IPL 2019, KXIP vs KKR: പ്ലേ ഓഫ് സാധ്യത നിലനിർത്തി കിങ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. നിർണായക മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് കൊൽക്കത്ത പഞ്ചാബിനെ പരാജയപ്പെടുത്തിയത്. പഞ്ചാബ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെയാണ് കൊൽക്കത്ത മറികടന്നത്.

കൊൽക്കത്തൻ ഓപ്പണർമാരായെത്തിയ യുവതാരം ശുഭ്മാൻ ഗില്ലിന്റെയും ക്രിസ് ലിന്നിന്റെയും ഇന്നിങ്സാണ് ജയത്തിൽ നിർണായകമായത്. ജയത്തോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

സാം കറണിന്റെയും നിക്കോളാസ് പൂറാന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലായിരുന്നു കിങ്സ് ഇലവൻ പഞ്ചാബ് കൊൽക്കത്തയ്ക്കെതിരെ മികച്ച സ്കോർ കണ്ടെത്തിയത്. ഓപ്പണിങ് തകർന്നപ്പോൾ അവസരത്തിനൊത്ത് ഉയർന്ന് പഞ്ചാബിന്റെ മധ്യനിര കൊൽക്കത്തൻ ബോളർമാരെ വെള്ളം കുടിപ്പിച്ചു.

കെ എൽ രാഹുലിനും ക്രിസ് ഗെയ്‌ലിനും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. പഞ്ചാബിന്റെ രണ്ട് ഓപ്പണർമാരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി മലയാളി പേസർ സന്ദീപ് വാര്യർ കൊൽക്കത്തയ്ക്ക് മത്സരത്തിൽ ആധിപത്യം നൽകി. മൂന്നാം ഓവറിൽ രണ്ട് റൺസെടുത്ത രാഹുലിനെ സന്ദീപ് വാര്യർ ക്രിസ് ലിന്നിന്റെ കൈകളിൽ എത്തിച്ചു. അഞ്ചാം ഓവറിൽ വീണ്ടുമെത്തിയ സന്ദീപ് വാര്യർ ക്രിസ് ഗെയ്‌ലിനെയും പുറത്താക്കി. 14 റൺസുമായാണ് ഗെയ്ൽ കളം വിട്ടത്.

എന്നാൽ മൂന്നാം വിക്കറ്റിൽ നിക്കോളാസ് പൂറാനും മായങ്ക് അഗർവാളും ഒന്നിച്ചതോടെ പഞ്ചാബ് തിരിച്ചുവന്നു. അർധസെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന നിക്കോളാസ് പൂറാനെ പുറത്താക്കി നിതീഷ് റാണ പഞ്ചാബിന്റെ മൂന്നാം വിക്കറ്റും വീഴ്ത്തി. പൂറാൻ വീണതോടെ സ്കോറിങ് വേഗത കുറഞ്ഞെങ്കിലും പഞ്ചാബ് തളർന്നില്ല. 27 പന്തുകൾ നേരിട്ട നിക്കോളാസ് പൂറാൻ നാല് സിക്സും മൂന്നും ഫോറും ഉൾപ്പടെ 48 റൺസാണ് അടിച്ചുകൂട്ടിയത്.

മായങ്ക് അഗർവാളിന്റെ റൺഔട്ടിലും പഞ്ചാബിനെ തളയ്ക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല. 36 റൺസെടുത്ത മായങ്ക് പുറത്തായതിന് പിന്നാലെ 17 പന്തിൽ 25 റൺസെടുത്ത മന്ദീപ് സിങ്ങിനെയും, അക്കൗണ്ട് തുറക്കാതെ കിങ്സ് ഇലവൻ പഞ്ചാബ് നായകൻ രവിചന്ദ്രൻ അശ്വിനെയും പുറത്താക്കിയെങ്കിലും ഇംഗ്ലീഷ് താരം സാം കറൻ അവസാന ഓവറുകളിൽ തകർത്തടിക്കുകയായിരുന്നു. അവസാന ഓവറിൽ മാത്രം 22 റൺസാണ് സാം കറൻ അടിച്ചൂകൂട്ടിയത്. 24 പന്തുകൾ നേരിട്ട സാം കറൻ 55 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സാം കറന്റെ ഇന്നിങ്സ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി സന്ദീപ് വാര്യർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാരി ഗുർണി, ആന്ദ്രെ റസൽ, നിതീഷ് റാണ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. പിയൂഷ് ചൗളയും ഹാരി ഗുർണിയുമാണ് കൊൽക്കത്തൻ നിരയിൽ കൂടുതൽ റൺസ് വഴങ്ങിയ താരങ്ങൾ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൻ ചെയ്തത് യുവതാരം ശുഭ്മാൻ ഗില്ലും ക്രിസ് ലിന്നുമായിരുന്നു. ക്രിസ് ലിൺ തുടക്കത്തിൽ തന്നെ താളം കണ്ടെത്തിയതോടെ കൊൽക്കത്ത വിജയലക്ഷ്യത്തിലേക്ക് കുതിച്ചു. ഒന്നാം വിക്കറ്റിൽ 62 റൺസ് കൂട്ടിച്ചേർത്ത ശുഭ്മാൻ – ലിൺ സഖ്യം തകർത്തത് ആൻഡ്രു ടൈയായിരുന്നു. ക്രിസ് ലിന്നിനെ എറിഞ്ഞിട്ട് പിടിച്ച് ആൻഡ്രൂ ടൈ കൊൽക്കത്തയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. അർധ സെഞ്ചുറിയ്ക്ക് നാല് റൺസ് അകലെ 46 റൺസിലാണ് താരം മടങ്ങിയത്.

പിന്നാലെ എത്തിയ റോബിൻ ഉത്തപ്പ 14 പന്തിൽ 22 റൺസും, ആന്ദ്രെ റസൽ 14 പന്തിൽ 24 റൺസും കൂട്ടിച്ചേർത്ത് മടങ്ങി. ഉത്തപ്പയെ പഞ്ചാബ് നായകൻ ആർ അശ്വിൻ മായങ്കിന്റെ കൈകളിലും റസലിനെ മുഹമ്മദ് ഷമി ആൻഡ്രൂ ടൈയുടെ കൈകളിലും എത്തിക്കുകയായിരുന്നു. എന്നാൽ മറുവശത്ത് ക്രീസിൽ ഉറച്ച് നിന്ന ശുഭ്മാൻ അർധ സെഞ്ചുറി തികച്ചു. 49 പന്തിൽ 65 റൺസ് നേടി ഗിൽ സ്കോർ ഉയർത്തിയപ്പോൾ, ഫിനിഷറുടെ റോളിൽ നായകൻ ദിനേശ് കാർത്തിക് മത്സരം അവസാനിപ്പിച്ചു. 9 പന്തിൽ 21 റൺസ് നേടിയ നായകന്റെ ഇന്നിങ്സാണ് ജയം അനായസമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook