കൊല്‍ക്കത്ത: എപ്പോഴൊക്കെ ആന്ദ്ര റസല്‍ നേരത്തെ ഇറങ്ങുന്നുവോ അന്ന് എതിരാളികള്‍ക്ക് അത് മറക്കാനാവാത്ത വേദന സമ്മാനിക്കുന്നതാണ് ഈ സീസണില്‍ നാം കണ്ടത്. ഇന്നലെയും അതുണ്ടായി. ശുബ്മാന്‍ ഗില്ലും ക്രിസ് ലിന്നും ചേര്‍ന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി മികച്ചൊരു തുടക്കമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നല്‍കിയത്. ഇതോടെ റസലിന് വിളയാടാനുള്ള അടിത്തറ ഒരുങ്ങി. പക്ഷെ അപ്രതീക്ഷിതമായിട്ടായിരുന്നു റസലിനെ മൂന്നാമനായി കൊല്‍ക്കത്ത ഇറക്കിയത്.

റസലിനെ പുറത്താക്കാന്‍ സാധിച്ചാല്‍ കളി സ്വന്തമാക്കാമെന്ന് മുംബൈ ഇന്ത്യന്‍സിന് അറിയാമായിരുന്നു. എന്നാല്‍ മോശം ഫീല്‍ഡിങ് ടീമിന് വിനയായി. ഒരു റണ്‍ മാത്രമെടുത്ത് നില്‍ക്കെ റസലിനെ പുറത്താക്കാന്‍ ലഭിച്ച അവസരം രാഹുല്‍ ചാഹര്‍ നഷ്ടപ്പെടുത്തി. അതിന്റെ വില ചെറുതല്ലെന്ന് മുംബൈ പിന്നീട് തിരിച്ചറിഞ്ഞു. വന്നവരും പോയവരുമെല്ലാം റസലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. മലിംഗ എറിഞ്ഞ അവസാന ഓവറില്‍ മാത്രം 20 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. 40 പന്തുകളില്‍ 80 റണ്‍സുമായാണ് റസല്‍ കളി അവസാനിപ്പിച്ചത്.

മുംബൈയുടെ മറുപടി ബാറ്റിങ് ആരംഭിക്കുമ്പോള്‍ പ്രതീക്ഷയുടെ ഭാരം രോഹിത് ശര്‍മ്മ എന്ന നായകന്റെ തോളിലായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ രോഹിത് പുറത്തായി. പിന്നാലെ വന്നവരെല്ലാം നായകന്റെ പാത പിന്തുടര്‍ന്ന് പുറകെ പുറകെ കൂടാരം കയറി. ഈ സമയമത്രയും മറുവശത്ത് ഒരാള്‍ മാത്രം യാതൊരു കൂസലുമില്ലാതെ നില്‍ക്കുന്നുണ്ടായിരുന്നു. റസലിന്റെ മസിലിന് അതേ നാണയത്തില്‍ മറുപടി പറഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ.

ആറ് ഫോറും ഗ്യാലറിയെ ഇളക്കി മറിച്ച ഒമ്പത് സിക്‌സുമടക്കം 34 പന്തില്‍ 91 റണ്‍സുമായി കൊല്‍ക്കത്തയുടെ ഉറക്കം നഷ്ടപ്പെടുത്തുകയായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ. റസലിന്റെ വെടിക്കെട്ടിനെ പോലും വിസ്മരിപ്പിക്കുന്നതായിരുന്നു ഹാര്‍ദ്ദിക്കിന്റെ ബാറ്റിങ്. 91 ല്‍ പുറത്തായി ഡഗ്ഗ് ഔട്ടിലേക്ക് മടങ്ങുന്നതിനിടെ ഹാര്‍ദ്ദിക്കിന് അരികിലേക്ക് ഓടിയെത്തി റസല്‍ അഭിനന്ദിച്ച രംഗം ആ ഇന്നിങ്‌സിന്റെ ഇംപാക്ട് വ്യക്തമാക്കുന്നതായിരുന്നു.

പക്ഷെ ഹാര്‍ദ്ദിക്കിന്റെ വെടിക്കെട്ടിനും മനക്കരുത്തിനും എത്തിപ്പിടിക്കാന്‍ കഴിയുന്നതായിരുന്നില്ല കൊല്‍ക്കത്ത ഉയര്‍ത്തിയ 233 എന്ന റണ്‍മല. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ഇന്നലെ കൊല്‍ക്കത്ത വീണത്. 34 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്. പക്ഷെ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അഭിമാനിക്കാം, തെല്ലൊന്ന് അഹങ്കരിക്കുകയുമാവാം. ലോകകപ്പാണ് മുന്നിലുള്ളത്. ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനുള്ള വകയാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook