മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കന്നി ജയം. കിങ്സ് ഇലവൻ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകർത്താണ് കോഹ്‌ലിപ്പട കന്നിജയം സ്വന്തമാക്കിയത്. 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ അവസാന ഓവറിലാണ് ലക്ഷ്യത്തിലെത്തിയത്. നായകൻ വിരാട് കോഹ്‌ലിയുടെയും എബി ഡി വില്ല്യേഴ്സിന്റെയും അർധസെഞ്ചുറി മികവിലാണ് ബാംഗ്ലൂർ തങ്ങളുടെ ഏഴാം മത്സരത്തിൽ ആദ്യജയം കണ്ടെത്തിയത്.

ഗെയ്ൽ ഒരിക്കൽ കൂടി താളം കണ്ടെത്തിയ മത്സരത്തിൽ 174 റൺസിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് ബാംഗ്ലൂരിന് മുന്നിൽ ഉയർത്തിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 173 എന്ന സ്കോറിലെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് വലിയ സ്കോറിലേക്കാണെന്ന സൂചന നേരത്തെ നൽകി. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് രാഹുൽ മടങ്ങിയത്. പിന്നാലെ എത്തിയ മായങ്ക് അഗർവാളും സർഫ്രാസ് അഹമ്മദും ചെറിയ സ്കോറുകൾ സമ്മാനിച്ച് മടങ്ങിയതോടെ പഞ്ചാബ് റൺറേറ്റ് ഉയർത്തി തന്നെ നിന്നു. നാല് വിക്കറ്റ് വീണതോടെ പഞ്ചാബ് തകർച്ചയിലേക്ക് എന്ന് സൂചന നൽകിയെങ്കിലും വിട്ടുകൊടുക്കാൻ കരീബിയൻ പോരാളി തയ്യാറല്ലായിരുന്നു.

ക്രീസിന്റെ ഒരു വശത്ത് നിലയുറപ്പിച്ച ഗെയ്ൽ കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തി. തന്റെ ആറാം സെഞ്ചുറി ഗെയ്ൽ ഉറപ്പിച്ചതാണ്. എന്നാൽ അത് ഒരു റൺസകലെ അവസാനിച്ചു.64 പന്തിൽ പത്ത് ഫോറിന്റെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെ 99 റൺസെടുത്ത ഗെയ്ൽ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ ആദ്യ പന്ത് മുതൽ തകർത്തടിച്ച വിരാട് കോഹ‌്‌ലിയും പാർഥീവ് പട്ടേലും മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. 19 റൺസുമായി പാർഥീവ് പട്ടേൽ പുറത്തായെങ്കിലും കോഹ്‌ലി ബാംഗ്ലൂർ സ്കോർബോർഡ് ഉയർത്തി. കൂട്ടിന് എബി ഡി വില്ല്യേഴ്സ് കൂടി എത്തിയതോടെ ലക്ഷ്യത്തിലേക്ക് ബാംഗ്ലൂർ കുതിച്ചു. 53 പന്തിൽ 67 റൺസ് നേടി കോഹ്‌ലി പുറത്തായപ്പോൾ മാർക്കസ് സ്റ്റോയിനിസിനെ കൂട്ടുപിടിച്ച് ഡിവില്ല്യേഴ്സ് ബാംഗ്ലൂരിന് കന്നി ജയം സമ്മാനിച്ചു. 38 പന്തിൽ 59 റൺസായിരുന്നു ഡിവില്ല്യേഴ്സിന്റെ സമ്പാദ്യം. സ്റ്റോയിനിസ് 18 റൺസും നേടി.