ഐപിഎൽ 2019 സീസണിലെ ഫൈനലിലേക്ക് ചെന്നൈ സൂപ്പർ കിങ്സിനെ എത്തിക്കാനുളള നായകൻ എം.എസ്.ധോണിയുടെ ശ്രമം വിജയം കണ്ടില്ല. ആദ്യ ക്വാളിഫയറിൽ ചെന്നൈയെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ 29 പന്തിൽനിന്നും 37 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം.

IPL 2019, CSK vs MI: ചെന്നൈ വീണു; മുംബൈ ഫൈനലിൽ

മത്സരത്തിലെ അവസാന ഓവറുകളിൽ ധോണി ആക്രമണ ശൈലിയിലാണ് ബാറ്റ് വീശിയത്. മലിംഗ എറിഞ്ഞ 19-ാം ഓവറിൽ രണ്ട് തവണ സിക്സർ പായിച്ച് ധോണി മുംബൈ ആരാധകരെ ഞെട്ടിച്ചു. അവസാന ഓവറിൽ ബുംറയുടെ ആദ്യ പന്ത് ഉയർത്തിയടിച്ചുവെങ്കിലും മുംബൈ താരം ഇഷാൻ കിഷൻ ബോൾ കൈപ്പിടിയിലൊതുക്കി. മുംബൈ ഇന്ത്യൻസ് താരങ്ങൾ തങ്ങൾക്ക് കിട്ടിയ ബിഗ് വിക്കറ്റിൽ ആഘോഷം തുടങ്ങി. പക്ഷേ നോ ബോളായതോടെ അംപയർ ഔട്ടല്ലെന്ന് വിധിയെഴുതി. പിന്നീട് ചെന്നൈ സ്കോർ ബോർഡിൽ 5 റൺസു കൂടി ധോണി കൂട്ടിച്ചേർത്തു.

മത്സരത്തിൽ ചെന്നൈ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം മുംബൈ 9 പന്ത് ബാക്കി നിൽക്കെയാണ് മറികടന്നത്. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ ഇന്നിങ്സാണ് മുംബൈ ജയം അനായാസമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ നായകൻ ധോണിയുടെ തീരുമാനം പിഴച്ചു എന്ന് കരുതിയടുത്ത് നിന്ന് അതേ നായകനെ കൂട്ടുപിടിച്ച് അമ്പാട്ടി റയ്ഡു നടത്തിയ മിന്നും പ്രകടനമാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കം പിഴച്ചു. ആദ്യ പന്ത് ബൗണ്ടറി പായിച്ച രോഹിത്തിനെ രണ്ടാം പന്തിൽ മടക്കി ദീപക് ചാഹർ മുംബൈയ്ക്ക് ആദ്യ പ്രഹരം നൽകി. നാലാം ഓവറിൽ ക്വിന്റൻ ഡീ കോക്കിനെ ഹർഭജനും വീഴ്ത്തിയതോടെ മുംബൈ പതറി. എന്നാൽ മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവും ഇഷാൻ കിഷനും ചേർന്ന് മുംബൈ സ്കോർബോർഡ് ഉയർത്തി. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് മുംബൈയെ ഫൈനലിൽ എത്തിച്ചു. 54 പന്തിൽ 71 റൺസാണ് സൂര്യകുമാർ യാദവ് അടിച്ചെടുത്തത്.

IPL 2019: ആരെത്തും ആദ്യം; പോരാട്ടങ്ങളുടെ പോരാട്ടം

ഐപിഎൽ ചരിത്രത്തില്‍ ഇതുവരെ മൂന്ന് വീതം കിരീടങ്ങളാണ് ഇരു ടീമുകളും നേടിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് 2010, 2011, 2018 വര്‍ഷങ്ങളില്‍ കിരീടം ചൂടിയപ്പോള്‍ മുംബൈ 2013, 2015, 2017 വര്‍ഷങ്ങളില്‍ കിരീടം സ്വന്തമാക്കി. മഹേന്ദ്രസിങ് ധോണിയാണ് ചെന്നൈയെ നയിക്കുന്നതെങ്കില്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ നായകന്‍. രണ്ട് പേരും മികച്ച നായകന്‍മാരാണ്. ഈ സീസണില്‍ ഇരു ടീമുകളും തമ്മില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം മുംബൈക്കൊപ്പമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook