മൊഹാലി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ജയം. 12 റൺസിനാണ് പഞ്ചാബ് രാജസ്ഥാനെ തോൽപിച്ചത്. 183 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളു. ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയെങ്കിലും മധ്യനിര വീണ്ടും കളി മറന്നതോടെ രാജസ്ഥാൻ തോൽവിയിലേക്ക് വീഴുകയായിരുന്നു. സീസണിൽ രാജസ്ഥാൻ തോൽക്കുന്ന ആറാമത്തെ മത്സരമാണിത്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് രാഹാനയ്ക്കും സംഘത്തിനും ജയിക്കാൻ സാധിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കെ എൽ രാഹുലിന്റെയും ഡേവിഡ് മില്ലറുടെയും ബാറ്റിങ് മികവിലാണ് 182 റൺസെന്ന സ്കോറിലെത്തിയത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു പഞ്ചാബ് 182 റൺസ് സ്കോർ ചെയ്തത്.

 

രാജസ്ഥാൻ ബോളിങ് നിര നന്നായി പന്തുകളെറിഞ്ഞപ്പോൾ പഞ്ചാബ് ചെറുത്തുനിൽപ്പിനാണ് ശ്രമിച്ചത്, അതുകൊണ്ട് തന്നെ സ്കോറിങ്ങും സാവധാനമായിരുന്നു. ടീം സ്കോർ 38ൽ എത്തിയപ്പോൾ ക്രിസ് ഗെയ്ൽ പുറത്തായി. എന്നാൽ പിന്നാലെ എത്തിയ മായങ്ക് അഗർവാൾ തകർത്തടിക്കാൻ തുടങ്ങി. 12 പന്തിൽ 26 റൺസ് നേടിയ മായങ്കിന് ക്രീസിൽ ആയുസ് അത്രയെയുണ്ടായുള്ളു. നാലാമനായി ഇറങ്ങിയ ഡേവിഡ് മില്ലർ ശക്തമായ പിന്തുണ നൽകിയതോടെ രാഹുൽ അർധസെഞ്ചുറി തികച്ചു.

ഡേവിഡ് മില്ലറും തകർത്തടിച്ചതോടെ സ്കോറിങ് വേഗതയും കൂടി. അർധസെഞ്ചുറിക്ക് പിന്നാലെ 52 റൺസുമായി രാഹുൽ മടങ്ങി, വന്നപോലെ തന്നെ നിക്കോളാസ് പൂറാനും. ഡേവിഡ് മില്ലർ അപ്പോഴും അക്രമണം തുടർന്നു. അക്കൗണ്ട് തുറക്കാതെ മന്ദീപ് സിങ്ങും പുറത്തായതിന് പിന്നാലെയാണ് ആറാമനായി മില്ലർ പുറത്താകുന്നത്, അതും അവസാന ഓവറിൽ. 27 പന്തിൽ രണ്ട് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 40 റൺസാണ് മില്ലർ അടിച്ചെടുത്തത്.

രാജസ്ഥാൻ റോയൽസിന് വേണ്ടി ജോഫ്രാ ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുനൽകിയാണ് ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഇഷ് സോധി, ധവാൽ കുൽക്കർണി, ജയദേവ് ഉനദ്ഘട്ട് എന്നിവർക്കാണ് മറ്റ് വിക്കറ്റുകൾ. മൂന്ന് പേരും ഓരോ വിക്കറ്റ് വീതമാണ് വീഴ്ത്തിയത്

മറുപടി ബാറ്റിങ്ങിൽ തുടക്കം തകർത്തടിച്ച ജോസ് ബട്‌ലർ ജയ്പൂരിലെ തോൽവിക്ക് പകരംവീട്ടുമെന്ന് തോന്നിപ്പിച്ചെങ്കിലും പോരാട്ടം അധികം നീണ്ടില്ല. 23 റൺസിൽ താരം വീണു. പൊരുതി നോക്കിയെങ്കിലും സഞ്ജുവിന്റെ ഇന്നിങ്സ് 23 റൺസിൽ അവസാനിച്ചു. ഇതിനിടയിൽ രാഹുൽ ത്രിപാഠി അർധസെഞ്ചുറിയും തികച്ചു. എന്നാൽ രാഹുലും രഹാനെയും പുറത്തായതോടെ രാജസ്ഥാൻ തോൽവി മുന്നിൽ കണ്ടു.

രണ്ട് രാജസ്ഥാൻ താരങ്ങളാണ് ഗോൾഡൻ ഡക്കായത്. ആഷ്ടൻ ടർണറും ശ്രേയസ് ഗോപാലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്. ജോഫ്രാ ആർച്ചറിനും കാര്യമായി ഒന്നും സംഭാവന ചെയ്യാൻ സാധിച്ചില്ല. 11 പന്തിൽ 33 റൺസെടുത്ത സ്റ്റുവർട്ട് ബിന്നി മടങ്ങി വരവ് ഗംഭീരമാക്കി. എന്നാൽ രാജസ്ഥാന് സന്തോഷിക്കാൻ അത് മതിയാകുമായിരുന്നില്ല.

Read in English: KXIP vs RR, IPL 2019 Highlights: KXIP beat RR by 12 runs