ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർത്തടിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ് സഖ്യം. സീസണിന്റെ തുടക്കം മുതൽ മികച്ച ഫോമിൽ തുടരുന്ന ഡേവിഡ് വാർണറും, ജോണി ബെയർസ്റ്റോവും ഇന്ന് ബാംഗ്ലൂരിനെതിരെ സെഞ്ചുറിയും തികച്ചു. ഇരുവരുടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ തിരുത്തപ്പെട്ടത് ഒരുപിടി റെക്കോർഡുകൾ കൂടിയാണ്.

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഒന്നാം ഇന്നിങ്സ് കൂട്ടുകെട്ടാണ് ബാംഗ്ലൂരിനെതിരെ വാർണറും ബെയർസ്റ്റോവും ചേർന്ന് സൃഷ്ടിച്ചത്. 185 റൺസാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്. 184 റൺസെന്ന ഗൗതം ഗംഭീറിന്റെയും ക്രിസ് ലിന്നിന്റെയും റെക്കോർഡാണ് വാർണറും ബെയർസ്റ്റോവും തിരുത്തിയെഴുതിയത്.

നേരത്തെ പറഞ്ഞതുപോലെ മികച്ച ഫോമിലാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ് കൂട്ടുകെട്ട്. ഇതുവരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത സഖ്യമാണ് ഇവരുടേത്. ഐപിഎൽ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു സഖ്യം തുടർച്ചയായി മൂന്ന് തവണ സെഞ്ചുറി കൂട്ടുകെട്ട് തികയ്ക്കുന്നത്. കൊൽക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിൽ 118ഉം, രാജസ്ഥാനെതിരെ 110 ഉം ബാംഗ്ലൂരിനെതിരെ 185 റൺസുമാണ് ഇരുവരും അടിച്ചുകൂട്ടിയത്.

ഐപിഎല്ലിൽ ഇത് ആദ്യമായല്ല ഒരു ഇന്നിങ്സിൽ തന്നെ രണ്ട് സെഞ്ചുറികൾ പിറക്കുന്നത്. ഇതിന് മുമ്പ് ഒരു തവണ ഇത്തരത്തിൽ ഒരു ഇന്നിങ്സിൽ രണ്ട് താരങ്ങൾ സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ നോക്കിയാൽ ഇത് നാലാം തവണ മാത്രമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. 2016 സീസണിൽ വിരാട് കോഹ്‌ലിയും എബി ഡി വില്ല്യേഴ്സും ഗുജറാത്ത് ലയൺസിനെതിരെ സെഞ്ചുറി തികച്ചിരുന്നു.

അവിടെ കൊണ്ടും തീരുന്നില്ല, വ്യക്തിഗത തലത്തിലും ഡേവിഡ് വാർണറുടെയും ജോണി ബെയർസ്റ്റോവിന്റെയും ദിനമായിരുന്നു ഇന്ന്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഇത്തവണ അത് സെഞ്ചുറിയാക്കി മാറ്റി. ജോണി ബെയർസ്റ്റോവാകട്ടെ ഐപിഎല്ലിൽ ഏറ്റവും കുറവ് ഇന്നിങ്സുകളിൽ നിന്ന് സെഞ്ചുറി കണ്ടെത്തുന്ന രണ്ടാമത്തെ താരവുമായി. ആദ്യ ഇന്നിങ്സിൽ തന്നെ സെഞ്ചുറി നേടിയ ബ്രെണ്ടൻ മക്കല്ലത്തിന്റെയും മൈക്ക് ഹസിയ്ക്ക് പിന്നാലെ മൂന്ന് ഇന്നിങ്സ് മാത്രം കൊണ്ടാണ് ബെയർസ്റ്റോവ് സെഞ്ചുറി തികച്ചത്.

ഓപ്പണിങ്ങിൽ ഇരുവരും ബാംഗ്ലൂർ താരങ്ങളെ നിരന്തരം ബൗണ്ടറി പായിച്ചു. 56 പന്തിൽ നിന്നുമാണ് ജോണി ബെയർസ്റ്റോവ് 114 റൺസ് നേടിയത്. ഇതിൽ ഏഴ് സിക്സും 12 ഫോറും ഉൾപ്പെടുന്നു. ഡേവിഡ് വാർണറാകട്ടെ അഞ്ച് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെയാണ് 100 റൺസിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook