ് ഹാർദിക് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. 16 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ രണ്ട് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 37 റൺസാണ് അടിച്ചുകൂട്ടിയത്.