IPL 2019,MI vs KXIP:മൊഹാലിയിലെ തോൽവിക്ക് വാങ്കഡെയിൽ പകരം വീട്ടി മുംബൈ ഇന്ത്യൻസ്. നായകൻ രോഹിത് ശർമ്മയെ ഡ്രെസ്സിങ് റൂമിൽ കാഴ്ചക്കാരനാക്കിയായിരുന്നു മുംബൈ ഇന്ത്യൻസ് കിങ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു മുംബൈ ജയം.

മുംബൈ ഇന്ത്യൻസിനെതിരെ 198 റൺസിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് ഉയർത്തിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിലാണ് 197 റൺസിലെത്തിയത്. സെഞ്ചുറി നേടിയ ഓപ്പണർ കെഎൽ രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് പഞ്ചാബ് കൂറ്റൻ സ്കോർ ഉയർത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 116 റൺസിന്റെ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഒന്നാം വിക്കറ്റിൽ ക്രിസ് ഗെയ്‌ലും രാഹുലും തകർത്തടിച്ചു. 63 റൺസെടുത്ത ക്രിസ് ഗെയ്‌ൽ പുറത്തായെങ്കിലും രാഹുൽ ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു. പിന്നാലെയെത്തിയ മില്ലറും കരുൺ നായരും സാം കറണും അതിവേഗം മടങ്ങിയെങ്കിലും രാഹുൽ കുലുങ്ങിയില്ല.

ഓപ്പണറായി ഇറങ്ങിയ രാഹുൽ 64 പന്തിൽ നിന്നാണ് 100 റൺസ് തികച്ചത്. ആറ് വീതം സിക്സും ഫോറും അടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. മുംബൈ ഇന്ത്യൻസിന് വേണ്ടി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്.കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ സാധിച്ചെങ്കിലും മുംബൈ പൊരുതി . ടീം സ്കോർ 28ൽ നിൽക്കെ സിദ്ദേഷ് ലാദ് പുറത്തായി. 56 റൺസിൽ സൂര്യകുമാർ യദവും ആറ് റൺസിന് അപ്പുറം ക്വിന്റൻ ഡീ കോക്കും വീണു. പിന്നീട് ക്രീസിലെത്തിയ കെയ്റോൻ പൊള്ളാർഡ് തകർത്തടിച്ചതോടെ മുംബൈ ജയ സാധ്യത സജീവമാക്കി.

എന്നാൽ മറു വശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നത് മുംബൈയ്ക്ക് തിരിച്ചടിയായി. ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും കൈയ്യൊഴിഞ്ഞതോടെ പൂർണ ഉത്തരവാദിത്വം പൊള്ളാർഡിന്റെ തോളിലായി. ജോസഫ് അൽസാരിയെ വിക്കറ്റ് കാവൽക്കാരനാക്കി തകർത്തടിച്ച പൊള്ളാർഡ് അർധശതകവും തികച്ചു.

സാം കറൻ എറിഞ്ഞ 19-ാം ഓവറിൽ രണ്ട് സിക്സ് പായിച്ച് പൊള്ളാർഡ് ജയം ആറ് പന്തിൽ 15 റൺസ് അകലയാക്കി. സമ്മർദ്ദത്തിലായി പഞ്ചാബ് ബോളിങ്ങിന്റെ പോരായ്മ മുതലെടുത്ത പൊള്ളാർഡ് 20-ാം ഓവറിൽ ആദ്യം സിക്സും ഒപ്പം ലഭിച്ച ഫ്രീഹിറ്റ് ഫോറുമാക്കി മാറ്റി. കൈയ്യെത്തും ദുരത്തെ വിജയം വെട്ടിപിടിക്കാൻ ശ്രമിച്ച പൊള്ളാർഡ് പുറത്തേക്ക് പോകുന്ന കാഴ്ചയായിരുന്നു അടുത്ത പന്തിൽ.

മൈതാനം വിട്ട പൊള്ളാർഡ് ബൗണ്ടറി ലൈനിൽ കാത്തുനിന്നു. ആകാംക്ഷയുടെ ആ കാത്തിരിപ്പ് അവസാന പന്ത് വരെ നീണ്ടു. അവസാന പന്തിൽ വേണ്ടിയിരുന്നത് രണ്ട് റൺസ്. അനായാസം ഡബിളോടി രാഹുൽ ചാഹറും അൽസാരി ജോസഫും ലക്ഷ്യം പൂർത്തിയാക്കി. ഒടുവിൽ ദൈവത്തിന്റെ പോരാളികൾ പൊരുതി തന്നെ ജയിച്ചു. 31 പന്തിൽ 83 റൺസാണ് പൊള്ളാർഡ് അടിച്ചു കൂട്ടിയത്.