IPL 2019, KXIP vs CSK :ഐപിഎല്ലിൽ പന്ത്രണ്ടാം പതിപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബും ചെന്നൈ സൂപ്പർ കിങ്സും നേർക്കുനേർ. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഒന്നുകൂടി അരക്കെട്ട് ഉറപ്പിക്കാനാണ് ചെന്നൈ ഇറങ്ങുന്നത്. പഞ്ചാബ് ആകട്ടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലും. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് നായകൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈയ്ക്കും ടൂർണമെന്റിൽ നിന്ന് പുറത്തായ കിങ്സ് ഇലവൻ പഞ്ചാബിനും ഇന്നത്തെ മത്സരം നിർണായകമല്ല. എന്നാൽ ഒന്നാം സ്ഥാനക്കാരായി നിലവിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള ചെന്നൈയ്ക്ക് അത് ഒന്നുകൂടെ അരക്കെട്ട് ഉറപ്പിക്കാം. അവസാന സ്ഥാനക്കാരായ കിങ്സ് ഇലവൻ പഞ്ചാബിന് ഇന്നത്തെ മത്സരം ജയിക്കാനായാൽ ബാംഗ്ലൂരിനെയും രാജസ്ഥാനെയും മറികടന്ന് ആറാം സ്ഥാനത്തെത്താൻ സാധിക്കും.

Also Read: IPL 2019, Point Table: ആവേശം അവസാന മത്സരത്തിലേക്ക്; പ്ലേ സാധ്യത ഹൈദരാബാദിനും കൊൽക്കത്തയ്ക്കും

അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാരുമായി ടൂർണമെന്റിൽ ഇതുവരെ ഇറങ്ങിയ പഞ്ചാബിന് മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും റൺസ് വഴങ്ങുന്ന ബോളിങ് നിരയാണ് തലവേദന. ഓപ്പണർമാരായ കെ.എൽ.രാഹുലും ക്രിസ് ഗെയ്‌ലുമാണ് ടീമിന്റെ ടോപ് സ്കോറർമാർ. മായങ്ക് അഗർവാളും മികച്ച പ്രകടനമാണ് ടൂർണമെന്റിൽ പുറത്തെടുത്തത്. ഇവരിൽ പ്രതീക്ഷവച്ചാകും പഞ്ചാബിന്റെ ബാറ്റിങ് ഓർഡർ.

നായകൻ അശ്വിൻ ഒഴിച്ച് മറ്റ് താരങ്ങൾക്കാർക്കും പഞ്ചാബ് ബോളിങ് നിരയിൽ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. റൺസ് വിട്ടുകൊടുക്കുന്നതിൽ താരങ്ങൾ തമ്മിൽ മത്സരിച്ചതോടെയാണ് പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചത്.

Also Read: IPL 2019: എന്തുകൊണ്ട് സഞ്ജുവിന് നേരെ ഇനിയും കണ്ണടയ്ക്കുന്നു?

മറുവശത്ത് ചെന്നൈ സൂപ്പർ കിങ്സ് ആകട്ടെ ഓൾറൗണ്ട് മികവിലാണ് ടൂർണമെന്റിൽ തിളങ്ങിയത്. വയസന്മാരുടെ പടയെന്ന പേരുമായി ഇത്തവണയും എത്തിയ ചെന്നൈ ആവേശകരമായ ജയങ്ങളാണ് ആരാധകർക്ക് സമ്മാനിച്ചത്. ബാറ്റിങ് ഓർഡറും ബോളിങ് നിരയും സ്ഥിരത പുലർത്തുന്നത് ചെന്നൈയ്ക്ക് തുണയാണ്. നായകൻ ധോണിയുടെ പരിചയസമ്പത്തും ചെന്നൈയ്ക്ക് ഗുണം ചെയ്യും.

ടൂർണമെന്റിൽ 142.63 പ്രഹരശേഷിയിൽ ബാറ്റ് വീശുന്ന ധോണിയുടെ ബാറ്റിങ്ങും മിന്നൽ വേഗത്തിൽ സ്റ്റംമ്പ് പറിക്കാനുള്ള കഴിവും പരിചയസമ്പത്തിനേക്കാളേറെ ചെന്നൈ വിലമതിക്കുന്നു.

ഒന്നാം സ്ഥാനക്കാരായ ചെന്നൈ കളിച്ച 13 മത്സരങ്ങളിൽ ഒമ്പതിലും ജയിച്ചു. +0.209 റൺറേറ്റുള്ള ചെന്നൈയുടെ പോയിന്റ് സമ്പാദ്യം 18 ആണ്. അവസാന സ്ഥാനക്കാരായ പഞ്ചാബ് കളിച്ച 13 മത്സരങ്ങളിൽ എട്ടിലും പരാജയപ്പെട്ടു. അഞ്ച് മത്സരങ്ങൾ ജയിച്ച പഞ്ചാബിന് 10 പോയിന്റാണുള്ളത്.

കിങ്സ് XI പഞ്ചാബ്

കെ.എൽ.രാഹുൽ, ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ, നിക്കോളാസ് പൂറാൻ, എം.സിങ്, സാം കറൻ, എച്ച്.ഭാർ, ആർ.അശ്വിൻ, ആൻഡ്രൂ ടൈ, മുരുഖൻ അശ്വിൻ, മുഹമ്മദ് ഷമി

ചെന്നൈ സൂപ്പർ കിങ്സ്

ഡു പ്ലെസിസ്, ഷെയ്ൻ വാട്സൺ, സുരേഷ് റെയ്ന, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, അമ്പാട്ടി റയ്ഡു, കേദാർ ജാദവ്, ഡ്വെയ്ൻ ബ്രാവോ, ദീപക് ചാഹർ, എച്ച് സിങ്, ഇമ്രാൻ താഹിർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook