ടീമിലെ തെറ്റായ തീരുമാനങ്ങളാണ് പരാജയത്തിലേക്ക് നയിക്കുന്നതെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രെ റസൽ. തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത കൊൽക്കത്ത കഴിഞ്ഞ ആറ് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെതിരെ സൂപ്പർ താരം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

“മികച്ച ടീമാണ് കൊൽക്കത്ത, എന്നാൽ തെറ്റായ തീരുമാനങ്ങൾ ടീമിനെ തോൽവിയിലേക്ക് തന്നെ തള്ളിവിടും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. റൺസ് വിട്ടുനൽകാതെ പന്തെറിയേണ്ടടുത്ത് ശരിയായ ബോളറെ വേണം കൊണ്ടുവരാൻ. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞങ്ങൾക്ക് ജയിക്കാൻ സാധിക്കുമായിരുന്നു,” ആന്ദ്രെ റസൽ പറഞ്ഞു.

കൊൽക്കത്തയുടെ ഇതുവരെയുള്ള ജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ് റസൽ. പത്ത് ഇന്നിങ്സുകളിൽ നിന്നായി 406 റൺസാണ് ഇതുവരെയുള്ള റസലിന്റെ സമ്പാദ്യം. എട്ട് വിക്കറ്റും ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു താരം.

രാജസ്ഥാൻ റോയൽസിനെതിരെ 170 റൺസ് പ്രതിരോധിക്കാൻ സാധിക്കാത്ത ടീം മുംബൈ പോലുള്ള ടീമുകളെ നേരിടുമ്പോൾ അത്ഭുതം കാണിക്കേണ്ടി വരുമെന്നും റസൽ. ബാറ്റിങ് മെച്ചപ്പെടണമെന്നാണ് പറയുന്നത്. എന്നാൽ ബാറ്റിങ്ങിൽ ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ബോളിങ്ങാണ് പ്രശ്നമെന്നും റസൽ കൂട്ടുച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook