മുംബൈ: കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിനെതിരെ ടോസ് നേടിയ മുംബെെ ഇന്ത്യന്‍സ് നായകന് രോഹിത് ശർ്മ്മ ബോളിങ് തിരഞ്ഞെടുത്തു. പ്ലേ ഓഫിലെ നാലാം ടീം ആരെന്ന് ഇതുവരേയും ഉറപ്പിക്കാത്ത സാഹചര്യത്തില്‍ ഐപിഎല്ലിലെ ഏറ്റവും നിര്‍ണായക മത്സരമായി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യന്‍സ് പോര്. പ്ലേ ഓഫ് മുന്നില്‍ കണ്ടിറങ്ങുന്ന കൊല്‍ക്കത്തയ്ക്ക് ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് തൃപ്തിപ്പെടുന്നതാകില്ല. ഇന്ന് ജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ കളിക്കാനാവുകയുള്ളൂ. അല്ലാത്ത പക്ഷം ഹൈദരാബാദിന് പ്ലേ ഓഫ് ടിക്കറ്റ് ലഭിക്കും.
പ്ലേ ഓഫ് ടിക്കറ്റെടുത്ത മുംബൈ ഇന്ത്യന്‍സിന് നഷ്ടമാകാന്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തോടെയായിരിക്കും മുംബൈ ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസവും മുംബൈയ്ക്കുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെ പരാജയപ്പെടുത്തിയതിന്റെ ആവേശവുമായാണ് കൊല്‍ക്കത്ത നിര്‍ണായക മത്സരത്തിനെത്തുന്നത്.
Read More: IPL 2019: 12 വര്‍ഷത്തിനിടെ ആദ്യം; മുംബൈ ഇന്ത്യന്‍സ് ജയിച്ചാല്‍ പിറക്കുക പുതു ചരിത്രം
കരുത്തിന്റെ കാര്യത്തില്‍ മുംബൈയും കൊല്‍ക്കത്തയും ഏറെക്കുറെ സമാനരാണ്. രണ്ട് ടീമുകളുടേയും സവിശേഷത മികച്ച ഓപ്പണിങ് ജോഡിയും അടിച്ച് തകര്‍ക്കുന്ന ഫിനിഷറുമാണ്. നായകന് രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡികോക്കുമാണ് മുംബൈയുടെ ഓപ്പണര്‍മാര്‍. തങ്ങളുടെ തനത് ശൈലിയില്‍ രണ്ടു പേരും ഈ സീസണില്‍ കളിച്ചിട്ടില്ല. എങ്കിലും പുറത്താകെ ഭേദപ്പെട്ട തുടക്കം മിക്ക മത്സരങ്ങളിലും ടീമിന് നല്കാന് ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. മറുവശത്തുള്ള കൊല്‍ക്കത്ത സീസണിന്റ രണ്ടാം പകുതിയിലാണ് മികച്ചൊരു ഓപ്പണിങ് ജോഡി കണ്ടെത്തിയത്.
ആദ്യ കളികളില്‍ ക്രിസ് ലിന്നും സുനില്‍ നരേനുമായിരുന്നു കൊല്‍ക്കത്തയുടെ ഓപ്പണര്‍മാര്‍. എന്നാല്‍ നരേന് കഴിഞ്ഞ സീസണിലേത് പോലെ ആളിക്കത്തിയില്ല. ഇതോടെ യുവതാരം ശുബ്മാന് ഗില്ലിന് ലിന്നിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ അയക്കുകയായിരുന്നു കൊല്‍ക്കത്ത. ആ നീക്കം പക്ഷെ വിജയിച്ചു. കിട്ടിയ അവസരം മുതലെടുത്ത ഗില്‍ തുടര്‍ ഫിഫ്റ്റികളിലൂടെ തന്നിലേല്‍പ്പിച്ച വിശ്വാസം കാത്തു. ലിന് അഗ്രസീവായി കളിക്കുമ്പോള്‍ മറുവശത്ത് ശാന്തത കൈവിടാതെ ഉറച്ചു നില്ക്കാന് ഗില്ലിന് സാധിക്കുന്നുണ്ട്. ഈ ജോഡിയിലാണ് കൊല്‍ക്കത്തയുടെ വിശ്വാസം.
