മൊഹാലി: ഐപിഎല്ലിന്റെ പന്ത്രണ്ടാം പതിപ്പിൽ അവശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാൻ കിങ്സ് ഇലവൻ പഞ്ചാബും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേർക്കുനേർ. മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സന്ദീപ് വാര്യർ കൊൽക്കത്ത ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലീഷ് താരം സാം കറൻ പഞ്ചാബ് ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്.

ഇന്ന് തോൽക്കുന്ന ടീമിന്റെ പ്ലേ ഓഫ് സാധ്യത പൂർണമായും അവസാനിക്കും. ജയിക്കുന്ന ടീമിന് മറ്റ് മത്സരഫലങ്ങളുടെ കൂടി അടിസ്ഥാനത്തിൽ മാത്രമാകും പ്ലേ ഓഫിലെത്താൻ സാധിക്കുക. തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത കിങ്സ് ഇലവൻ പഞ്ചാബും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പിന്നീട് താഴേക്ക് വീഴുകയായിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ആതിഥേയരായ പഞ്ചാബ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരുപടി മുന്നിൽ ആറാം സ്ഥാനത്തും. ഇരു ടീമുകൾക്കും പത്ത് പോയിന്റ് വീതമാണുള്ളതെങ്കിലും നെറ്റ് റൺറേറ്റിന്റെ ആനൂകൂല്യത്തിലാണ് കൊൽക്കത്ത മുന്നിൽ നിൽക്കുന്നത്.

Also Read: IPL Point Table: പ്ലേ ഓഫ് യോഗ്യത നേടി മുംബൈയും; പ്രതീക്ഷ കൈവിടാതെ ടീമുകൾ

ആദ്യ അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായ ആറ് മത്സരങ്ങളിലും കൊൽക്കത്ത പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് നൈറ്റ് റൈഡേഴ്സ് പിന്നിലേക്ക് തള്ളപ്പെട്ടത്. ടീമിൽ ഇതേ തുടർന്ന് ആഭ്യാന്തര തർക്കങ്ങളും രൂപപ്പെട്ടിരുന്നു. ആന്ദ്രെ റസലാണ് ടീമിലെ തെറ്റായ തീരുമാനങ്ങളെ വിമർശിച്ച് ആദ്യം രംഗത്തെത്തിയത്. തന്റെ 300-ാം ടി20 മത്സരത്തിനാണ് കിങ്സ് ഇലവൻ പഞ്ചാബിനെതിരെ വിൻഡീസ് താരമായ ആന്ദ്രെ റസൽ ഇറങ്ങുന്നത്.

കിങ്സ് ഇലവൻ പഞ്ചാബും നന്നായി തുടങ്ങിയെങ്കിലും ഇടയ്ക്ക് വച്ച് കാലിടറുകയായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടതോടെയാണ് കിങ്സ് ഇലവൻ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത അനിശ്ചിതത്വത്തിലായത്. ഇനി രണ്ട് മത്സരങ്ങളാണ് ഇരു ടീമുകൾക്കും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ അവശേഷിക്കുന്നത്.

റൺസ് കണ്ടെത്താൻ പഞ്ചാബിന്റെ പേരുകേട്ട ബാറ്റിങ് നിരയ്ക്കാകുന്നുണ്ടെങ്കിലും പ്രതിരോധിക്കുന്നതിൽ ബോളിങ് നിര പരാജയപ്പെടുന്നതാണ് പഞ്ചാബിന്റെ പ്രധാന തലവേദന. അഞ്ച് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാരുമായി ഇറങ്ങുന്ന പഞ്ചാബിന്റെ പ്രധാന കരുത്ത് മികച്ച ഫോമിൽ തുടരുന്ന കെ എൽ രാഹുലാണ്. മായങ്ക് അഗർവാളും മികച്ച ഫോമിലാണ്. ക്രിസ് ഗെയ്ൽ, ഡേവിഡ് മില്ലർ എന്നീ താരങ്ങൾകൂടി താളം കണ്ടെത്തിയാൽ കൊൽക്കത്തൻ ബോളർമാർ വിയർപ്പൊഴുക്കുമെന്ന് ഉറപ്പാണ്. ബോളിങ്ങിൽ നായകൻ അശ്വിന് ഒഴികെയുള്ള താരങ്ങൾ റൺസ് വിട്ടുനൽകുന്നതിൽ മത്സരമാണ്. ഇതും ഒഴിവാക്കേണ്ടത് പഞ്ചാബിന് വലിയ ദൗത്യമാണ്.

ശുഭ്മാൻ ഗില്ലിന് സ്ഥാനക്കയറ്റം നൽകിയെങ്കിലും ബാറ്റിങ്ങിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സാധിച്ചട്ടില്ല. സ്ഥിരത പുലർത്താത്ത ഓപ്പണിങ് നിരയും ടീമിന് വെല്ലുവിളിയാണ്. സീസണിലെ എല്ലാ ബോളിങ് നിരയെയും തകർത്തടിച്ച ആന്ദ്രെ റസലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രധാന കരുത്ത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് XI: ശുഭ്മാൻ ഗിൽ, ക്രിസ് ലിൺ, ദിനേശ് കാർത്തിക്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, റോബിൻ ഉത്തപ്പ, നിതീഷ് റാണ, ആർ സിങ്, പിയൂഷ് ചൗള, സന്ദീപ് വാര്യർ, എച്ച് ഗുർണി

കിങ്സ് ഇലവൻ പഞ്ചാബ് പ്ലെയിങ് XI: കെ എൽ രാഹുൽ, ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ, നിക്കോളാസ് പൂറാൻ, മന്ദീപ് സിങ്, സാം കറൺ, രവചന്ദ്രൻ അശ്വിൻ, ആൻഡ്രൂ ടൈ, മുരുഖൻ അശ്വിൻ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook