IPL 2019: മുംബൈ: പ്ലേ ഓഫ് ടിക്കറ്റ് നേടാനുള്ള അവസാന അവസരമാണ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുളളത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെയാണ് കൊല്‍ക്കത്ത നേരിടുന്നത്. ജയിക്കാനായാല്‍ ബാക്കിയുള്ള ഒരേയൊരു പ്ലേ ഓഫ് ടിക്കറ്റ് കൊല്‍ക്കത്തയ്ക്ക് ലഭിക്കും. അല്ലാത്ത പക്ഷം കൊല്‍ക്കത്ത പുറത്താവുകയും സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് യോഗ്യത നേടുകയും ചെയ്യും.
മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഇന്ന് ജയിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നുമായി പ്ലേ ഓഫിലേക്ക് പോവുകയാണ് ലക്ഷ്യം. അതേസമയം, തന്നെ മുംബൈയ്ക്ക് ജയിക്കാനായാല്‍ അത് ഐപിഎല്ലില്‍ പുതിയൊരു ചരിത്രമായി മാറും. ഐപിഎല്ലിന്റെ 12 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും സംഭവിക്കാത്ത ഏടിനായിരിക്കും മുംബൈയുടെ വിജയം കളമൊരുക്കുക. മുംബൈ ജയിച്ചാല്‍ സണ്റൈസേഴ്സായിരിക്കും പ്ലേ ഓഫിലെത്തുന്ന നാലാം ടീം. ഇതോടെ 12 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തിനിടെ 12 പോയിന്റ് മാത്രം നേടി പ്ലേ ഓഫിലെത്തുന്ന ടീമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് മാറും.
നിലവില്‍ കൊല്‍ക്കത്തയ്ക്കും ഹൈദരാബാദിനും 12 പോയിന്റാണുള്ളത്. എന്നാല്‍ കൊല്ക്കത്തയേക്കാള് മികച്ചതാണ് ഓറഞ്ച് ആര്‍മിയുടെ റണ്‍റേറ്റ്. കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ് 0.173 ആണെങ്കില്‍ ഹൈദരാബാദിന്റേത് 0.577 ആണ്. ഈ റണ്‍റേറ്റിന്റെ ബലത്തിലാകും ഹൈദരാബാദ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുക. രാത്രി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് കളി നടക്കുക
ജയം മുംബൈയെ ഫൈനലിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും. ഇന്ന് ജയിക്കാനായാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്ന് മുംബൈ രണ്ടാമതെത്തും. അതല്ല കൊല്‍ക്കത്തയാണ് ജയിക്കുന്നതെങ്കില്‍ പിന്നെ കണിക്കിലെ കളികള്‍ക്ക് ഇടമില്ല. കൊല്‍ക്കത്ത നേരെ പ്ലേ ഓഫിലേക്ക് നീങ്ങും. മുംബൈ ചെന്നൈയ്ക്കും ഡല്‍ഹിക്കും പിന്നില്‍ മൂന്നാമതായും പ്ലേ ഓഫിലെത്തും.
എന്നാല്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ ജയിക്കുക എന്നത് കൊല്‍ക്കത്തയ്ക്ക് ഏറെ വെല്ലുവിളി നിറഞ്ഞത് തന്നെയാണ്. കാരണം മുംബൈയ്ക്കെതിരെ കൊല്‍ക്കത്തയുടെ റെക്കോര്‍ഡ് വളരെ മോശമാണെന്നത് തന്നെ. കൊല്‍ക്കത്തയ്ക്കെതിരെ മുംബൈയുടെ വിജയശതമാനം 75 ശതമാനമാണ്. കളി നടക്കുന്നത് മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡയിലാണെന്നതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാണ്. വാങ്കഡയില്‍ മുംബൈയ്ക്കെതിരെ ഒരു കളി മാത്രമാണ് കൊല്‍ക്കത്ത ജയിച്ചിട്ടുള്ളത്.
കൊല്‍ക്കത്തയുടെ ജയപ്രതീക്ഷ ലിന്-ഗില്‍-റസല്‍ ബാറ്റിങ് കരുത്തിലാകും. മലയാളി താരം സന്ദീപ് വാര്യരുടെ പ്രകടനവും ആരാധകർ ഉറ്റു നോക്കുന്നതാണ്.