കൊല്‍ക്കത്ത: ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടത്തിനും മുംബൈ ഇന്ത്യന്‍സിനെ രക്ഷിക്കാനായില്ല. കൊല്‍ക്കത്തയ്‌ക്കെതിരെ 34 റണ്‍സിന്റെ പരാജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 233 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 198 റണ്‍സിന് പുറത്താവുകയായിരുന്നു.

സെഞ്ചുറിയ്ക്ക് ഒമ്പത് റണ്‍സകലെ വീണു പോയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടത്തിന് എത്തിപ്പിടിക്കാനാകുന്നതായിരുന്നില്ല ഇന്ന് കൊല്‍ക്കത്ത ഉയര്‍ത്തിയ റണ്‍മല. പാണ്ഡ്യ 34 പന്തില്‍ 91 റണ്‍സ് നേടി.. ഇതില്‍ ഒമ്പത് സിക്‌സും ആറ് ഫോറുമുള്‍പ്പെടും. ഓപ്പണര്‍ ഡികോക്ക് സംപൂജ്യനായി മടങ്ങിയപ്പോള്‍ രോഹിത് ശര്‍മ്മ 12 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 26 റണ്‍സും ക്രുണാല്‍ പാണ്ഡ്യ 24 റണ്‍സും നേടി.

കൊല്‍ക്കത്തയ്ക്കായി സുനില്‍ നരേനും ഹാരി ഗര്‍നിയും ആന്ദ്ര റസലും രണ്ട് വിക്കറ്റ് വീതം നേടി. ഗില്ലും ലിന്നും റസലും നിറഞ്ഞാടിയതോടെയാണ് മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ നേടിയത്. വെടിക്കെട്ട് പ്രകടനം നടത്തിയ മൂന്ന് പേരും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ 20 ഓവറില്‍ കൊല്‍ക്കത്ത നേടിയത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സാണ്.

തുടക്കത്തില്‍ തന്നെ ക്രിസ് ലിന്നും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് ആധിപത്യം നേടി കൊടുത്തിരുന്നു. 45 പന്തുകളില്‍ നിന്നും ഗില്‍ 76 റണ്‍സാണ് അടിച്ചെടുത്തത്. ആറ് ഫോറും നാല് സിക്‌സുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. 29 ല്‍ 54 റണ്‍സെടുത്ത ലിന്‍ എട്ട് ഫോറും രണ്ട് സിക്‌സുമടിച്ചു.

പിന്നാലെ വന്ന ആന്ദ്ര റസല്‍ ഓപ്പണര്‍മാരില്‍ ബാറ്റണ്‍ വാങ്ങി അടി തുടരുകയായിരുന്നു. മുംബൈയുടെ പേരുകേട്ട ബോളര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും ലസിത് മലിങ്കയ്ക്കുമെല്ലാം റസലിന്റെ അടി കിട്ടി. 40 പന്തില്‍ 80 റണ്‍സാണ് റസല്‍ നേടിയത്. ഇതില്‍ 6 ഫോറും 8 സിക്‌സുമുള്‍പ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook