IPL 2019, KXIP vs KKR: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 184 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 183 റൺസെന്ന കൂറ്റൻ സ്കോറിലെത്തിയത്. ഓപ്പണിങ് തകർന്നപ്പോൾ അവസരത്തിനൊത്ത് ഉയർന്ന് പഞ്ചാബിന്റെ മധ്യനിരയാണ് കൊൽക്കത്തയെ തല്ലിതകർത്തത്. അർധസെഞ്ചുറിയുമായി സാം കറനും 48 റൺസുമായി നിക്കോളാസ് പൂറാനും തിളങ്ങിയതോടെ പഞ്ചാബ് മികച്ച സ്കോർ കണ്ടെത്തുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിനെ നിലനിർത്തിയാണ് കൊൽക്കത്ത പഞ്ചാബിനെതിരെയും ഇറങ്ങിയത്.

Also Read: IPL Point Table: പ്ലേ ഓഫ് യോഗ്യത നേടി മുംബൈയും; പ്രതീക്ഷ കൈവിടാതെ ടീമുകൾ

പരിചയസമ്പന്നരായ ഓപ്പണിങ് കൂട്ടുകെട്ട് തന്നെയിറക്കി കൊൽക്കത്തയെ നേരിട്ട പഞ്ചാബിന് എന്നാൽ തുടക്കം പിഴച്ചു. പഞ്ചാബിന്റെ രണ്ട് ഓപ്പണർമാരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി മലയാളി പേസർ സന്ദീപ് വാര്യർ പഞ്ചാബിന് ആദ്യ പ്രഹരം നൽകുകയായിരുന്നു. ടൂർണമെന്റിൽ മികച്ച ഫോമിൽ തുടരുന്ന ലോകേഷ് രാഹുലായിരുന്നു സന്ദീപ് വാര്യരുടെ ആദ്യ ഇര. മൂന്നാം ഓവറിൽ രണ്ട് റൺസെടുത്ത രാഹുലിനെ സന്ദീപ് വാര്യർ ക്രിസ് ലിന്നിന്റെ കൈകളിൽ എത്തിച്ചു. അഞ്ചാം ഓവറിൽ വീണ്ടുമെത്തിയ സന്ദീപ് വാര്യർ ക്രിസ് ഗെയ്‌ലിനെയും പുറത്താക്കി. 14 റൺസുമായി ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകിയാണ് ഗെയ്ൽ മടങ്ങിയത്.

Also Read: IPL 2019: കളിക്കളത്തില്‍ തിളങ്ങി, റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി; ധോണി ഇനി രോഹിത് ശര്‍മ്മക്കൊപ്പം

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നിക്കോളാസ് പൂറാൻ മായങ്ക് അഗർവാൾ സഖ്യം പഞ്ചാബിന്റെ രക്ഷാദൗത്യം ഏറ്റെടുത്തു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇരുവരും പഞ്ചാബ് ടീം സ്കോർ ചലിപ്പിച്ചു. അർധസെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന നിക്കോളാസ് പൂറാനെ പുറത്താക്കി നിതീഷ് റാണയാണ് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 27 പന്തുകൾ നേരിട്ട നിക്കോളാസ് പൂറാൻ നാല് സിക്സും മൂന്നും ഫോറും ഉൾപ്പടെ 48 റൺസാണ് അടിച്ചുകൂട്ടിയത്. നിക്കോളാസ് പൂറാനെ വീഴ്ത്തുന്നതിലും സന്ദീപ് വാര്യർ പങ്കാളിയായി. നിതീഷ് റാണയുടെ പന്ത് ഉയർത്തിയടിച്ച പൂറാനെ സന്ദീപ് വാര്യർ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

ടീം സ്കോറിൽ 20 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ പഞ്ചാബിന് നാലാം വിക്കറ്റും നഷ്ടമായി. മധ്യനിര കൃത്യമായ പ്രതിരോധം നടത്തിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടെയിരുന്നു. 17 പന്തിൽ 25 റൺസെടുത്ത മന്ദീപ് സിങ്ങിനെ എച്ച് ഗുർണിയും, അക്കൗണ്ട് തുറക്കാതെ കിങ്സ് ഇലവൻ പഞ്ചാബ് നായകൻ രവിചന്ദ്രൻ അശ്വിനെയും പുറത്താക്കിയെങ്കിലും ഇംഗ്ലീഷ് താരം സാം കറൻ അവസാന ഓവറുകളിൽ തകർത്തടിക്കുകയായിരുന്നു. അവസാന ഓവറിൽ മാത്രം 22 റൺസാണ് സാം കറൻ അടിച്ചൂകൂട്ടിയത്.

വെടിക്കെട്ട് ബാറ്റിങ്ങിൽ 24 പന്തുകൾ നേരിട്ട സാം കറൻ 55 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സാം കറന്റെ ഇന്നിങ്സ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി സന്ദീപ് വാര്യർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാരി ഗുർണി, ആന്ദ്രെ റസൽ, നിതീഷ് റാണ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. പിയൂഷ് ചൗളയും ഹാരി ഗുർണിയുമാണ് കൊൽക്കത്തൻ നിരയിൽ കൂടുതൽ റൺസ് വഴങ്ങിയ താരങ്ങൾ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് വിദേശ താരങ്ങൾ കരിയറിലെ നാഴികകല്ല് പിന്നിട്ട മത്സരംകൂടിയായി ഇന്ന് മാറി. ആന്ദ്രെ റസൽ കരിയറിലെ തന്റെ 300-ാം മത്സരം കളിക്കുമ്പോൾ, മറ്റൊരു വിൻഡീസ് താരം സുനിൽ നരെയ്ൻ കൊൽക്കത്തയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമായി മാറി. ഇതുവരെ 109 മത്സരങ്ങളാണ് നരെയ്ൻ കൊൽക്കത്തയ്ക്ക് വേണ്ടി കളിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook