IPL 2019, KKR vs CSK Live:ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് ഏഴാം ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. കൊൽക്കത്ത ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ സുരേഷ് റെയ്നയും നാല് വിക്കറ്റ് വീഴ്ത്തിയ ഇമ്രാൻ താഹിറുമാണ് ചെന്നൈയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 162 റൺസിന്റെ വിജയലക്ഷ്യമാണ് ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ ഉയർത്തിയത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 161 റൺസെന്ന സ്കോറിലെത്തിയത്. ക്രിസ് ലിന്നിന്റെ അർധസെഞ്ചുറി പ്രകടനമാണ് കൊൽക്കത്തൻ ഇന്നിങ്സിൽ നിർണായകമായി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഇത്തവണയും വെടിക്കെട്ട് കൂട്ടുകെട്ടായ നരെയ്ൻ – ലിൺ സഖ്യത്തെയാണ് ഇറക്കിയത്. എന്നാൽ സുനിൽ നരെയ്ന് തിളങ്ങാനായില്ല. രണ്ട് റൺസെടുത്ത നരെയ്നെ സാന്റ്നർ മടക്കി. പിന്നാലെ എത്തിയ നിതീഷ് റാണ ഭേദപ്പെട്ട സ്കോർ സംഭവന ചെയ്തിട്ടാണ് മടങ്ങിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി റോബിൻ ഉത്തപ്പ ഗോൾഡൻ ഡക്കായി. ഇതോടെ മൂന്ന് വിക്കറ്റിന് 80 റൺസെന്ന നിലയിലേക്ക് കൊൽക്കത്ത വീണു.

നായകൻ ദിനേശ് വിക്കറ്റ് കാവൽക്കാരന്റെ ദൗത്യം ഏറ്റെടുത്തതോടെ ലിൺ വീണ്ടും തകർത്തടിച്ചു. 36 പന്തിൽ അർധസെഞ്ചുറി തികച്ച ലിൺ കൊൽക്കത്ത സ്കോർബോർഡ് ഉയർത്തി. എന്നാൽ 82 റൺസിൽ ക്രിസ് ലിന്നും വീണു. 51 പന്തിൽ ഏഴ് ഫോറും ആറ് സിക്സും ഉൾപ്പടെ പായിച്ച് 82 റൺസ് നേടിയ ശേഷമാണ് ക്രിസ് ലിൺ കളം വിട്ടത്. ആദ്യ രണ്ട് പന്തുകൾ തന്നെ ബൗണ്ടറി കടത്തിയ ആന്ദ്രെ റസൽ വെടിക്കെട്ടിന്റെ സൂചന നൽകിയെങ്കിലും നാലാം പന്തിൽ റസലും വീണു. ഒന്ന് പൊരുതി നിന്ന ശേഷമാണ് നായകൻ ദിനേശ് കാർത്തിക് ക്രീസ് വിട്ടത്.

ഒടുവിൽ ശുഭ്മാൻ ഗില്ലും പിയൂഷ് ചൗളയും ചേർന്ന് സ്കോറിങ്ങ് മുമ്പോട്ട് കൊണ്ടു പോവുകയായിരുന്നു. അവസാന ഓവറിൽ ഗില്ലും മടങ്ങിയതോടെ കൊൽക്കത്ത ഇന്നിങ്സ് 168 റൺസിന് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ചെന്നൈയുടെ ഇമ്രാൻ താഹിർ നടത്തിയ പ്രകടനമാണ് കൂറ്റൻ സ്കോറിൽ നിന്ന് കൊൽക്കത്തയെ തടുത്തത്. ഷാർദുൽ ഠാക്കൂർ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്കും ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ടീം സ്കോർ 29ൽ നിൽക്കെ വാട്സൺ പുറത്തായി. പിന്നാലെ ഡ്യുപ്ലെസിസും മടങ്ങി. കൃത്യമായ ഇടവേളകളിൽ കൊൽക്കത്ത താരങ്ങൾ വിക്കറ്റ് വീഴ്ത്തിയതോടെ ചെന്നൈ ഒന്ന് പതറി. 81 റൺസിൽ ചെന്നൈയ്ക്ക് നാല് മുൻ നിര വിക്കറ്റുകൾ നഷ്ടമായിരുന്നു. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മൂന്നാമനായി ഇറങ്ങിയ സുരേഷ് റെയ്ന ക്രീസിൽ തുടർന്നു. അർധസെഞ്ചുറി നേടുകയും ചെയ്തു. ലക്ഷ്യം പൂർത്തികരിക്കാതെ നായകൻ ധോണിയും മടങ്ങി. എന്നാൽ ജഡേജയെ കൂട്ടുപിടിച്ച് റെയ്ന വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 58 റൺസായിരുന്നു റെയ്നയുടെ സമ്പാദ്യം.