മധ്യനിരയില്‍ കൊല്‍ക്കത്തയും മുംബൈയും വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ഹാര്‍ദ്ദിക് പാണ്ഡ്യയുടേയും ആന്ദ്രേ റസലിന്റേയും കരുത്തിലാണ് കളി ജയിക്കുന്നത്. സിക്സുകളിലൂടെ കളിയുടെ ഗതി സ്വന്തം ടീമിന് അനകൂലമാക്കുന്നതാണ് രണ്ടുപേരുടേയും രീതി. റസല്‍ സീസണില്‍ ഇതുവരെ 52 സിക്സുകളാണ് അടിച്ച് പറത്തിയത്. പാണ്ഡ്യയാകട്ടെ നേരിട്ട 191 പന്തില്‍ 29 സിക്സുകളടിച്ചിട്ടുണ്ട്. റസലിനെ ടോപ്പ് ഓര്‍ഡറില്‍ ഇറക്കാനുള്ള കൊല്‍ക്കത്തയുടെ നീക്കവും വിജയിച്ചതായി കഴിഞ്ഞ കളികളില്‍ കണ്ടതാണ്.
Also Read: IPL 2019: മത്സരം മൈതാനത്ത് മാത്രം; ഖലീലിന്റെ വിക്കറ്റ് സെലിബ്രേഷന് അനുകരിച്ച് വിരാട് കോഹ്ലി
എന്നാല്‍ കഴിഞ്ഞ കളികളില്‍ രണ്ടു പേരും നിശ്ബദരാക്കാന്‍ എതിര് ടീം ബോളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. അതിന്നും ആവര്‍ത്തിക്കുമോ അതോ രണ്ടു പേരും പൊട്ടിത്തെറിക്കുമോ എന്നത് അടിസ്ഥാനപ്പെട്ടിരിക്കും രണ്ട് ടീമിന്റേയും വിജയ സാധ്യതകള്‍.
ബോളിങ്ങില്‍ കരുത്തര്‍ മുംബൈ ഇന്ത്യന്‍സാണെന്ന് നിസംശയം പറയാം. ലസിത് മലിംഗ, ജസ്പ്രീത് ബുംറ എന്നീ ലോകോത്തര ബോളര്‍മാര്‍ അണിനിരക്കുന്ന മുംബൈയുടെ ബോളിങ് നിര ആരേയും പേടിപ്പിക്കുന്നതാണ്. വാങ്കഡയിലെ പിച്ച് കണക്കിലെടുത്താല്‍ കൊല്‍ക്കത്ത കുല്‍ദീപിനെ തിരികെ കൊണ്ടുവരാനുള്ള സാധ്യതയുണ്ട്.
അതേസമയം, തന്നെ മുംബൈയ്ക്ക് ജയിക്കാനായാല്‍ അത് ഐപിഎല്ലില്‍ പുതിയൊരു ചരിത്രമായി മാറും. ഐപിഎല്ലിന്റെ 12 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും സംഭവിക്കാത്ത ഏടിനായിരിക്കും മുംബൈയുടെ വിജയം കളമൊരുക്കുക. മുംബൈ ജയിച്ചാല്‍ സണ്റൈസേഴ്സായിരിക്കും പ്ലേ ഓഫിലെത്തുന്ന നാലാം ടീം. ഇതോടെ 12 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തിനിടെ 12 പോയിന്റ് മാത്രം നേടി പ്ലേ ഓഫിലെത്തുന്ന ടീമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് മാറും.
നിലവില്‍ കൊല്‍ക്കത്തയ്ക്കും ഹൈദരാബാദിനും 12 പോയിന്റാണുള്ളത്. എന്നാല്‍ കൊല്ക്കത്തയേക്കാള് മികച്ചതാണ് ഓറഞ്ച് ആര്‍മിയുടെ റണ്‍റേറ്റ്. കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ് 0.173 ആണെങ്കില്‍ ഹൈദരാബാദിന്റേത് 0.577 ആണ്. ഈ റണ്‍റേറ്റിന്റെ ബലത്തിലാകും ഹൈദരാബാദ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുക. രാത്രി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് കളി നടക്കുക.
എന്നാല്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ ജയിക്കുക എന്നത് കൊല്‍ക്കത്തയ്ക്ക് ഏറെ വെല്ലുവിളി നിറഞ്ഞത് തന്നെയാണ്. കാരണം മുംബൈയ്ക്കെതിരെ കൊല്‍ക്കത്തയുടെ റെക്കോര്‍ഡ് വളരെ മോശമാണെന്നത് തന്നെ. കൊല്‍ക്കത്തയ്ക്കെതിരെ മുംബൈയുടെ വിജയശതമാനം 75 ശതമാനമാണ്. കളി നടക്കുന്നത് മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡയിലാണെന്നതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാണ്. വാങ്കഡയില്‍ മുംബൈയ്ക്കെതിരെ ഒരു കളി മാത്രമാണ് കൊല്‍ക്കത്ത ജയിച്ചിട്ടുള്ളത്.