IPL 2019, KKR vs RCB Live: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പത്ത് റൺസ് വിജയം. ബാംഗ്ലൂർ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനെ സാധിച്ചുള്ളു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബാറ്റിങ് വെടിക്കെട്ട് നടന്ന മത്സരത്തിൽ പിറന്നത് ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളുമായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നായകൻ വിരാട് കൊഹ്‌ലിയുടെയും ഓൾറൗണ്ടർ മൊയിൻ അലിയുടെയും ബാറ്റിങ് മികവിൽ 214 റൺസിന്റെ വിജയലക്ഷ്യമാണ് കൊൽക്കത്തയ്ക്ക് മുന്നിൽ ഉയർത്തിയിരിക്കുന്നത്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ബാംഗ്ലൂർ 213 റൺസെടുത്തത്.

പ്ലേ ഓഫ് സാധ്യത നിലനിർത്തുക എന്ന വലിയ ഉത്തരവാദിത്വത്തോടെ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് എന്നാൽ അത്ര മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. തുടക്കത്തിൽ സ്കോറിങ്ങ് വേഗത കുറഞ്ഞു എന്ന് മാത്രമല്ല, ടീം സ്കോർ 18ൽ ആയപ്പോഴെക്കും പാർത്ഥീവ് പട്ടേലിനെ നഷ്ടമാവുകയും ചെയ്തു. അക്ഷ്ദീപ് നാഥിനും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ വിരാട് കൊഹ്‌ലി കൃത്യതയോടെ ബാറ്റ് വീശി. കൂട്ടിന് മൊയിൻ അലി കൂടി എത്തിയതോടെ ബാംഗ്ലൂർ സ്കോർബോർഡ് അതിവേഗം ഉയർന്നു.

കൊൽക്കത്ത ബോളർമാരെല്ലാം ഇരുവരുടെയും ബാറ്റിന്റെ ചൂട് അറിഞ്ഞു. മിക്ക പന്തുകളും ബൗണ്ടറിക്കപ്പുറത്ത് തൊട്ടു. കുൽദീപ് യാദവ് എറിഞ്ഞ 16-ാം ഓവറിൽ മാത്രം മൊയിൻ അലി പറത്തിയത് മൂന്ന് സിക്സും രണ്ട് ഫോറുമായിരുന്നു. അതേ ഓവറിന്റെ അവസാന പന്തിൽ കുൽദീപ് മെയിൻ അലിയെ മടക്കിയെങ്കിലും ബാംഗ്ലൂർ ഭേദപ്പെട്ട സ്കോറിലെത്തിയിരുന്നു. 28 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും പായിച്ച് 66 റൺസാണ് മൊയിൻ അലി അടിച്ചുകൂട്ടിയത്.

മൊയിൻ അലി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ മാർക്കസ് സ്റ്റോയിനിസും തകർത്തടിച്ചതോടെ ടീം സ്കോർ 200 കടന്നു. നായകൻ കൊഹ്‌ലി സെഞ്ചുറിയും തികച്ചു. മാർക്കസ് സ്റ്റോയിനിസ് 8 പന്തിൽ 17 റൺസ് നേടിയപ്പോൾ 58 പന്തുകളിൽ നിന്നാണ് കൊഹ്‌ലി 100 റൺസ് നേടിയത്. ഒമ്പത് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്.

മറുപടി ബാറ്റിങ്ങിലും ബാംഗ്ലൂർ ആധിപത്യം തന്നെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ക്രിസ് ലിന്നിനെ മടക്കി ഡെയ്ൽ സ്റ്റെയിൻ വരവറിയിച്ചു. ടീം സ്കോർ 24ൽ എത്തിയപ്പോഴേക്കും സുനിൽ നരെയ്നെ നവ്ദീപും മടക്കി. ശുഭ്മാൻ ഗില്ലിനും റോബിൻ ഉത്തപ്പയ്ക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. രണ്ടക്കം കടക്കാതെ ഇരുവരും മടങ്ങിയതോടെ കൊൽക്കത്ത വൻതകർച്ചയിലേക്ക് എന്ന സൂചന നൽകി.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന നിതീഷ് റാണയും ആന്ദ്രെ റസലും ബാംഗ്ലൂർ താരങ്ങളെ മത്സരിച്ച് ബൗണ്ടറി കടത്തി. ഇരുവരും അതിവേഗം അർധസെഞ്ചുറി തികച്ചതിനൊപ്പം കൊൽക്കത്ത സ്കോർബോർഡും കുതിച്ചു. ജയത്തിന് അരികെ വരെ എത്തിക്കാൻ ഇരുവർക്കും സാധിച്ചു. 46 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സും പായിച്ച് നിതീഷ് റാണ 85 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ രണ്ട് ഫോറും ഒമ്പത് സിക്സും പായിച്ച് 65 റൺസെടുത്ത റസൽ അവസാന ഓവറിൽ റൺഔട്ടാവുകയായിരുന്നു.